സമകാലിക മലയാളം ഡെസ്ക്
സാരിയിൽ ഒരു വ്യത്യസ്ത ഫാഷൻ പരീക്ഷണവുമായി നടി തമന്ന ഭാട്ടിയ. ബിഗ് ബോസ് സീസൺ 20 യുടെ വേദിയിൽ ഡിസൈനർ മാസബ ഗുപ്തയുടെ ‘അൽബേലാ സാജൻ’ എന്ന സാരി ധരിച്ചാണ് തമന്ന എത്തിയത്.
പരമ്പരാഗത ഇന്ത്യൻ വസ്ത്രത്തിന്റെ ഭംഗിയും ആധുനിക ഫാഷൻ ഘടകങ്ങളും ഒരുമിച്ചെത്തുന്ന സാരിയുടെ വിലയാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ഏറെ ചർച്ചയാകുന്നത്.
ഡീപ് മറൂൺ നിറത്തിലാണ് സാരി ഒരുക്കിയിരിക്കുന്നത്. സാധാരണ പട്ടുസാരികളിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്ത ടെക്സ്ചറുകളും പ്രിന്റുകളുമാണ് ഡിസൈനിന്റെ പ്രത്യേകത.
സാരിയുടെ മുന്താണിയിലും ബോർഡറിലും ഗോൾഡൻ എംബ്രോയ്ഡറി, വെൽവെറ്റ്, കൗരി ഷെല്ലുകൾ, നാണയ മാതൃകയിലുള്ള അലങ്കാരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്, ഗോൾഡ് നിറങ്ങളിലുള്ള പ്രിന്റഡ് പാനലുകളും സാരിക്ക് വേറിട്ട ഭംഗി നൽകുന്നു.
സാരിയുടെ നിറത്തോട് ചേർന്ന വൈൻ ഷേഡിലാണ് തമന്നയുടെ ബ്ലൗസ്. സ്വീറ്റ്‌ഹാർട്ട് നെക്ക്‌ലൈനും ഗോൾഡൻ എംബ്രോയ്ഡറി വർക്കുമാണ് ബ്ലൗസിന്റെ പ്രധാന ആകർഷണം. അരക്കെട്ടിന് ചുറ്റുമുള്ള വലുതായ എംബ്രോയ്ഡറി ബ്ലൗസിന് കൂടുതൽ സ്റ്റേറ്റ്മെന്റ് ലുക്ക് നൽകി.
സാരി തന്നെ നിരവധി അലങ്കാരങ്ങളുള്ളതിനാൽ ആഭരണങ്ങളിൽ താരതമ്യേന മിനിമൽ സമീപനമാണ് തമന്ന സ്വീകരിച്ചത്. നീലയും പച്ചയും കലർന്ന കോൺട്രാസ്റ്റ് ഷേഡിലുള്ള സ്റ്റേറ്റ്മെന്റ് കമ്മലുകളാണ് തെരഞ്ഞെടുത്തത്. ചെറിയ പൊട്ട്, ലളിതമായ മേക്കപ്പ്, അയഞ്ഞ മുടി എന്നിവയായിരുന്നു ലുക്കിന്റെ മറ്റ് പ്രത്യേകതകൾ.
ഹൗസ് ഓഫ് മാസബയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 1,85,000 രൂപയാണ് ‘അൽബേലാ സാജൻ’ സാരിയുടെ വില. വില പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും സാരി ചർച്ചയായി. ഇത്രയും തുകയ്ക്ക് ദുബായ് യാത്ര നടത്താമെന്ന തരത്തിലുള്ള രസകരമായ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
അതേസമയം, പരമ്പരാഗത ഇന്ത്യൻ സൗന്ദര്യത്തെ ആധുനിക ഡിസൈനുമായി കൂട്ടിച്ചേർത്തുള്ള സാരിയുടെ കരകൗശലവും ഫിനിഷിങ്ങുമാണ് ശ്രദ്ധ നേടുന്നത്. ‘മോഡേൺ ഇന്ത്യൻ ഗ്ലാമർ’ എന്നാണ് തമന്ന ഈ ലുക്കിനെ വിശേഷിപ്പിച്ചത്.
പരമ്പരാഗത സാരിയെ കൂടുതൽ ആധുനികമായ രീതിയിൽ അവതരിപ്പിക്കാനുള്ള സാധ്യതയാണ് തമന്നയുടെ ഈ ലുക്ക് കാണിക്കുന്നത്. ഡാർക്ക് ഷേഡിലുള്ള സാരിക്കൊപ്പം കൃത്യമായ ഫിറ്റിങ്ങുള്ള ബ്ലൗസും വ്യത്യസ്ത നിറത്തിലുള്ള ആഭരണങ്ങളും ചേർത്താണ് ലുക്ക് പൂർത്തിയാക്കിയിരിക്കുന്നത്.
ഇന്ത്യൻ ഫാഷൻ രംഗത്ത് എന്ന് പുതിയ പരീക്ഷണങ്ങൾ കൊണ്ട് തരംഗം സൃഷ്ടിക്കുന്ന ഡിസൈനറാണ് മാസബ ഗുപ്ത. പ്രശസ്ത ബോളിവുഡ് നടി നീന ഗുപ്തയുടെയും, വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന്റെയും മകളായ മാസബ ഫാഷൻ ലോകത്ത് 'ക്വീൻ ഓഫ് പ്രിന്റ്സ്' എന്നാണ് അറിയപ്പെടുന്നത്.
ആലിയ ഭട്ട്, കരീന കപൂർ, തമന്ന ഭാട്ടിയ, കീർത്തി സുരേഷ് തുടങ്ങിയ പ്രമുഖ ബോളിവുഡ്-സൗത്ത് ഇന്ത്യൻ താരങ്ങൾ മസാബയുടെ ഡിസൈനുകൾ ധരിക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates