അഞ്ജു സി വിനോദ്
കുട്ടികളുടെ കഥയിലെ ഹീറോയും ഹീറോയിനും എപ്പോഴും അവരുടെ മാതാപിതാക്കള്‍ അല്ലെങ്കില്‍ വീട്ടിലെ മുതിര്‍ന്നവര്‍ ആയിരിക്കും. വീട്ടിലെ മുതിര്‍ന്നവരെ നിരന്തരം നീരിക്ഷിക്കുകയും അവരില്‍ നിന്ന് ചില ശീലങ്ങള്‍ അനുകരിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.
സ്‌ട്രെസ്
സമ്മര്‍ദ സാഹചര്യങ്ങളില്‍ നിങ്ങള്‍ പൊട്ടിത്തെറിക്കാറുണ്ടോ? കുട്ടികളുടെ മുന്നില്‍ വെച്ച് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. കാരണം നിങ്ങളുടെ പ്രതികരണം കുട്ടികള്‍ നിരീക്ഷിക്കുകയും അത് അനുകരിക്കുകയും ചെയ്യും.
മറ്റുള്ളവരോടുള്ള പെരുമാറ്റം
നിങ്ങള്‍ വീട്ടില്‍ സംസാരിക്കുന്ന രീതി മുതല്‍ മറ്റുള്ളവരെ കുറിച്ചും മറ്റുള്ളവരോട് പെരുമാറുന്ന രീതി വരെ കുട്ടികള്‍ നിരീക്ഷിക്കും. അത് അവരുടെ സ്വഭാവ രൂപീകരിണത്തിലും നിര്‍ണായകമാകും.
പണം ചെലവാക്കുന്ന രീതി
നിങ്ങള്‍ പണം ചെലവാക്കുന്ന രീതി കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഉത്തരവാദിത്വത്തോടെയും നന്ദിയോടെയും പണം കൈകാര്യം ചെയ്യുന്ന രീതി കുട്ടികളെ സ്വാധീനിക്കും.
ക്ഷമ
തെറ്റുകള്‍ ചെയ്യുമ്പോള്‍ ക്ഷമ ചോദിക്കാതെ കുറ്റം മറ്റുള്ളവരിലേക്ക് ചുമത്തുന്ന രീതി കുട്ടികളില്‍ തെറ്റുകള്‍ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്ന തോന്നല്‍ ഉണ്ടാക്കും. ഇത് കുറ്റങ്ങള്‍ ഏറ്റെടുക്കാതെ മറ്റുള്ളവരുടെ ചുമലില്‍ വയ്ക്കുന്നത് ശീലിക്കാന്‍ കാരണമാകും.
ജോലിയിലെ ചിട്ട
നിങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ തൊഴിലിനെ സമീപിക്കുന്നതെന്ന് കുട്ടികള്‍ നിരീക്ഷിക്കും. അത് അവരെ ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിപ്പിക്കും.
ആത്മാഭിമാനം
നിങ്ങള്‍ ആത്മാഭിമാനം ഇല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും മറ്റുള്ളവരെ അനുസരിച്ചു കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന രീതി കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിക്കും. ആത്മാഭിമാനത്തിന് വിലയില്ലെന്ന് ബോധ്യമാണ് അവര്‍ക്ക് ഉണ്ടാവുക.
ഡിജിറ്റല്‍ ഉപകരണങ്ങള്‍
നിങ്ങളുടെ കണ്ണുകള്‍ സദാസമയവും ഡിജിറ്റല്‍ ഉപകരണത്തില്‍ മുഴുകിയിരിക്കുകയാണെങ്കില്‍ അത് കുട്ടികളുടെ അനുകരിക്കാന്‍ തുടങ്ങും. കുട്ടികളുമായി മികച്ച ആത്മബന്ധം ഉണ്ടാക്കാന്‍ അവരുടെ ആശയവിനിമയം നടത്തണം.