സമകാലിക മലയാളം ഡെസ്ക്
ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വാൽനട്ട്. എന്നാൽ വാൽനട്ടിന്റെ ഈ ഗുണങ്ങളെല്ലാം പരമാവധി ലഭിക്കുന്നതിന് അവ കഴിക്കുന്ന സമയം പ്രധാനമാണ്.
വർക്ക്ഔട്ടിന് മുൻപും ശേഷവും
പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് വാൽനട്ട്. വ്യായാമത്തിന് മുമ്പോ ശേഷമോ പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ വളർച്ചയെ മെച്ചപ്പെടുത്താൻ സഹായിക്കും. വർക്ക്ഔട്ട് ചെയ്യുന്നതിനും മുൻപും ശേഷവും ലഘുഭക്ഷണമായി കഴിക്കാവുന്ന ഒന്നാണ് വാൽനട്ട്.
30 ഗ്രാം വാൽനട്ടിൽ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്. ആ ഊർജ്ജത്തിന്റെ ഭൂരിഭാഗവും അതിലെ പ്രോട്ടീനിൽ നിന്നും കൊഴുപ്പിൽ നിന്നുമാണ്. ഇവ രണ്ടും ശരീരത്തിന് ഇന്ധനം നൽകാൻ സഹായിക്കുന്നതാണ്.
ദീർഘനേരം വ്യായാമം ചെയ്യുമ്പോൾ, കൊഴുപ്പുകൾ ഊർജ്ജം നൽകാനും ശരീര താപനില നിയന്ത്രിക്കാനും അവയവങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു. കലോറി-ഇന്റൻസീവ് വ്യായാമം ചെയ്യുമ്പോൾ വാൽനട്ട് ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കും.
അത്താഴത്തോടൊപ്പം
അത്താഴത്തിൽ വാൽനട്ട് ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കം നൽകും. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന രാസവസ്തു ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.
മെച്ചപ്പെട്ട ദഹനം
വാൽനട്ട് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി, മെറ്റബോളിസം, തലച്ചോറ് എന്നിവയുൾപ്പെടെയുള്ള നിർണായക ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
ആരോഗ്യകരമായ കൊളസ്ട്രോൾ
വാൽനട്ടിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. വാൽനട്ട് കഴിക്കുന്ന പ്രായമായവരിൽ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ അളവ് കുറവാണെന്ന് മുൻ പഠനം കണ്ടെത്തിയിട്ടുണ്ട്.
മെച്ചപ്പെട്ട മാനസികാവസ്ഥ
വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ മാനികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പതിവായി വാൽനട്ട് കഴിക്കുന്ന ചെറുപ്പക്കാരിൽ വിഷാദം, സമ്മർദം എന്നിവ കുറയുന്നതായും മാനസികാവസ്ഥ മെച്ചപ്പെടുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.