സമകാലിക മലയാളം ഡെസ്ക്
ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന കാഴ്ചകളിലൊന്നാണ് നിറപ്പകിട്ടാർന്ന പൂക്കളം. എന്നാൽ ആ പൂക്കളത്തിന് പിന്നിൽ മറ്റൊരു വലിയ ലോകമുണ്ട്. പൂക്കൾ വിൽക്കുന്ന മനുഷ്യർ, തിരക്കേറിയ പൂമാർക്കറ്റുകൾ, പൂക്കൾ ശേഖരിക്കുന്ന കൈകൾ... ഈ കാഴ്ചകളെയാണ് പൂർണിമ ഇന്ദ്രജിത്തിന്റെ ഫാഷൻ ബ്രാൻഡായ പ്രാണ (Pranaah) 2026ലെ ഓണം കളക്ഷന്റെ പ്രമേയമാക്കുന്നത്.
2026ലെ പ്രാണയുടെ ഓണം കളക്ഷന്റെ ആശയം പൂക്കളത്തിൽ മാത്രം ഒതുങ്ങുന്നില്ല. പൂക്കളം ഒരുക്കാൻ ആവശ്യമായ പൂക്കൾ എവിടെ നിന്നാണ് വരുന്നത്? അവ വിൽക്കുന്നത് ആരാണ്? പുലർച്ചെ മുതൽ പൂമാർക്കറ്റുകളിൽ അധ്വാനിക്കുന്നവരുടെ ജീവിതം എങ്ങനെയാണ്? ഇത്തരം ചോദ്യങ്ങളിലൂടെയാണ് കളക്ഷൻ രൂപപ്പെട്ടത്. പൂർണിമ ഇന്ദ്രജിത്തിന്റെ ആശയത്തിൽ, ഓണത്തിന്റെ ആഘോഷത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ‘കൈകൾക്ക്’ ആദരമർപ്പിക്കുകയാണ് ഈ കളക്ഷൻ.
ഈ ആശയം കൂടുതൽ അടുത്തറിയാൻ പൂർണിമയും സംഘവും കോയമ്പത്തൂരിലെ പൂമാർക്കറ്റുകളിലേക്കാണ് ശ്രദ്ധ തിരിച്ചത്. പൂക്കളുടെ കൂമ്പാരങ്ങളും അവിടുത്തെ തിരക്കും നിറങ്ങളും പൂക്കൾ വിൽക്കുന്നവരും ചേർന്ന കാഴ്ചയാണ് പിന്നീട് വസ്ത്രങ്ങളുടെ ഡിസൈനിലേക്ക് മാറിയത്.
അരളി, ജമന്തി തുടങ്ങി പൂമാർക്കറ്റുകളിൽ കാണുന്ന പൂക്കളുടെ ദളങ്ങളും നിറങ്ങളും ത്രെഡ് വർക്ക്, പ്രിന്റ്, കൈത്തറി തുടങ്ങിയ രീതികളിലൂടെ വസ്ത്രങ്ങളിൽ പുനഃസൃഷ്ടിച്ചു. അതുകൊണ്ടുതന്നെ ഇത് സാധാരണ ‘ഫ്ലോറൽ’ ഓണം കളക്ഷനല്ല. ഒരു പൂവിന്റെ സൗന്ദര്യത്തേക്കാൾ പൂവിന്റെ യാത്രയും അതിന് പിന്നിലെ മനുഷ്യാധ്വാനവുമാണ് കളക്ഷൻ അന്വേഷിക്കുന്നത്.
കളക്ഷനിലെ ശ്രദ്ധേയമായ ഡിസൈനാണ് ‘പൂഞ്ചോലൈ’ (Pooncholai). കേരള കോട്ടൺ സാരിയിൽ പൂമാർക്കറ്റിന്റെ ചലനാത്മകതയും നിറപ്പകിട്ടും വിശദമായ ത്രെഡ് വർക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നു.പല്ലുവിലും മുൻഭാഗത്തും പ്ലീറ്റുകളിലും പൂമാർക്കറ്റിന്റെ ഊർജം പകർത്തിയിരിക്കുന്നതാണ് സാരിയുടെ പ്രത്യേകത. വില ഏകദേശം 12,500 രൂപ മുതൽ 15,500 രൂപ വരെയാണ്.
കളക്ഷനിലെ മറ്റൊരു ശ്രദ്ധേയമായ വസ്ത്രമാണ് ‘പൂങ്കൊടി’ (Poonkodi). നിറമുള്ള പൂക്കൾ വിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് ഈ കുർത്തയിലെ പ്രധാന പ്രമേയം. കൈത്തറിയും സോഫ്റ്റ് കോട്ടണും ഉപയോഗിച്ചാണ് കുർത്ത, സ്ലിപ്പ്, പാന്റ് എന്നിവ ഒരുക്കിയിരിക്കുന്നത്. വില ഏകദേശം 4,500 രൂപ മുതൽ 6,965 രൂപ വരെയാണ്.
പരമ്പരാഗത കൈത്തറിയിൽ മാത്രം ഒതുങ്ങാതെയാണ് പ്രാണ ഈ വർഷം കളക്ഷൻ ഒരുക്കിയത്. 'പൂവസന്തം' (Poovasantham) എന്ന ശ്രേണിയിൽ ഓർഗൻസ പോലുള്ള കനം കുറഞ്ഞ, ഒഴുകിയിറങ്ങുന്ന തുണിയിലും പുഷ്പമോട്ടിഫുകൾ അവതരിപ്പിക്കുന്നു. ഓണാഘോഷത്തിന് മാത്രമായി ഒതുങ്ങാതെ മറ്റ് അവസരങ്ങളിലും ധരിക്കാവുന്ന രീതിയിലാണ് ഈ ശ്രേണിയെ പൂർണിമ വിഭാവനം ചെയ്തിരിക്കുന്നത്.
കളക്ഷൻ സ്ത്രീകളുടെ സാരികളിലും കുർത്തകളിലും മാത്രം ഒതുങ്ങുന്നില്ല.‘ഫ്ലവർ മാർക്കറ്റ്' (Flower Market) എന്ന പേരിലുള്ള ലിനൻ-കോട്ടൺ ഷർട്ടിലും പൂമാർക്കറ്റിന്റെ കാഴ്ചകൾ പ്രിന്റ് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates