സമകാലിക മലയാളം ഡെസ്ക്
പാചകവാതകം ഉപയോഗിക്കാത്ത വീടുകൾ കുറവാണ്.
ഗ്യാസ് സിലിണ്ടറിന്റെ വില വർധന സാധാരണക്കാരെ ബാധിക്കുന്നുണ്ടെങ്കിലും ഉപയോഗിക്കാനുള്ള എളുപ്പവും വിറകിന്റെയും മണ്ണെണ്ണയുടെയുമൊക്കെ ദൗർലഭ്യവും മൂലം മിക്കവരും പാചകവാതകത്തെത്തന്നെ ആശ്രയിക്കുന്നു.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് സിലിണ്ടര്‍ കൂടുതൽ ദിവസം ഉപയോഗിക്കാം.
പാചകവാതക ഉപയോഗം കാര്യക്ഷമമാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
പ്രഷർ കുക്കർ ഉപയോഗിക്കാം
പാചകത്തിന് കുക്കർ ഉപയോഗിച്ചാൽ ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാം. പയറുവർഗങ്ങൾ അടുപ്പിൽ പാചകം ചെയ്യുന്നതിലും എളുപ്പത്തിൽ കുക്കറിൽ പാചകം ചെയ്തെടുക്കാനാകും.
പാത്രങ്ങൾ വൃത്തിയായിരിക്കണം
ബർണറിനു മുകളിൽ പാത്രങ്ങൾ വയ്ക്കുന്നതിന് മുൻപ് അവ വൃത്തിയാക്കാൻ മറക്കരുത്. അടിഭാഗത്ത് അഴുക്കില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം അടുപ്പിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് പാചകം എളുപ്പമാക്കുമെന്നു മാത്രമല്ല, ഗ്യാസിന്റെ ഉപയോഗം കുറയ്യുകയും ചെയ്യും.
ചേരുവകൾ അളന്നെടുക്കാം
ഭക്ഷണം പാകം ചെയ്യുന്നത് കൃത്യമായ അളവിൽ ആയിരിക്കണം. പയറോ കടലയോ വേവിക്കാനായി വെള്ളമെടുക്കുമ്പോൾ കൃത്യമായ അളവിൽ എടുക്കണം. കൂടുതൽ വെള്ളമെടുക്കുന്ന പക്ഷം തിളച്ച്, വെന്തു വരാൻ സമയമേറെയെടുക്കുമെന്നു മാത്രമല്ല, ഗ്യാസിന്റെ ഉപഭോഗവും വർധിക്കും.
പാത്രം തുറന്നു വച്ച് വേവിക്കാതിരിക്കാം
പാത്രം തുറന്നു വച്ച് വേവിയ്ക്കുമ്പോൾ പാകമായി വരാൻ കൂടുതൽ സമയമെടുക്കും. ഇത് ഗ്യാസിന്റെ ഉപയോഗം വർധിപ്പിക്കും. അടച്ചു വയ്ക്കുമ്പോൾ ചൂട് പാത്രത്തിനുള്ളിൽത്തന്നെ നിൽക്കുകയും അധികം സമയമെടുക്കാതെ തന്നെ വെന്തു കിട്ടുകയും ചെയ്യും.
ബർണർ സ്ഥിരമായി വൃത്തിയാക്കണം
ഗ്യാസ് ഉപയോഗിക്കുമ്പോൾ ബർണറിലൂടെ പുറത്തുവരുന്ന തീജ്വാലയ്ക്ക് നീലനിറമായിരിക്കണം. ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളിലാണ് തീ പുറത്തു വരുന്നതെങ്കിൽ അതിനർഥം ബർണർ വൃത്തിയാക്കാൻ സമയമായെന്നാണ്. മാസത്തിൽ ഒരു തവണയെങ്കിലും ബർണർ വൃത്തിയാക്കണം.
തീ ജ്വാല പുറത്തേക്കു പോകണ്ട
തീജ്വാല പാത്രത്തിന്റെ അടിയിൽ നിൽക്കാതെ പുറത്തേക്ക് ആളിക്കത്തുന്നുണ്ടോ എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പാത്രത്തിനു പുറത്തു പോകുന്ന തരത്തിൽ തീ കത്തുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. എപ്പോഴും പാത്രത്തിന്റെ അടിഭാഗത്തു തീ ലഭിക്കുന്നതു പോലെയായിരിക്കാൻ ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates