സമകാലിക മലയാളം ഡെസ്ക്
എംവി ഹോണ്ടിയസ് ഡച്ച് കപ്പലിൽ സ്ഥിരീകരിച്ച ഹാന്റാവൈറസിനെപ്പറ്റിയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്.
കോവിഡ് പോലെ മാരകമായ പകർച്ചവ്യാധിയായി മാറുമോ ഈ വൈറസ് എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
എന്നാൽ ഇത് കോവിഡ് പോലെ മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്നും ,വായുവിലൂടെ ഇവ പകരില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ഹാന്റാവൈറസ്? എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം? എന്ന് നോക്കാം.
എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറുകയും മനുഷ്യർ അത് ശ്വസിക്കാൻ ഇടവരുമ്പോഴുമാണ് വൈറസ് ശരീരത്തിലെത്തുന്നത്.
എലികളുടെ വിസർജ്യം കലർന്ന പ്രതലങ്ങളിൽ തൊടുകയും പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ വായിലോ തൊടുകയോ ചെയ്യുന്നതു വഴിയും വൈറസ് മനുഷ്യരിലെത്തും.
ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് ഹാന്റാവൈറസ് ഗുരുതരമായി ബാധിക്കുന്നത്.
രോഗബാധിതനായ ആളുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരും.
വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം.
ശക്തമായ പനിയും വിറയലും, ഇടുപ്പ്, പുറംഭാഗം, തോളുകൾ എന്നിവിടങ്ങളിലുള്ള പേശിവേദന, തലവേദന, തളർച്ചയും ക്ഷീണവും, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
രോഗം മുർച്ഛിക്കുമ്പോൾ ശ്വാസകോശത്തിൽ വെള്ളം കെട്ടുകയും കടുത്ത ശ്വാസതടസ്സം, ചുമ, രക്തസമ്മർദ്ദം കുറയുക, വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുക എന്നിങ്ങനെയുള്ള ഗുരുതരാവസ്ഥയിലേക്ക് നീങ്ങും.
എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്‌കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഏക പ്രതിരോധ മാർഗം.
നിലവിൽ ഹാന്റാവൈറസിന് വാക്‌സിനുകൾ ഇല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates