സമകാലിക മലയാളം ഡെസ്ക്
ജോലി ജീവിതത്തിന്റെ മുഴുവൻ സമയവും കവർന്നെടുക്കേണ്ട ഒന്നല്ലെന്ന നിലപാടാണ് പുതിയ തലമുറയായ ജെൻ സി മുന്നോട്ടുവയ്ക്കുന്നത്. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകൾ കൂടുതൽ വ്യക്തമായി നിർവചിക്കുന്ന ജെൻ സിയുടെ സമീപനം ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കോർപ്പറേറ്റ് വിദഗ്ധർ
ജോലി ജീവിതത്തിന്റെ കേന്ദ്രമല്ല
മുൻ തലമുറകളിൽ ജോലി എന്നത് ജീവിതത്തിലെ പ്രധാന ഉത്തരവാദിത്വമായി കണക്കാക്കപ്പെട്ടിരുന്നെങ്കിൽ, ജെൻ സി അതിനെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായാണ് കാണുന്നത്. ശമ്പളം ലഭിക്കുന്നതും കരിയറിൽ മുന്നേറുന്നതും പ്രധാനമാണെങ്കിലും, അതിനുവേണ്ടി വ്യക്തിജീവിതവും മാനസിക സമാധാനവും പൂർണമായി മാറ്റിവയ്ക്കേണ്ടതില്ലെന്ന സമീപനമാണ് ജെൻ സിയ്ക്ക്
ജോലിയിൽ കാര്യക്ഷമത പുലർത്തുന്നതിനൊപ്പം വ്യക്തിപരമായ സമയത്തിനും വിശ്രമത്തിനും പ്രാധാന്യം നൽകുകയാണ് ജെൻ സി. ‘കൂടുതൽ സമയം ജോലി ചെയ്യുന്നയാളാണ് കൂടുതൽ ആത്മാർഥതയുള്ള ജീവനക്കാരൻ’ എന്ന പഴയ ധാരണയെയും ഈ തലമുറ ചോദ്യം ചെയ്യുന്നു.
എപ്പോഴും 'വർക്കിങ്’ അല്ല
സ്മാർട്ട്ഫോണുകളും ഇ-മെയിലും മെസേജിങ് ആപ്പുകളും കാരണം ജോലി സമയം അവസാനിച്ച ശേഷവും ജീവനക്കാർ എപ്പോഴും ലഭ്യമായിരിക്കണമെന്ന സംസ്കാരത്തെ ജെൻ സി ചോദ്യം ചെയ്യുന്നു. ഓഫീസ് സമയം കഴിഞ്ഞാൽ വ്യക്തിജീവിതത്തിലേക്ക് മടങ്ങാനും അവധിക്കാലത്ത് അവധി ആസ്വദിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്.
ജോലി സംബന്ധമായ സന്ദേശങ്ങൾക്ക് രാത്രി വൈകിയും വാരാന്ത്യങ്ങളിലും ഉടൻ മറുപടി നൽകേണ്ടത് സ്വാഭാവികമായ തൊഴിൽ സംസ്കാരമല്ലെന്നാണ് ഇവരുടെ നിലപാട്.
‘സൗകര്യങ്ങൾ’ ആനുകൂല്യമല്ല
ജെൻ സിയെ സംബന്ധിച്ചിടത്തോളം ജോലി സ്ഥലത്തു ലഭിക്കുന്ന സൗകര്യങ്ങൾ ആനുകൂല്യമല്ല; മറിച്ച് മികച്ച ജോലിസ്ഥലത്തെ അടിസ്ഥാന ആവശ്യങ്ങളാണ്. ഹൈബ്രിഡ്, റിമോട്ട് ജോലി സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ജീവനക്കാരുടെ വ്യക്തിജീവിതവുമായി ജോലി പൊരുത്തപ്പെടുത്താൻ സഹായിക്കുമെന്നാണ് ഈ സമീപനം.
ശമ്പളം മാത്രം മതിയാകില്ല
നല്ല ശമ്പളത്തേക്കാൾ ജോലിക്ക് ലക്ഷ്യവും അർഥവുമുണ്ടോ എന്നും ജെൻ സി പരിശോധിക്കുന്നുണ്ട്. വ്യക്തിപരമായ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന സ്ഥാപനങ്ങളിൽ പ്രവർത്തിക്കാനും അർഥവത്തായ ജോലികൾ ചെയ്യാനുമാണ് താൽപര്യം.അതുകൊണ്ടുതന്നെ ഒരു കമ്പനിയിൽ തുടരാനുള്ള തീരുമാനത്തിൽ ശമ്പളത്തോടൊപ്പം സ്ഥാപനത്തിന്റെ സംസ്കാരം, അവസരങ്ങൾ, മാനേജർമാരുടെ സമീപനം, ജോലിസ്ഥലത്തെ അന്തരീക്ഷം, വ്യക്തിജീവിതത്തിനുള്ള ഇടം തുടങ്ങിയ ഘടകങ്ങളും നിർണായകമാണ്
‘ബൗണ്ടറി’ മടിയാണോ?
ജെൻ സിയുടെ തൊഴിൽ സമീപനത്തെ വിമർശിക്കുന്നവർ ഇത് ജോലിയോടുള്ള പ്രതിബദ്ധത കുറയുന്നതിന്റെ ലക്ഷണമാണെന്ന് പറയാറുണ്ട്. എന്നാൽ മറുവശത്ത്, വ്യക്തമായ അതിരുകൾ നിശ്ചയിക്കുന്നത് കൂടുതൽ ആരോഗ്യകരമായ തൊഴിൽ സംസ്കാരത്തിലേക്കുള്ള മാറ്റമാണെന്നാണ് വാദം.
ജോലി ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പക്ഷേ ജോലി തന്നെയാണ് ജീവിതം എന്ന പഴയ സമവാക്യം മാറ്റാനുള്ള ശ്രമത്തിലാണ് ജെൻ സി. അതുകൊണ്ടുതന്നെ അവരുടെ വർക്ക്-ലൈഫ് ബാലൻസ് സമീപനം പുതിയ തലമുറയുടെ മാത്രം പ്രവണതയല്ല, ഭാവിയിലെ തൊഴിൽ സംസ്കാരത്തിന്റെ സൂചന കൂടിയായേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates