അഞ്ജു സി വിനോദ്
ശരീരത്തിന്റെ പുറമെയുള്ള മാലിന്യവും അഴുക്കും നീക്കുന്നതിന് കുളി വളരെ പ്രധാനമാണ്. ദിവസവും കുളിക്കുന്നത് അണുബാധയിൽ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കും. എന്നാൽ ഈ അഴുക്കു നീക്കൽ മാത്രമല്ല, കുളിയുടെ ഉദ്ദേശം.
രാവിലെ എഴുന്നേറ്റ് പച്ചവെള്ളത്തിൽ അഥവാ തണുത്ത വെള്ളത്തിൽ ഒരു കുളി പാസാക്കിയാൽ ഉറക്കച്ചടവ് മാറി മനസും ശരീരവും ഉന്മേഷമുള്ളതായി തോന്നാറില്ലേ, അതുപോലെ, ആകെ സമ്മർദം നിറഞ്ഞ ദിവസത്തിനൊടുവിൽ രാത്രി ചെറുചൂടുവെള്ളം ശരീരത്തിൽ ഒഴിക്കുമ്പോൾ മനസിന് കിട്ടുന്ന ശാന്തതയും പെട്ടെന്ന് ഉറക്കം കിട്ടുന്നതും ശ്രദ്ധിച്ചിട്ടില്ലേ?
അപ്പോൾ അതാണ് അതിന്റെയൊരു ഗുട്ടൻസ്, കുളിക്കാൻ തിരഞ്ഞെടുക്കുന്ന വെള്ളത്തിന്റെ താപനില നമ്മുടെ ശരീരത്തെയും മാനസികനിലയെയും കാര്യമായി സ്വാധീനിക്കാൻ കഴിയും.
തണുത്ത വെള്ളത്തിലുള്ള കുളി ശരീരത്തിലെ അഡ്രിനാലിൻ ഉൽപാദനം കൂട്ടുകയും ജാഗ്രത, ഊർജ്ജനില എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉണർവും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവും നൽകുന്നു. മാത്രമല്ല, പേശികളിലെ വീക്കം കുറയ്ക്കാനും വേദന നീക്കാനും സഹായിക്കുന്നു. വർക്ക്ഔട്ടിന് ശേഷം തണുത്തവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.
തണുത്തവെള്ളം ഒഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നതിലൂടെ അണുബാധ പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് പ്രതിരോധ ശേഷി ഉയർത്തുകയും ചെയ്യുന്നു.
അതേസമയം ചൂടുവെള്ളത്തിലുള്ള കുളി, ശരീരത്തെയും മനസിനെയും ശാന്തമാക്കുകയും സമ്മർദവും ഉത്കണ്ഠയും ശമിപ്പിക്കുപ്പിക്കുകയും ചെയ്യുന്നു. ഇത് പേശികളെ വിശ്രമിക്കാൻ അനുവദിക്കുന്നു. പെട്ടെന്ന് ഉറക്കം കിട്ടാനും വിശ്രമിക്കാനും രാത്രി ചെറുചൂട് വെള്ളത്തിലുള്ള കുളി നല്ലതാണ്.
രക്തയോട്ടം വർധിപ്പിക്കുകയും പേശികളെ വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. മാത്രമല്ല, ചൂടുവെള്ളം ഒഴിക്കുമ്പോൾ ഹൃദയമിടപ്പ് വർധിക്കുകയും, ഇത് നേരിയ വ്യായാമത്തിന്റെ ഫലങ്ങൾ അനുകരിക്കുകയും ചെയ്യുന്നു. അധിക കലോറി കത്തിക്കാൻ ഇത് സഹായിക്കും.
ചർമത്തിലെ സുഷിരങ്ങൾ തുറന്ന് മാലിന്യം നീക്കം ചെയ്യാന്‍ ചൂടുവെള്ളം നല്ലതാണ്. അതേസമയം തണുത്തവെള്ളം ഇതിനു വിപരീതമാണ് ചെയ്യുന്നത്. ഇത് ചർമത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും ഈർപ്പത്തെ ലോക്ക് ചെയ്യുകയും ചെയ്യുന്നു.
തണുത്ത കാലാവസ്ഥയ്ക്ക് ചൂടു വെള്ളമാണ് അനുയോജ്യം, ഇത് ശരീരത്തിനും മനസിനും ഊഷ്മളതയും ആശ്വാസവും നൽകുന്നു. അതേസമയം ചൂടുകാലത്ത് തണുത്തവെള്ളത്തിലുള്ള കുളി ശരീര ഫ്രഷ് ആകാനും ഉന്മേഷദായകരാകാനും സഹായിക്കും.