സമകാലിക മലയാളം ഡെസ്ക്
ജോലി തിരക്കുകളും സമയക്കുറവും കാരണം പലരും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള ചപ്പാത്തി മാവ് ഒരുമിച്ച് കുഴച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കാറുണ്ട്.
എന്നാൽ പിറ്റേന്ന് എടുത്തുനോക്കുമ്പോൾ മാവിന്റെ നിറം കറുപ്പോ ചാരനിറമോ ആയി മാറിയതായി കാണാം. ചിലപ്പോൾ മാവ് ഉണങ്ങുകയോ പുളിച്ച മണം വരികയോ ചെയ്യാം.
ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ ഒഴിവാക്കാം.
എയർടൈറ്റ് പാത്രം ഉപയോഗിക്കുക
മാവ് നേരിട്ട് ഒരു തുറന്ന പാത്രത്തിൽ വയ്ക്കരുത്. എയർടൈറ്റ് കണ്ടെയ്‌നറിലോ നല്ല നിലവാരമുള്ള ഫുഡ് ഗ്രേഡ് ബോക്‌സിലോ സൂക്ഷിക്കുന്നതാണ് നല്ലത്. വായു അകത്തുകയറാതിരിക്കാൻ ശ്രദ്ധിക്കണം.
പ്ലാസ്റ്റിക് റാപ്പ് അല്ലെങ്കിൽ മൂടി ഉപയോഗിക്കുക
കണ്ടെയ്‌നറിലേക്ക് മാറ്റുന്നതിന് മുമ്പ് മാവിന്റെ മുകളിൽ പ്ലാസ്റ്റിക് റാപ്പ് അല്ലെങ്കിൽ ബട്ടർ പേപ്പർ അമർത്തി പൊതിഞ്ഞാൽ വായു കടക്കുന്നത് കുറയും. ഇതും നിറംമാറ്റം കുറയ്ക്കാൻ സഹായിക്കും.
നെയ്യ് പുരട്ടുക
മാവ് കുഴച്ചു കഴിയുമ്പോൾ അതിൽ അല്പം നെയ്യ് പുരട്ടുക. ഇത്തരത്തിൽ ചെയ്താൽ പഞ്ഞി പോലുള്ള ചപ്പാത്തി തയ്യാറാക്കാൻ സാധിക്കും
ഫ്രിഡ്‌ജിന്റെ ശരിയായ ഭാഗത്ത് സൂക്ഷിക്കുക
ഫ്രിഡ്‌ജിന്റെ വാതിലിൽ സൂക്ഷിക്കുന്നതിനേക്കാൾ നടുവിലെ ഷെൽഫിലാണ് മാവ് വയ്ക്കേണ്ടത്. വാതിൽ ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിനാൽ അവിടത്തെ താപനിലയിൽ കൂടുതൽ വ്യത്യാസമുണ്ടാകും.
എത്ര ദിവസം വരെ സൂക്ഷിക്കാം?
സാധാരണയായി 24 മുതൽ 48 മണിക്കൂർ വരെ ചപ്പാത്തി മാവ് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് സുരക്ഷിതമാണ്. അതിനപ്പുറം സൂക്ഷിക്കേണ്ടിവന്നാൽ ചെറിയ ചെറിയ ഭാഗങ്ങളാക്കി ഫ്രീസറിൽ വയ്ക്കാം
ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ടത്
ഫ്രിഡ്‌ജിൽ നിന്ന് എടുത്ത മാവ് 15 മുതൽ 20 മിനിറ്റ് വരെ മുറിയിലെ താപനിലയിൽ വെക്കുക. ശേഷം കൈകൊണ്ട് ഒന്ന് മൃദുവായി കുഴച്ചാൽ ചപ്പാത്തി കൂടുതൽ മൃദുവായി കിട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates