നിങ്ങൾക്ക് ഒസിഡി ഉണ്ടോ? എങ്ങനെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

വൃത്തി അല്‍പം കൂടുതലുള്ളവരെ കളിയാക്കാന്‍ പലരും ഉപയോഗിക്കുന്ന വാക്കാണ് 'ഒസിഡി'. എന്നാല്‍ ഇത് ഉപയോഗിക്കുന്ന പലര്‍ക്കും ഈ അവസ്ഥയെ കുറിച്ച് വലിയ ധാരണയില്ല എന്നാതാണ് സത്യം.

എന്താണ് ഒസിഡി

ഒബ്‌സസീവ്-കംപൾസീവ് ഡിസോർഡർ എന്ന മാനസികാരോഗ്യ പ്രശ്നത്തിന്‍റെ ചുരുക്ക പേരാണ് ഒസിഡി. അനിയന്ത്രിതവും അനാവശ്യവുമായ ചിന്തകളും ഭയവും ഒരു വ്യക്തിയെ ആവർത്തിച്ചുള്ള പെരുമാറ്റങ്ങളിലേക്ക് നയിക്കുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഈ ചിന്തകൾ അവഗണിക്കാന്‍ ശ്രമിച്ചാലും അവയെ ഒസിഡി ഉള്ളവർക്ക് മറികടക്കാൻ കഴിയില്ല.

വൃത്തി ഭ്രമം

സാധാരണ​ഗതിയൽ അം​ഗീകരിക്കാവുന്നതിലും അധിക വൃത്തി ഇക്കൂട്ടർ പ്രകടിപ്പിക്കാറുണ്ട്. രോ​ഗാണുക്കൾ, അഴുക്ക് തുടങ്ങിയവയെ കുറിച്ചുള്ള അനാവശ്യ ചിന്തകളാണ് ഇത് കാരണം. ശരീരത്തിലോ വസ്ത്രത്തിലോ കറയോ ചെളിയോ പറ്റുന്നത് ഇവരിൽ ഭയവും ഉത്കണ്ഠയും ഉണ്ടാക്കും. കൂടാതെ വീടും പരിസരവും അവരുടെ വസ്തുക്കളും എപ്പോഴും വൃത്തിയായിക്കണമെന്നതിൽ ഇവർ കണിശക്കാരാണ്.

ഒറ്റപ്പെട്ട ജീവിതം

അധികം ആളുകളുടെ ഇടപെടലുകളില്ലാതെ തന്‍റെതായ സ്പെയിസില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടരില്‍ അധികവും. അതുകൊണ്ട് തന്നെ കൂട്ടത്തിനൊപ്പം കൂടുക എന്നത് ഇവര്‍ക്ക് ശ്രമകരമാണ്.

അടുക്കുംചിട്ടയും

വസ്തുക്കൾ സ്ഥാനത്ത് നിന്ന് മാറുന്നതും ക്രമരഹിതമായി കിടക്കുന്നതിനും ഇവരിൽ സമ്മർദമുണ്ടാക്കും. ചെരുപ്പുകൾ മാറി കിടക്കുക, റിമോട്ടിന്റെ സ്ഥാനം മാറിയിരിക്കുക, ചാർജറിന്റെ വയറിലുള്ള പൊട്ടൽ വരെ ഇക്കൂട്ടരെ ഭീകരമായി ബാധിക്കും. എപ്പോഴും സാധനങ്ങൾ അടുക്കിപ്പെറുക്കി വെക്കണമെന്നത് ഇവർക്ക് നിർബന്ധമാണ്.

സംശയം

വീട് പൂട്ടിയിറങ്ങിലായും കൃത്യമായി പൂട്ട് വീണോ എന്ന് ആവർത്തിച്ച് പരിശോധിക്കുക, ​ഗ്യാസ് ഓഫ് ആക്കിയോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ വിശ്വാസമില്ലാത്തതും ആവർത്തിച്ചുള്ള പരിശോധനയും ഒസിഡിയുടെ മറ്റൊരു ലക്ഷണമാണ്.

സ്വയം സൃഷ്ടിച്ചെടുത്ത ചില നിയമങ്ങൾ

ഒസിഡി രോഗമുള്ള ഒരു വ്യക്തി സ്വയം സൃഷ്ടിച്ചെടുത്ത ചില നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് കാണാനാവും. ഇത്തരം നിയമങ്ങൾ പലപ്പോഴും കർക്കശവും ഏകാധിപത്യപരമായിരിക്കുകയും ചെയ്യും.

ലൈംഗിക ചിന്തകള്‍

ആവര്‍ത്തിച്ച് വരുന്ന ലൈംഗിക ചിന്തകളും അക്രമ ചിന്തകളുമെല്ലാം ഒസിഡിയുടെ ഭാഗമാണ്. ആരോടെങ്കിലും സംസാരിക്കുമ്പോൾ അവരുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കാനുള്ള അടക്കാനാകാത്ത ത്വരയും ഒസിഡി ലക്ഷണമാണ്. ഇത് രോഗിക്ക് തന്നോട് തന്നെ അവജ്ഞ തോന്നാന്‍ കാരണമാകും. പക്ഷേ, ഇവര്‍ക്ക് ഇത്തരം ചിന്തകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല.

മരണഭയം

അപകടം സംഭവിക്കുമോ, മരിച്ചു പോകുമോ എന്നെല്ലാമുള്ള അനാവശ്യ ഭീതിയും ഉത്കണ്ഠയും ഒസിഡി ലക്ഷണമാണ്. റോഡിലേക്ക് വണ്ടിയുമായി ഇറങ്ങിയാല്‍ അപകടം പറ്റുമോ, കുഴിയില്‍ വീഴുമോ എന്നെല്ലാം ഇവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കും. ഈ ഭയം കാരണം വീട് വിട്ട് പുറത്തിറങ്ങാന്‍ പോലും ചില ഒസിഡി രോഗികള്‍ തയ്യാറാകില്ല.