മമ്മൂട്ടിയുടെ മുഖത്ത് ആദ്യമായി ചായം തേച്ച മേക്കപ്പ്മാന്‍, പി. വി. ശങ്കറിന് ജീവിതാശംസകളുമായി മമ്മൂട്ടിയുടെ വീഡിയോ 

''എന്തായാലും ആദ്യത്തെ പടം അനുഭവങ്ങള്‍ പാളിച്ചകള്‍ ആണെങ്കിലും ശങ്കറിന് ഈ മേഖലയില്‍ പാളിച്ചകളൊന്നുമുണ്ടായില്ല.'' മമ്മൂട്ടി
മമ്മൂട്ടിയും പി.വി. ശങ്കറും
മമ്മൂട്ടിയും പി.വി. ശങ്കറും

ഒരു അഭിനേതാവ് കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തുന്നതിനിടയില്‍ ഒരാളുടെ കൈയ്യും മനസ്സും പ്രവര്‍ത്തിക്കുന്നുണ്ട്. അത് മേക്കപ്പ്മാന്റേതാണ്. ആയിരക്കണക്കിന് കഥാപാത്രങ്ങളിലേക്ക് പാലമൊരുക്കി നാല്‍പ്പത്തിയാറു വര്‍ഷമായി അതേ മേഖലയില്‍ തുടരുകയാണ് പി.വി. ശങ്കര്‍ എന്ന മേക്കപ്പ്മാന്‍. 
മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്നുകൊണ്ടിരിക്കുന്ന പി.വി. ശങ്കര്‍ ഇതിനകം തന്റെ അഞ്ഞൂറാമത്തെ ചിത്രം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ആദ്യചിത്രത്തില്‍ മമ്മൂട്ടിയുടെ മുഖത്ത് ചായം തേച്ച് തുടങ്ങിയ മേക്കപ്പ്മാന്‍ ജീവിതം അഞ്ഞൂറാമത്തെ സിനിമയിലെത്തിയപ്പോഴും അതേ മുഖത്തുതന്നെയാണ് ചായമിട്ടതും. നിയോഗങ്ങള്‍ ജീവിതത്തെ തിരിച്ചുകൊണ്ടിരുന്നപ്പോള്‍ പലതും കൗതുകകരമായിരുന്നു ഈ ജീവിതം.
1971ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് പി.വി. ശങ്കര്‍ തന്റെ പ്രൊഫഷണല്‍ ജീവിതം തുടങ്ങിയത്. പാളിച്ചയില്ലാത്ത തുടക്കമായിരുന്നു ശങ്കറിന് ഈ ചിത്രം. സത്യന്‍, നസീര്‍, ഷീല, മമ്മൂട്ടി തുടങ്ങിയവരായിരുന്നു ഇതിലെ പ്രധാന അഭിനേതാക്കള്‍. മമ്മൂട്ടി അന്ന് അറിയപ്പെടുന്ന നടനായിരുന്നില്ല. ചെറിയ വേഷം ചെയ്യുന്നവര്‍ക്ക് മേക്കപ്പിടേണ്ടത് അസിസ്റ്റന്റായിരുന്നു. അങ്ങനെയാണ് മമ്മൂട്ടിയുടെ മുഖത്ത് ആദ്യമായി ചായമിടാനുള്ള അവസരം പി.വി. ശങ്കറിനു വന്നത്. അന്ന് ചായമിടുമ്പോള്‍ ഭാവിയിലെ മെഗാസ്റ്റാറിനു മുന്നിലാണ് ഇരിക്കുന്നതെന്ന് പി.വി. ശങ്കറും ഒരിക്കലും ഓര്‍ത്തിട്ടുണ്ടാവില്ല.

''പക്ഷെ, ആ മുഖത്തും മനസ്സിലും ഒരിക്കല്‍ ഞാനും നസീറിനെപ്പോലെയൊക്കെയാവും എന്നൊരു ആത്മവിശ്വാസം ഉണ്ടായിട്ടുണ്ട്.''
മമ്മൂട്ടി ആദ്യമായി ചായം തേച്ച മേക്കപ്പ്മാനെ മറന്നില്ല. ഇരുവരും സിനിമയ്‌ക്കൊപ്പം നടക്കുകയായിരുന്നുവല്ലോ.
''എന്തായാലും ആദ്യത്തെ പടം അനുഭവങ്ങള്‍ പാളിച്ചകള്‍ ആണെങ്കിലും ശങ്കറിന് ഈ മേഖലയില്‍ പാളിച്ചകളൊന്നുമുണ്ടായില്ല.'' മമ്മൂട്ടി ശങ്കറിനെക്കുറിച്ച് പറയുന്നു.

നസീറിനെ ഒരുക്കുന്ന പി.വി. ശങ്കര്‍

അനുഭവങ്ങള്‍ പാളിച്ചകളില്‍ തന്റെ കഴിവു തെളിയിക്കാന്‍ കെ.വി. ഭാസ്‌കരന്‍ അവസരം നല്‍കി. സത്യന്റെയും നസീറിന്റെ മുഖത്തും ചായമിടാനുള്ള അവസരമായിരുന്നു അത്.
''സത്യന്‍ സാറിന്റെ മുന്നിലേക്ക് മേക്കപ്പിടാനായി ആദ്യം പോയപ്പോള്‍ പേടിയായിരുന്നു. പുറത്തുനിന്ന് അത്ഭുതത്തോടെമാത്രം നോക്കിയ താരമല്ലേ അദ്ദേഹം. എന്റെ കൈയ്യുംകാലും വിറച്ചിട്ടുണ്ടാകണം എന്നാണ് ഓര്‍മ്മ.'' പി.വി. ശങ്കര്‍ ആ ദിനങ്ങളെ ഓര്‍ത്തെടുത്തു.
ബഹുമാനംകൊണ്ടും ആരാധനകൊണ്ടുമായിരുന്നു അന്ന് സത്യന്റെ അടുത്തെത്തിയതെങ്കില്‍ പിന്നീടത് അടുത്തെത്തി സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്കുവരെയെത്തി.
''നസീര്‍ സാറിനൊപ്പം പിന്നെയും കുറേ ചിത്രങ്ങളില്‍ ചെയ്തു. പെരുമാറ്റംകൊണ്ട് അമ്പരപ്പിക്കുമായിരുന്നു നസീര്‍ സാര്‍.''
കെ.വി. ഭാസ്‌കരന്‍ എന്ന മേക്കപ്പുമാന്റെ അസിസ്റ്റന്റായിട്ടായിരുന്നു പി.വി. ശങ്കറിന്റെ തുടക്കം. തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന പി.വി. ശങ്കറിന് ചിത്രംവരയിലായിരുന്നു ഹരം. സിനിമ എന്ന മാധ്യമത്തോടുള്ള സ്‌നേഹവും ആഗ്രഹവും മനസ്സില്‍ നില്‍ക്കുമ്പോള്‍ കെ.വി. ഭാസ്‌കരനൊപ്പം അസിസ്റ്റന്റായി ചേരുവാന്‍ അവസരം വരികയായിരുന്നു. കഥാപാത്രങ്ങളെ വരച്ചൊതുക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടായിത്തീരാനായിരുന്നു നിയോഗം.


മമ്മൂട്ടിയും ഏതാണ്ട് ഇതേ കാലത്താണ് സിനിമയിലേക്കെത്തുന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെതന്നെ വാക്കുകളില്‍, ''ഞാനുമൊരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.'' ഒരു നിയോഗംപോലെ മമ്മൂട്ടി ചിത്രമായ വി.എം. വിനു സംവിധാനം ചെയ്ത ഫെയ്‌സ് ടു ഫെയ്‌സ് എന്ന ചിത്രമായിരുന്നു പി.വി. ശങ്കറിന്റെ അഞ്ഞൂറാമത്തെ ചിത്രം.
സ്വതന്ത്ര മേക്കപ്പ്മാനായി പി.വി. ശങ്കര്‍ എത്തുന്നത് കാലം കാത്തുനിന്നില്ല എന്ന ചിത്രത്തിലായിരുന്നു. പി.വി. ശങ്കറിനെ കാലം കാത്തുസൂക്ഷിച്ച് കൂടെ കൊണ്ടുനടക്കുകയായിരുന്നു. ഇപ്പോഴും ഈ മേഖലയില്‍ സജീവമായി നില്‍ക്കുന്ന അദ്ദേഹം ജയറാം ചിത്രമായ ആകാശമിട്ടായിയുടെ സെറ്റില്‍ ചായമിടുന്നതിന്റെ തിരക്കിലാണ്.


നാല്‍പ്പത്തിയാറു വര്‍ഷത്തെ മറക്കാനാവാത്ത ഓര്‍മ്മകളെക്കുറിച്ച് ചോദിച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ''ഈ നാല്‍പ്പത്തിയാറു വര്‍ഷവും ഞാന്‍ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു എന്നതുതന്നെ മറക്കാനാവാത്തത്.''
സിനിമയുടെയും കഥാപാത്രങ്ങളുടെയും അഭിനേതാക്കളുടെയും മാറ്റത്തിനൊപ്പം സഞ്ചാരിയായിരുന്നു പി.വി. ശങ്കര്‍. തിരുവനന്തപുരത്തുനിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള താമസമാറ്റവും ആ സഞ്ചാരത്തിന്റെ തുടര്‍ച്ചയാണ്. മകന്‍ രഞ്ജിത് ശങ്കറിലൂടെ സിനിമയുടെ കൂടെയുള്ള സഞ്ചാരം പുതിയ തലമുറയിലേക്കുകൂടി പകര്‍ന്നുനല്‍കി. ലാല്‍ മീഡിയയിലായിരുന്നു മകന്‍ ജോലി ചെയ്തത് ഇപ്പോള്‍ വിദേശത്താണ്. ഭാര്യ സുമ. മകള്‍ രേഷ്മ വിവാഹിതയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com