സമകാലിക മലയാളം ഡെസ്ക്
കടകളിലും ഹോട്ടലുകളിലും ബില്ലുകളിലും പരസ്യങ്ങളിലും പണമിടപാടുകളിലുമെല്ലാം ഇന്ന് കാണുന്ന ഒന്നാണ് ക്യൂആർ കോഡ്. ഫോൺ ക്യാമറ ഒന്ന് കാണിച്ചാൽ മതി, വെബ്‌സൈറ്റ് തുറക്കാം, പേയ്‌മെന്റ് നടത്താം, വൈഫൈയിലേക്ക് കണക്ട് ചെയ്യാം.
എന്നാൽ ഈ ചെറിയ കറുപ്പും വെളുപ്പും നിറത്തിലുള്ള ചതുരത്തിൽ യഥാർഥത്തിൽ എന്താണ് ഒളിഞ്ഞിരിക്കുന്നത്? എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?
Quick Response Code എന്നതിന്റെ ചുരുക്കപ്പേരാണ് QR കോഡ്. ചതുരാകൃതിയിലുള്ള പാറ്റേണിൽ ഡിജിറ്റൽ വിവരങ്ങൾ സൂക്ഷിക്കുന്ന ഒരുതരം ബാർകോഡാണിത്. ഫോൺ ക്യാമറയോ ക്യൂആർ സ്കാനറോ ഉപയോഗിച്ച് കോഡ് സ്കാൻ ചെയ്യുമ്പോൾ അതിനുള്ളിലെ വിവരങ്ങൾ തിരിച്ചറിഞ്ഞ് അനുബന്ധ പ്രവർത്തനം നടത്തും. സാധാരണയായി ഒരു വെബ് വിലാസം തുറക്കാനാണ് ക്യൂആർ കോഡുകൾ ഉപയോഗിക്കുന്നത്.
ഇന്ന് എല്ലായിടത്തും കാണുന്ന ക്യൂആർ കോഡ് ആദ്യമായി വികസിപ്പിച്ചത് 1994ൽ ജപ്പാനിലെ ഡെൻസോ വേവ് എന്ന കമ്പനിയാണ്. വാഹന നിർമാണ മേഖലയിൽ ഭാഗങ്ങൾ വേഗത്തിൽ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനുമായിരുന്നു തുടക്കത്തിൽ ഇത് ഉപയോഗിച്ചത്. പിന്നീട് ജപ്പാനിൽ വ്യാപകമായി പ്രചാരത്തിലാവുകയും മറ്റ് രാജ്യങ്ങളിലേക്കും എത്തുകയായിരുന്നു.
ക്യൂആർ കോഡിനുള്ളിൽ ടെക്സ്റ്റ്, വെബ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരിക്കും. ഫോൺ ക്യാമറ ഉപയോഗിച്ച് കോഡ് സ്കാൻ ചെയ്യുമ്പോൾ അതിലെ വിവരങ്ങൾ വായിച്ച് ഫോൺ അനുബന്ധ ഓപ്ഷൻ കാണിക്കും.
സ്കാനിംഗ് വേഗത, ഡാറ്റാ ശേഷി, ഏത് ദിശയിൽ നിന്നുമുള്ള അലൈൻമെന്റ് കൃത്യത എന്നിവ പരമാവധി വർദ്ധിപ്പിക്കുന്നതിനായാണ് ചതുരാകൃതിയിലുള്ള ബ്ലോക്ക് ഘടനയിൽ കോഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്യൂആർ കോഡുകളുടെ മൂലകളിൽ കാണപ്പെടുന്ന 'ഫൈൻഡർ' അല്ലെങ്കിൽ 'പൊസിഷൻ മാർക്കറുകൾ' എന്ന് അറിയപ്പെടുന്ന മൂന്ന് വലിയ ചതുര രൂപങ്ങൾ കാരണമാണ്, അവ ഏത് സ്ഥാനത്തുനിന്നോ ഏത് കോണിൽ നിന്നോ സ്കാൻ ചെയ്യാൻ സാധിക്കുന്നത്.
ക്യൂആർ കോഡിന്റെ ഉപയോഗം യുപിഐ പേയ്‌മെന്റിൽ മാത്രം ഒതുങ്ങുന്നില്ല. വെബ്‌സൈറ്റുകൾ തുറക്കാനും ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും പരിപാടികളിൽ ചെക്ക് ഇൻ ചെയ്യാനും വൈഫൈയിലേക്ക് കണക്ട് ചെയ്യാനും കോൺടാക്ട് വിവരങ്ങൾ പങ്കിടാനും ക്യൂആർ കോഡുകൾ ഉപയോഗിക്കാം
ക്യൂആർ കോഡ് സുരക്ഷിതമാണെന്ന് മാത്രം കരുതി ഏത് കോഡും സ്കാൻ ചെയ്യുന്നത് ശരിയല്ല. സൈബർ കുറ്റവാളികൾ വ്യാജ ക്യൂആർ കോഡുകൾ ഉപയോഗിച്ച് ആളുകളെ അപകടകരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിക്കാം.
ഇത്തരം ആക്രമണങ്ങളെ ക്യൂആർ പുഷിങ് അഥവാ ക്വിഷിങ് എന്നു വിളിക്കുന്നു. സ്കാൻ ചെയ്തു തുറക്കുന്ന വെബ്‌സൈറ്റ് വ്യാജമാണെങ്കിൽ ലോഗിൻ വിവരങ്ങളോ മറ്റ് വ്യക്തിഗത വിവരങ്ങളോ തട്ടിയെടുക്കാനുള്ള ശ്രമം നടക്കാം.
QR കോഡ് സ്കാൻ ചെയ്ത ഉടൻ തുറക്കുന്ന ലിങ്കിൽ വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ് വിലാസം ശ്രദ്ധിച്ച് പരിശോധിക്കുക. ബാങ്കിന്റെ പേരോ പ്രമുഖ സ്ഥാപനത്തിന്റെ പേരോ ഉപയോഗിച്ചിട്ടുണ്ടെങ്കിലും വിലാസത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടോ എന്ന് നോക്കണം.
പ്രത്യേകിച്ച് QR കോഡ് സ്കാൻ ചെയ്തതിനു പിന്നാലെ പാസ്‌വേഡ്, OTP, കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകാൻ ആവശ്യപ്പെടുകയാണെങ്കിൽ കൂടുതൽ ജാഗ്രത വേണം.
സാധാരണ ബാർകോഡിനേക്കാൾ കൂടുതൽ വിവരങ്ങൾ QR കോഡിൽ സൂക്ഷിക്കാനാകും. കൂടാതെ ചെറിയ വലുപ്പത്തിൽ തന്നെ അച്ചടിക്കാനും വിവിധ രീതിയിൽ ഡിസൈൻ ചെയ്യാനും സാധിക്കും. ഇന്ന് മിക്ക സ്മാർട്ട്ഫോണുകളിലും ക്യാമറ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates