സമകാലിക മലയാളം ഡെസ്ക്
മനസുതുറന്നൊന്ന് ചിരിച്ചാല്‍ മതി, പകുതി അസുഖങ്ങളും പമ്പകടക്കും! ഇന്ന് ലോക സന്തോഷദിനമാണ്. പിരിമുറക്കവും സമ്മര്‍ദവും പിടിമുറുക്കുന്ന കാലത്ത് സന്തോഷദിനത്തിന് പ്രാധാന്യം ഏറെയാണ്.
എല്ലാ വർഷവും മാർച്ച് 20നാണ് ലോക സന്തോഷദിനം ആചരിക്കുന്നത്. സന്തോഷമെന്നത് സാർവത്രികമായ മൗലികാവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
പ്രമേയം
കരുതാം, പങ്കിടാം എന്നതാണ് എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ സന്ദേശം.
സന്തോഷദിന ചരിത്രം
1970 കളുടെ തുടക്കം മുതൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ മൊത്ത ദേശീയ സന്തോഷത്തിന് മുൻഗണന നൽകുന്ന രാജ്യമായ ഭൂട്ടാനില്‍ നിന്നാണ് അന്താരാഷ്ട്ര സന്തോഷ ദിനം എന്ന ആശയത്തിന് തുടക്കം കുറിച്ചത്.
ഭൂട്ടാന്‍ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2012 ൽ ഐക്യരാഷ്ട്രസഭ മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് രാഷ്ട്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2013 മുതലാണ് ഐക്യരാഷ്ട്ര സഭ ഇന്റർനാഷണൽ ഹാപ്പിനസ് ഡേ ആഘോഷിക്കാൻ തുടങ്ങിയത്.
ആഗോള അസമത്വം കുറയ്ക്കുക, ദാരിദ്ര്യം അവസാനിപ്പിക്കുക, ഭാവി തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ ദിനത്തിനുണ്ട്. വിവിധി ക്യാമ്പയിനുകളും സന്തോഷദിനത്തില്‍ നടക്കുന്നു.
ഫിൻലാൻഡ് ആണ് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിലെ മറ്റ് രണ്ടും മൂന്നും നാലും സ്ഥാനക്കാര്‍.
സാമൂഹിക പിന്തുണ, ആയുർദൈർഘ്യം, വരുമാനം, സ്വാതന്ത്ര്യം, അഴിമതി നിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.