ഉറക്കം കൂടിപ്പോൽ എന്തു സംഭവിക്കും!

അഞ്ജു സി വിനോദ്‌

ഉറക്കം ആരോ​ഗ്യത്തിന് പ്രധാനമാണ്. ദിവസത്തിൽ ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. നല്ല ഉറക്കം ഓര്‍മശക്തിയും ഹൃദയാരോഗ്യവും ഹോര്‍മോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തും. എന്നാല്‍ ഉറക്കം കൂടി പോയാലോ!

ഉറക്കം കൂടിപ്പോയാലും പ്രശ്നമാണ്. ഊര്‍ജം തോന്നാതിരിക്കുക, അടിക്കടിയുള്ള മൂഡ് മാറ്റം, എഴുന്നേറ്റാലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥ ഇതെല്ലാം അമിത ഉറക്കത്തിന്റെ ലക്ഷണമാണ്. ഉറക്ക വൈകല്യം കാരണമാണ് അമിതമായി ഉറങ്ങുന്നതിന് പിന്നിലെ കാരണം.

24 മണിക്കൂറില്‍ ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങുന്നതിനെയാണ് അമിത ഉറക്കം അഥവാ ഓവർ സ്ലീപ്പിങ് എന്ന് പറയുന്നത്.

ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായോ സൈക്യാട്രിക് അല്ലെങ്കിൽ ന്യൂറോളജിക്കൽ വൈകല്യം കാരണമോ ഉറക്കം ഒൻപതു മണിക്കൂറിൽ കൂടുതലാകാറുണ്ട്. ഇല്ലെങ്കിൽ ഇതൊരു ഉറക്ക വൈകല്യമായിരിക്കാം.

നീണ്ട സമയം ഉറങ്ങുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ പഠനങ്ങൾ തെളിയിക്കുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഏതാണ്ട് രണ്ട് ശതമാനം ആളുകള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങുന്നത് സാധാരണമാണ്. ഇത്തരക്കാരെ ലോങ് സ്ലീപ്പേഴ്‌സ് എന്നാണ് വിളിക്കുന്നത്.

10 മുതൽ 12 മണിക്കൂർ വരെയുള്ള നീണ്ട ഉറക്കത്തിന് ശേഷം ഉന്മേഷത്തോടെ ഉറക്കം പൂർണമായെന്ന് തോന്നലോടെയാണ് നിങ്ങൾ എഴുന്നേൽക്കുന്നതെങ്കിൽ നിങ്ങള്‍ ലോങ് സ്ലീപ്പോഴ്‌സ് ആണ്. എന്നാല്‍ മറിച്ചാണെങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്.

അമിതമായി ഉറങ്ങുന്നത് ക്ഷീണം, ഊര്‍ജമില്ലായ്മ, പ്രതിരോധശേഷി കുറയുക, പെരുമാറ്റത്തില്‍ മാറ്റം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ഇത് ജീവന്‍ തന്നെ അപഹരിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.