സമകാലിക മലയാളം ഡെസ്ക്
ചൂടുകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ.
ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും തണുപ്പ് നൽകാനും സഹായിക്കുന്ന തണ്ണിമത്തൻ ഒരിക്കൽ മുറിച്ചാൽ വേഗത്തിൽ പഴകുകയോ രുചി നഷ്ടപ്പെടുകയോ ചെയ്യാറുണ്ട്.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുറിച്ച തണ്ണിമത്തനും കൂടുതൽ നേരം ഫ്രഷായി നിലനിർത്താം.
തണ്ണിമത്തൻ കഷ്ണങ്ങൾ നേരിട്ട് റഫ്രിജറേറ്ററിൽ വെക്കുന്നത് പലരും ചെയ്യുന്ന പതിവാണ്. എന്നാൽ ഇത് പഴത്തിന്റെ സ്വാഭാവിക ഈർപ്പം കുറയ്ക്കാൻ ഇടയാക്കാം.
അതിനാൽ കഷ്ണങ്ങൾ നനഞ്ഞ മസ്ലിൻ തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നത് മികച്ച മാർഗമാണ്. ഇത് പഴത്തിനുള്ളിലെ ഈർപ്പം നിലനിർത്തുകയും കഷ്ണങ്ങൾ ഉണങ്ങിപ്പോകുന്നത് തടയുകയും ചെയ്യും.
തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി സൂക്ഷിക്കുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം വായു കടക്കാത്ത ഗ്ലാസ് കണ്ടെയിനറുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ നല്ലത്. ഇതിലൂടെ പഴത്തിന്റെ രുചിയും ഗുണവും കൂടുതൽ നേരം നിലനിർത്താം.
മുറിച്ച കഷ്ണങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പ് വിത്തുകൾ നീക്കം ചെയ്യുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. വിത്തുകൾ ഉണ്ടെങ്കിൽ ചിലപ്പോൾ പഴം വേഗത്തിൽ നനവേറി ഗുണനിലവാരം കുറയാൻ സാധ്യതയുണ്ട്.
റഫ്രിജറേറ്ററിൽ സൂക്ഷിക്കുമ്പോൾ തണ്ണിമത്തൻ എപ്പോഴും വെജിറ്റബിൾ ക്രിസ്പർ ഡ്രോയറിൽ വെക്കുന്നതാണ് ഉചിതം. ഈ ഭാഗത്ത് താപനിലയും ഈർപ്പവും കൂടുതൽ സന്തുലിതമായി നിലനിൽക്കുന്നതിനാൽ പഴം കൂടുതൽ നേരം ഫ്രഷായി തുടരും.
ചെറിയ മുൻകരുതലുകൾ പാലിച്ചാൽ മുറിച്ച തണ്ണിമത്തനും ദിവസങ്ങളോളം രുചികരമായും പുതുമയോടെയും സൂക്ഷിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates