സമകാലിക മലയാളം ഡെസ്ക്
ചിലർക്ക് ഒരു ദിവസം തുടങ്ങണമെങ്കിൽ തന്നെ ചായ കുടിക്കാതെ സാധിക്കില്ല.
എന്നാൽ ചിലർക്കെങ്കിലും ചായ കുടിച്ച ശേഷം ചില അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്.
നെഞ്ചെരിച്ചിലും ഗ്യാസും അസിഡിറ്റിയും തുടങ്ങി വയറിന് അസഹനീയമായ മാറ്റങ്ങൾ ഉണ്ടായേക്കാം.
ചായ ഉണ്ടാക്കുന്ന രീതിയിലും കുടിക്കുന്ന രീതിയിലും വരുത്തുന്ന ചില തെറ്റുകളാണ് ഇത്തരം അസ്വസ്ഥകൾ ഉണ്ടാക്കുന്നത്.
ചായ കുടിക്കുമ്പോഴും ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
മിക്കവരും രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ നേരിട്ട് ചായ കുടിക്കുന്നതാണ് പതിവ്. ഇതാണ് വയറിനുള്ളിലെ ആസിഡ് നില കുത്തനെ വർദ്ധിപ്പിക്കുന്നത്. ചായയിലെ ടാനിനുകൾ ദഹനരസങ്ങളുമായി കലരുന്നത് വയറിൽ അസ്വസ്ഥതയുണ്ടാക്കാൻ കാരണമാകുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ചായ കടുപ്പമുള്ളതാക്കാൻ പലരും ഒരുപാട് നേരം തിളപ്പിക്കുന്നത് സാധാരണമാണ്. ചായപ്പൊടി ഇട്ട് വെള്ളം ഒരുപാട് നേരം തിളപ്പിക്കുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
അമിതമായി തിളപ്പിക്കുമ്പോൾ കഫീൻ്റെയും ടാനിൻ്റെയും അളവ് കൂടുകയും ചായയ്ക്ക് അമിതമായ കയ്പ്പ് വരികയും ഇത് വെറും വയറ്റിൽ കുടിക്കുമ്പോൾ ആസിഡിറ്റിക്ക് കാരണമാകുകയും ചെയ്യുന്നു. ചായ തയ്യാറാക്കുമ്പോൾ വെള്ളം തിളച്ച ശേഷം ചായപ്പൊടിയിട്ട് 2-3 മിനിറ്റ് മാത്രം തിളപ്പിക്കുക.
ഭക്ഷണം കഴിച്ച് ഉടനെ ചായ കുടിക്കുന്നത് ശരീരത്തിൽ അയണിൻ്റെ ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ദഹനത്തെ സാവധാനത്തിലാക്കുകയും ഗ്യാസിൻ്റെ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 45 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷം മാത്രമെ ചായ കുടിക്കാവൂ.
ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണ് നമ്മൽ. എന്നാൽ ഈ ശീലം നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് ചായയുടെ രാസഘടന മാറ്റുകയും വയറ്റിൽ അണുബാധയ്ക്കും അസിഡിറ്റിക്കും കാരണമാകുകയും ചെയ്യും
പാലിലെ അമിതമായ കൊഴുപ്പും പഞ്ചസാരയുടെ ഉപയോഗവും പലരിലും ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ പാൽ ചായ കുടിക്കുമ്പോൾ. ഇത് അസിഡിറ്റിയെ മാത്രമല്ല, നിങ്ങളുടെ ഉറക്കത്തെയും ദഹനത്തെയും ഒരുപോലെ ബാധിക്കും.
അല്പം ഇഞ്ചിയോ ഏലക്കയോ ചേർത്ത് ചായ കുടിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത് ദഹനത്തെ സുഖമാക്കാൻ സഹായിക്കുന്നു. കഴിയുന്നതും കട്ടൻ ചായയോ ഹെർബൽ ചായയോ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉചിതം.
രാവിലെ ചായയ്ക്ക് പകരമായി കുടിക്കാവുന്ന, ആരോഗ്യത്തിന് ഗുണകരമായ നിരവധി പാനീയങ്ങൾ നമുക്ക് മുന്നിലുണ്ട്. ചായയിലെ കഫീൻ ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും നാരങ്ങാവെള്ളവും തേനും, ജീരകവെള്ളം, ഇഞ്ചി വെള്ളം, ഉലുവ വെള്ളം, നെല്ലിക്ക ജ്യൂസ് തുടങ്ങി എന്തും നിങ്ങൾക്ക് കുടിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates