സമകാലിക മലയാളം ഡെസ്ക്
ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യദിനവും ജനുവരി 26ന് റിപ്പബ്ലിക് ദിനവും ആഘോഷിക്കും. രണ്ടും ദേശീയ അഭിമാനത്തിന്റെ ദിനങ്ങൾ തന്നെ. എന്നാൽ ഈ രണ്ട് ദിവസങ്ങളും ഓർമിപ്പിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത വഴിത്തിരിവുകളാണ്.
1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമയാണ് സ്വാതന്ത്ര്യദിനം. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യ റിപ്പബ്ലിക്കായതിന്റെ ഓർമയാണ് റിപ്പബ്ലിക് ദിനം.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെയും രാജ്യത്തിനായി ത്യാഗം ചെയ്തവരുടെയും ഓർമ പുതുക്കുന്ന ദിനം കൂടിയാണ് സ്വാതന്ത്ര്യദിനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തലും സാംസ്കാരിക പരിപാടികളും ദേശഭക്തിഗാനാലാപനവും ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ദിനം ആചരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിലെ പ്രധാന ചടങ്ങ് ഡൽഹിയിലെ ചെങ്കോട്ടയിലാണ് നടക്കുന്നത്. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതും പതിവാണ്.
റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിയാണ് ദേശീയ ചടങ്ങിന് നേതൃത്വം നൽകുന്നത്. ഡൽഹിയിലെ കർത്തവ്യ പഥിൽ (Kartavya Path) നടക്കുന്ന റിപ്പബ്ലിക് ഡേ പരേഡാണ് ദിവസത്തെ പ്രധാന ആകർഷണം.
റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിന്റെ സൈനികശക്തിയും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിക്കാറുണ്ട്. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ പരേഡിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സാംസ്കാരിക പൈതൃകം അവതരിപ്പിക്കുന്ന ഫ്ലോട്ടുകളും ഉൾപ്പെടും. വ്യോമസേനയുടെ എയർ ഷോയും പ്രധാന ആകർഷണമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates