അണ്ഡാശയ അര്‍ബുദം; ആറ് കാരണങ്ങൾ

അഞ്ജു

എല്ലാ വര്‍ഷവും മെയ് 8-ന് ലോക അണ്ഡാശയ അര്‍ബുദ ദിനമായി ആചരിക്കുന്നു. ആദ്യ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തത് രോഗാവസ്ഥ തിരിച്ചറിയാന്‍ വൈകുന്നു. സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ കാന്‍സറുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് അണ്ഡാശയ അര്‍ബുദം.

അണ്ഡാശയ അര്‍ബുദത്തിന് പിന്നിലെ ചില അപകട ഘടകങ്ങളെ തിരിച്ചറിയാം.

ജനിതക മ്യൂട്ടേഷന്‍

ഡിഎന്‍എയിലെ ബിആര്‍സിഎ1, ബിആര്‍സിഎ2 പോലുള്ള ജീനുകളില്‍ ഉണ്ടാകുന്ന ജനിതക മ്യൂട്ടേഷന്‍ അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാം. ഇത് പാരമ്പര്യമായി സംഭവിക്കാം. അണ്ഡാശയ അര്‍ബുദമുള്ള സ്ത്രീകളുടെ അടുത്ത ബന്ധുക്കള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കാണുന്നുണ്ട്.

എന്‍ഡോമെട്രിയോസിസ്

ഗര്‍ഭാശയത്തിന് പുറത്ത് എന്‍ഡോമെട്രിയല്‍ ടിഷ്യു വളരുന്ന അവസ്ഥയായ എന്‍ഡോമെട്രിയോസിസ് സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാം. എന്‍ഡോമെട്രിയോസിസ് ഫാലോപ്യന്‍ ട്യൂബുകളെയും മറ്റ് പെല്‍വിക് അവയവങ്ങളെയും ബാധിക്കാം.

പ്രത്യുല്‍പാദന ഘടകങ്ങള്‍

കുഞ്ഞുങ്ങളുണ്ടാകുന്നതിനായി നടത്തുന്ന ഫെര്‍ട്ടിലിറ്റി ചികിത്സകളില്‍ സംഭവിക്കുന്ന ആവര്‍ത്തിച്ചുള്ള അണ്ഡോത്പാദനവും അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പൊണ്ണത്തടി

പൊണ്ണത്തടി അല്ലെങ്കില്‍ അമിത വണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.

പുകവലി

സ്ത്രീകള്‍ പുകവലിക്കുന്നത് അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പുകവലി ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.

ആര്‍ത്തവം

കുട്ടികളുണ്ടാകാത്ത സ്ത്രീകളിലും നേരത്തെ ആര്‍ത്തവം ആരംഭിക്കുകയും വൈകി ആര്‍ത്തവവിരാമം സംഭവിക്കുകയും ചെയ്യുന്ന സ്ത്രകളിലും എപ്പിത്തീലിയല്‍ അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത അധികമാണ്