സമകാലിക മലയാളം ഡെസ്ക്
സാരി ധരിക്കുമ്പോൾ അതിന് ചേരുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതും ലുക്കിന്റെ പ്രധാന ഭാഗമാണ്. സാരിയുടെ നിറവും ഡിസൈനും മാത്രമല്ല, തുണിയുടെ സ്വഭാവം, ബ്ലൗസിന്റെ നെക്ക്ലൈൻ, അവസരം എന്നിവയെല്ലാം ആഭരണം തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം.
സിൽക്ക് സാരികൾക്ക് ടെംപിൾ ജ്വല്ലറിയും ഗോൾഡ് ടോൺ ആഭരണങ്ങളും മികച്ചൊരു തിരഞ്ഞെടുപ്പാണ്. സിൽക്കിന്റെ സമൃദ്ധമായ രൂപത്തോട് ഇത്തരം ആഭരണങ്ങൾ നന്നായി ചേരും.
അതേസമയം, കോട്ടൺ സാരികൾക്കൊപ്പം മിനിമൽ ആഭരണങ്ങളോ ഓക്സിഡൈസ്ഡ് ജ്വല്ലറിയോ പരീക്ഷിക്കാം. കോട്ടണിന്റെ ലളിതമായ ഭംഗി നിലനിർത്താൻ ഇത്തരം ആഭരണങ്ങൾ സഹായിക്കും.
ജോർജറ്റ്, ഷിഫോൺ തുടങ്ങിയ കനംകുറഞ്ഞ സാരികൾക്ക് ലൈറ്റ് വെയ്റ്റ്, മോഡേൺ ഡിസൈനിലുള്ള ആഭരണങ്ങളാണ് കൂടുതൽ അനുയോജ്യം.
സാരിയിൽ തന്നെ ധാരാളം എംബ്രോയ്ഡറിയോ അലങ്കാരപ്പണികളോ ഉണ്ടെങ്കിൽ ആഭരണങ്ങൾ അധികമാക്കേണ്ടതില്ല. ഇത്തരം സാരികൾക്കൊപ്പം ഒരു സ്റ്റേറ്റ്മെന്റ് ഇയർറിങ്ങ് മാത്രം ധരിച്ചാലും ശ്രദ്ധേയമായ ലുക്ക് സ്വന്തമാക്കാം.
ആഭരണം തിരഞ്ഞെടുക്കുമ്പോൾ ബ്ലൗസിന്റെ നെക്ക്ലൈൻ മറക്കരുത്. ഡീപ് നെക്കുള്ള ബ്ലൗസിനൊപ്പം ലെയേർഡ് നെക്ലേസുകളോ നീളമുള്ള ചെയിനുകളോ ചേരും. ഹൈ നെക്ക് അല്ലെങ്കിൽ ക്ലോസ്ഡ് കോളർ ബ്ലൗസാണെങ്കിൽ നെക്ലേസിന് പകരം സ്റ്റേറ്റ്മെന്റ് ഇയർറിങ്ങുകൾക്ക് പ്രാധാന്യം നൽകുന്നതാണ് നല്ലത്. ഓഫ് ഷോൾഡർ, സ്ട്രാപ്ലസ് ബ്ലൗസുകൾക്കൊപ്പം സ്റ്റേറ്റ്മെന്റ് നെക്ലേസുകളും ഇയർറിങ്ങുകളും പരീക്ഷിക്കാം.
പ്ലെയിൻ സാരിയ്ക്കൊപ്പം കുണ്ടൻ, പോൾക്കി, ഹാൻഡ്ക്രാഫ്റ്റഡ് സ്റ്റേറ്റ്മെന്റ് നെക്ലേസുകൾ മികച്ചതാണ്. ഡീപ് നെക്കിനൊപ്പം ലെയേർഡ് നെക്ലേസുകളും ഉപയോഗിക്കാം. ജുംക, ചാന്ദ്ബാലി, സ്റ്റഡ്സ് തുടങ്ങിയവ വിവിധ തരത്തിലുള്ള സാരികൾക്കൊപ്പം പരീക്ഷിക്കാം. സാരി വളരെ ഹെവിയാണെങ്കിൽ സ്റ്റേറ്റ്മെന്റ് ഇയർറിങ്ങ് മാത്രം തന്നെ ലുക്കിന്റെ പ്രധാന ആകർഷണമാക്കാം.
വിവാഹം, ഉത്സവം തുടങ്ങിയ അവസരങ്ങളിൽ ലെയേർഡ് വളകളോ കഫ് ബ്രേസ്ലറ്റുകളോ ഉപയോഗിക്കാം. ഡേ വെയറിന് മിനിമൽ വളകൾ മതിയാകും. ലളിതമായ സാരിയ്ക്കൊപ്പം സ്റ്റേറ്റ്മെന്റ് റിങ്ങുകൾ ഉപയോഗിക്കാം. ചെറിയ റിങ്ങുകൾ ലെയർ ചെയ്ത് ധരിക്കുന്നത് മോഡേൺ ലുക്ക് നൽകുകയും ചെയ്യും.
സാരിയിലെ നിറത്തോടും എംബ്രോയ്ഡറിയോടും ആഭരണം കൃത്യമായി മാച്ച് ചെയ്യണമെന്നില്ല. ചെറിയ കോൺട്രാസ്റ്റ് ലുക്കിന് കൂടുതൽ ആകർഷണം നൽകും. ഗോൾഡ്, സിൽവർ, ഓക്സിഡൈസ്ഡ് ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സാരിയുടെ നിറവും ഡിസൈനും തമ്മിലുള്ള ബാലൻസ് ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates