ചര്‍മത്തിനും മുടിക്കും ഡബിൾ സുരക്ഷ; ഈ അവശ്യ പോഷകങ്ങൾ മറക്കല്ലേ!

സമകാലിക മലയാളം ഡെസ്ക്

ബയോട്ടിൻ

വിറ്റാമിൻ ബി7 അല്ലെങ്കിൽ വിറ്റാമിൻ എച്ച് എന്നറിയപ്പെടുന്ന ബയോട്ടിൻ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. ഇത് ശരീരത്തിൻ്റെ കെരാറ്റിൻ ഘടന മെച്ചപ്പെടുത്തുന്നു. മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ബയോട്ടിൻ ആവശ്യമാണ്.

മുട്ട, നട്സ്, ബീൻസ്, ധാന്യങ്ങൾ, അവോക്കാഡോ, ബെറിപ്പഴങ്ങൾ, കടൽ വിഭവങ്ങൾ എന്നിവയിൽ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡുകൾ

രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ അനിവാര്യമാണ്. ഇത് മുടികൊഴിച്ചിൽ തടയാനും മുടി വളരാനും സ​ഹായിക്കും. ശരീരത്തിന് സ്വാഭാവികമായി ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കാനാകില്ല. അതിനാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

മത്സ്യം, നട്സ്, വിത്തുകൾ എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ

ചർമത്തിന്റെ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും കേശവളർച്ചയ്ക്കും വിറ്റാമിൻ എ അനിവാര്യമാണ്. ഇത് ചർമം പ്രായമാകുന്ന പ്രക്രിയ മന്ദ​ഗതിയിലാക്കുന്നു. മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടാനും വിറ്റാമിൻ എ കൂടിയേ തീരൂ. ഇത് ചർമ്മ ഗ്രന്ഥികളെ സെബം എന്ന എണ്ണമയമുള്ള പദാർത്ഥം നിർമ്മിക്കാൻ സഹായിക്കുന്നു, ഇത് തലയോട്ടിയെ ഈർപ്പമുള്ളതാക്കുകയും മുടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

മധുരക്കിഴങ്ങ്, കാരറ്റ്, ചീര, മത്തങ്ങ, പാൽ, മുട്ട എന്നിവയിൽ വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി

വിറ്റാമിൻ സി വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. ഇത് ചർമത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു. ചർമത്തിലെ കേടുപാടുകൾക്കെതിരെയുള്ള ഓരു ആന്റിഓക്‌സിഡൻ്റായാണ് വിറ്റാമിൻ എ പ്രവർത്തിക്കുന്നത്. കൂടാതെ മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്ന കൊളാജൻ ഉൽപാദനത്തിൽ വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ സിയുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. മുടി വളർച്ചയ്ക്ക് ആവശ്യമായ ഇരുമ്പ്, ശരീരത്തെ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു.

സിട്രസ് പഴങ്ങൾ, കിവി, ചീര, കുരുമുളക് എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ ഇ

സൂര്യാഘാതം, മലിനീകരണം എന്നിവയിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിന് വിറ്റാമിൻ ഇ സഹായിക്കും. ഇതിലെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഫ്രീ റാഡിക്കലുകളെ തടയുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മുടി ആരോ​ഗ്യം മെച്ചപ്പെടുത്താനും തിളങ്ങാനും ഇത് സഹായിക്കും.

സൂര്യകാന്തി എണ്ണ, ചീര, നട്സ്, ധാന്യം എന്നിവയിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇരുമ്പ്

തലയോട്ടിയിലേക്കും മുടികളിലേക്കും ഓക്സിജൻ എത്തിക്കുന്നതിനുള്ള മാധ്യമമാണ് ഇരുമ്പ്. ഇരിമ്പിന്റെ കുറവു മുടിയുടെ ആരോ​ഗ്യം ക്ഷയിക്കാൻ കാരണമാകും. വിളർച്ചയാണ് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം.

പയർ, ചീര, ബീൻസ്, ടോഫു, മത്സ്യം, ധാന്യങ്ങൾ, നട്സ് എന്നിവയിൽ ഇരിമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

സിങ്ക്

മുടിയുടെയും ചർമത്തിന്റെയും നഖങ്ങളുടെയും ആരോ​ഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ധാതുവാണ് സിങ്ക്. ശരീരത്തിലെ സ്വാഭാവിക എണ്ണകൾ ഉത്പാദിപ്പിക്കാനും മൃദുവായ ചർമത്തിനും താരൻ തടയാനും സിങ്ക് സഹായിക്കുന്നു. അതേസമയം, ഉയർന്ന അളവിലുള്ള സിങ്ക് മറ്റ് ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കുകയും ചെയ്യും.

മത്തങ്ങ വിത്തുകൾ, കശുവണ്ടി, ചീര, കൂൺ, ചിക്കൻ എന്നിവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്

വിറ്റാമിൻ ഡി

വൈറ്റമിൻ ഡിയുടെ കുറവ് മുടികൊഴിച്ചിന് കാരണമാകുന്നു. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടം. കൊഴുപ്പുള്ള മത്സ്യം, കോഡ് ലിവർ ഓയിൽ, കൂൺ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ എന്നിവ വിറ്റാമിൻ ഡിയുടെ സമ്പന്നമായ ഉറവിടങ്ങളിൽ ചിലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates