സമകാലിക മലയാളം ഡെസ്ക്
ദീർഘദൂര യാത്രകളിൽ ട്രെയിൻ പലർക്കും ഏറ്റവും ഇഷ്ടപ്പെട്ട യാത്രാമാർഗമാണ്. പ്രത്യേകിച്ച് രാത്രിയുള്ള യാത്രകൾക്ക്
നന്നായി ഒന്ന് കിടന്നുറങ്ങാനും, ക്ഷീണമില്ലാതെ യാത്ര ചെയ്യാനും ട്രെയിനാണ് ബെസ്റ്റ്.
എന്നാൽ ഒരു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നൂറുകണക്കിന് ആളുകളാണ് നമ്മളോടൊപ്പം ഉണ്ടാകുന്നത്.
എല്ലാ യാത്രക്കാരുടേയും സൗകര്യവും സുരക്ഷയും കരുതിയുള്ള ചെറിയ പ്രവൃത്തികൾ യാത്രകളെ സുഖകരമാക്കും.
അതിനാൽ തന്നെ രാത്രി ട്രെയിൻ യാത്രയ്ക്ക് ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
രാത്രി യാത്രയാണ് ചെയ്യുന്നതെങ്കിൽ ഉറക്കെ പാട്ട് പാടുന്നതും ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രി 10 മണിക്ക് ശേഷം. പാട്ട് കേൾക്കണമെന്നോ സിനിമ കാണണമെന്നോ നിർബന്ധമുള്ളവർ ഇയർ ഫോൺ ഉപയോഗിക്കേണ്ടതാണ്.
ട്രെയിനിൽ രാത്രി ഉപയോഗത്തിനായി പ്രത്യേകമായി ലൈറ്റുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ഉപയോഗിക്കുന്ന ലൈറ്റ് ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ഉറങ്ങുന്നവർക്ക് അത് ഒരു ബുദ്ധിമുട്ട് ആകാൻ സാധ്യതയുണ്ട്.
രാത്രി 10 മണി മുതൽ രാവിലെ ആറു മണി വരെ മിഡിൽ ബർത്തിലുള്ളവർക്ക് ഉറങ്ങാനുള്ള സമയമാണ്. ആ സമയത്ത് ലോവർ ബർത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർ സീറ്റിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് മിഡിൽ ബർത്തുകാരെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കണം.
രാത്രി 10 മണിയോടെ മിക്ക ട്രെയിനുകളിലും ഭക്ഷണം നൽകുന്നത് അവസാനിക്കും. എന്നാൽ, വൈകി കഴിക്കുന്നവർ ആണെങ്കിൽ നേരത്തെ വാങ്ങി വയ്ക്കുകയോ സ്നാക്സ് എന്തെങ്കിലും കൈയിൽ കരുതുകയോ ചെയ്യേണ്ടതാണ്.
രാത്രിയുള്ള ട്രെയിൻ യാത്രകളിൽ അവനവന്റെ സുരക്ഷയും നിർബന്ധമായും പാലിക്കണം. വിലപിടിപ്പുള്ളതൊന്നും കൈയിൽ കരുതരുത്. അടിയന്തിരസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ കൈവശം ഉണ്ടായിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates