സമകാലിക മലയാളം ഡെസ്ക്
മനുഷ്യന്റെ ജീവിതസംതൃപ്തി നല്ല സൗഹൃദങ്ങളുമായി ബന്ധപ്പെട്ടുക്കിടക്കുന്നതാണ്. ആരോഗ്യകരമായ സൗഹൃദത്തിന് ധാരാളം മാനസികാരോഗ്യ ഗുണങ്ങളുണ്ട്.
നല്ല വാർത്തകൾ പങ്കിടാനോ ആഘോഷിക്കാനോ ആശ്രയിക്കാനോ കഴിയുന്ന ആളുകളാണ് ഇവർ. ഉൾക്കാഴ്ചയുള്ളവരും പരസ്പര പിന്തുണയോടെയുള്ള വളർച്ചയിൽ പങ്കാളികളുമാണ് ഇവർ.
അവർ യഥാർഥത്തിൽ നിങ്ങളായി തന്നെ നിലനിൽക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് തരുന്നു. സുസ്ഥിരമായ, മുൻവിധികളോ ഉപാധികളോ ഇല്ലാത്ത പിന്തുണയും പരസ്പര സ്നേഹവും വിശ്വസ്തതയും അത്തരം സൗഹൃദങ്ങളുടെ മുഖമുദ്രകളാണ്.
സൗഹൃദം നല്ലതാണോ എന്നറിയാം
അവരോടൊപ്പം അൽപസമയം ചെലവഴിച്ചതിന് ശേഷം എന്തു തോന്നുന്നു എന്ന് ചിന്തിക്കുക.
സ്വാഭാവികമായിരുന്നോ അതോ അഭിനയിക്കുന്നതു പോലെ തോന്നിയോ?
ഇടപഴകൽ തുടരാൻ കഴിയാത്തതിൽ നിരാശയായിരുന്നോ അതോ അവസാനിപ്പിച്ചതിൽ ആശ്വാസം തോന്നിയോ?
ഇനി എന്ത് പറയണം എന്ന് ചിന്തിച്ച് നിൽക്കേണ്ടി വന്നോ അതോ സംഭാഷണം ഊർജം നിറയ്ക്കുന്നതായിരുന്നോ?
തൊട്ടു മുമ്പുള്ള തലമുറയിൽ നിന്നും സമപ്രായക്കാർക്കിടയിൽ നിന്നും തൊട്ട് ഇളംതലമുറയിൽ നിന്നും ഓരോ സ്ത്രീയും പുരുഷനും നമ്മുടെ ഏറ്റവും അടുത്തുള്ള സുഹൃദ് വലയത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത് നന്ന്.
സൗഹൃദങ്ങളുടെ തരവും ബന്ധങ്ങളുടെ ഗുണനിലവാരവും സുഹൃത്തുക്കളുടെ എണ്ണത്തേക്കാൾ പ്രധാനമാണ്.