സമകാലിക മലയാളം ഡെസ്ക്
ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും റെയിൽവേ സംവിധാനത്തെ ആശ്രയിച്ചാണ് മുഖ്യമായും ഗതാഗതം നടത്തുന്നത്.
വ്യവസായ വളർച്ചക്കും ജനങ്ങളുടെ ദൈനംദിന യാത്രകൾക്കും ചരക്കു നീക്കത്തിനും ട്രെയിനുകൾ പ്രധാന പങ്ക് വഹിക്കുന്നു.
എന്നാൽ അതിശയകരമായ കാര്യം എന്തെന്നാൽ, ഇന്നും ചില രാജ്യങ്ങളിൽ ഒരു കിലോമീറ്റർ പോലും റെയിൽപാതകളില്ല എന്നതാണ്.
ട്രെയിനില്ലാത്ത ചില ലോകരാജ്യങ്ങളെ പരിചയപ്പെടാം. ഇവിടങ്ങളിൽ റെയിൽവേ ഇല്ലാത്തതിന്റെ കാരണവും അറിയാം.
ഒമാൻ
ഗൾഫ് രാജ്യങ്ങളിൽ പാരമ്പര്യമായി റോഡുകൾക്കാണ് പ്രാധാന്യം. നിലവിൽ ഒമാനിൽ ട്രെയിനുകളില്ലെങ്കിലും, യുഎഇയുമായി ബന്ധിപ്പിക്കുന്ന അതിവേഗ 'ഹഫീത് റെയിൽ' പദ്ധതിയിലൂടെ മണലാരണ്യത്തിലൂടെ ഉടൻ ട്രെയിനുകൾ ചീറിപ്പായും.
ഐസ്‌ലൻഡ്
യൂറോപ്പിലെ ഒരു മനോഹര ദ്വീപ് രാഷ്ട്രമാണ് ഐസ്‌ലൻഡ്. ഇവിടെ റെയിൽവേ ട്രാക്കുകളില്ല. സജീവമായ അഗ്നിപർവ്വതങ്ങളും ചലിച്ചുകൊണ്ടിരിക്കുന്ന മഞ്ഞുപർവ്വതങ്ങളും നിറഞ്ഞ കഠിനമായ ഭൂപ്രകൃതിയാണ് ഇതിന് കാരണം. വിമാനങ്ങളും റോഡുകളുമാണ് ഇവിടുത്തെ ലൈഫ് ലൈൻ.
കുവൈത്ത്
കുവൈത്തില്‍ നിലവിൽ റെയിൽവേ ഇല്ല. ഗതാഗത സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് മെട്രോയും ജിസിസി റെയിൽവേയും ഉടൻ വരാനിരിക്കുകയാണ്.
ബഹ്‌റൈൻ
വളരെ കുറഞ്ഞ വിസ്തൃതിയുള്ള രാജ്യമായതിനാൽ ബഹ്‌റൈനിൽ റെയിൽവേ അനിവാര്യമായിരുന്നില്ല. എന്നാൽ നഗരങ്ങളിലെ തിരക്ക് കുറയ്ക്കാനായി അത്യാധുനിക മെട്രോ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.
മാലദ്വീപ്
കടലിനാൽ ചുറ്റപ്പെട്ട കൊച്ചു ദ്വീപുകളുടെ കൂട്ടമായ മാലദ്വീപിൽ ട്രെയിനുകൾ അപ്രായോഗികമാണ്. ഇവിടെ റോഡുകളെക്കാൾ കൂടുതൽ ബോട്ടുകളും സീപ്ലെയ്നുകളുമാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്.
ഭൂട്ടാൻ
മലനിരകൾ നിറഞ്ഞ ഭൂട്ടാനിൽ റെയിൽവേ നിർമ്മാണം എന്നും ഒരു വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ അയൽരാജ്യമായ ഇന്ത്യയുമായി ചേർന്ന് അസമിൽ നിന്ന് ഭൂട്ടാനിലേക്ക് പുതിയ റെയിൽവേ ലൈനുകൾ യാഥാർത്ഥ്യമാക്കാനുള്ള പണികൾ ദ്രുതഗതിയിൽ നടക്കുന്നു
അൻഡോറ
യൂറോപ്പിലെ മലനിരകൾക്കിടയിലുള്ള ഈ കൊച്ചു രാജ്യത്ത് പാളങ്ങൾ പണിയുക പ്രായോഗികമല്ല. അതിനാൽ അതിർത്തി രാജ്യമായ ഫ്രാൻസിലെ റെയിൽവേ സ്റ്റേഷനെയാണ് ഇവിടുത്തുകാർ ദീർഘദൂര യാത്രകൾക്കായി ഉപയോഗിക്കുന്നത്.
ഗിനിയ-ബിസാവു
പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവു ഇതുവരെ ഒരു റെയിൽവേയില്ല. റോഡുകളെ ആശ്രയിച്ചാണ് ഇവിടെ ഗതാഗതം. 1998-ൽ, ഒരു റെയിൽവേ സംവിധാനം സ്ഥാപിക്കുന്നതിനായി പോർച്ചുഗലുമായി ഒരു കരാർ ഒപ്പുവച്ചെങ്കിലും ഇതവരെ അത് യാഥാർത്ഥ്യമായിട്ടില്ല.
യെമൻ
ട്രെയിൻ ഇല്ലാത്ത മറ്റൊരു രാജ്യമാണ് യെമൻ. പ്രധാനമായും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും നീണ്ടുനിൽക്കുന്ന സംഘർഷങ്ങളും മാണ് ദീർഘദൂര ട്രെയിൻ ഗതാഗത്തിനുള്ള തടസ്സം.ഇവിടെ ഗതാഗതം പ്രധാനമായും റോഡ് മാർഗവും ദീർഘദൂര യാത്രകൾക്ക് പലപ്പോഴും വിമാന യാത്രയുമാണ് ഇവടത്തുകാർ ആശ്രയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates