ഗ്രാമീണത വാരിച്ചുറ്റിയ പാത്തു, തീ തുപ്പുന്ന ചോദ്യങ്ങളുയര്‍ത്തിയ സാവിത്രി.. സുരഭി വേറെ ലെവലാണ്

നാടകക്കാരും കോഴിക്കോട്ടുകാരുമുള്ള സെറ്റ് മടുക്കുകയേയില്ലെന്നും പറയും, സുരഭി
ഗ്രാമീണത വാരിച്ചുറ്റിയ പാത്തു, തീ തുപ്പുന്ന ചോദ്യങ്ങളുയര്‍ത്തിയ സാവിത്രി.. സുരഭി വേറെ ലെവലാണ്

പാത്തുവായാണ് നമ്മളില്‍ പലരും സുരഭിയെ അറിയുക. എം80 മൂസയെന്ന ടെലിവിഷന്‍ പരമ്പരയിലെ കോഴിക്കോട്ടുകാരിയായ വീട്ടമ്മ. ഭാഷയില്‍ മാത്രമല്ല, ഉടലില്‍ മുഴുവന്‍ മലബാറിന്റെ ഗ്രാമീണത വാരിച്ചുറ്റിയ പാത്തുമ്മ. സുരഭി ലക്ഷ്മിയുടെ അഭിനയകാലത്തിന് പക്ഷേ, അതിനേക്കാള്‍ പഴക്കമുണ്ട്. റിയാലിറ്റി ഷോയില്‍നിന്നിറങ്ങി കേരളം മുഴുവന്‍ നാടകം കളിച്ചുനടന്ന ഒരു കാലത്തിന്റെ പഴക്കം. അതാണ് ഇപ്പോള്‍ ദേശീയ പുരസ്‌കാരത്തില്‍ എത്തിനില്‍ക്കുന്നത്.

ബിഎയ്ക്കു പഠിക്കുമ്പോഴാണ് സുരഭി അമൃത ടിവിയിലെ ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ വിജയിക്കുന്നത്. ഭരതനാട്യമായിരുന്നു ബിഎയ്ക്കു മെയിന്‍. എംഎയ്ക്കു നാടകമായിരുന്നു തെരഞ്ഞെടുത്തത്. മുപ്പതോളം നാടകങ്ങളില്‍ അക്കാലത്ത് അഭനയിച്ചിട്ടുണ്ടെന്ന് സുരഭി പറയുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, രഘൂത്തമന്റെ 'ഇരകളോടു മാത്രമല്ല സംസാരിക്കേണ്ടത്' എന്ന നാടകം കേരളത്തില്‍ അങ്ങോളമിങ്ങോളം അവതരിപ്പിച്ചു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ ഇരകളാക്കപ്പെടുന്നതിനെ ചോദ്യം ചെയ്ത ആ നാടകത്തില്‍ സാവിത്രി എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിച്ചത്. ''അന്ന് എനക്ക് പത്തു പന്ത്രണ്ട് വയസ്സ്. അപ്പോ എനക്ക് കല്യാണം. എന്‍ പുരുഷനെക്കുറിച്ച് തെരിയുമാ. ഉണ്ട കണ്ണ്, കപ്പടാ മീസ പെരിയ ആള്‍. എന്‍ ഊരില്‍ നിന്ന് റൊമ്പ ദൂരം. കുപ്പ ഗ്രാമം. അഞ്ചാറു മാസത്തിലെ എനിക്ക് പച്ചമാങ്ങ തിന്നാന്‍ ആശൈ. ഉണ്ടാകില്ലേ ചേച്ചി നമുക്ക് ഇങ്ങനെയുള്ള ആശകള്‍'' ഇങ്ങനെ തമിഴും മലയാളവും ചേര്‍ന്ന് പ്രക്ഷകരോടു ചോദ്യം ചോദിച്ചു രംഗത്തെത്തിയ സാവിത്രിയായി സുരഭിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.


ആ നാടകകാലത്തിന്റെ അടുപ്പം ഇപ്പോഴുമുണ്ട്, സുരഭിക്ക് നാടക വേദിയോട്. നാടകം അഭിനേതാവിന്റെ വേരാണ് എ്ന്നാണ് സുരഭി പറയുക. ആ മരം കണ്ടോ, മുകളില്‍ പൂക്കളും ഇലകളുമെല്ലാം പടര്‍ന്നുകിടക്കും. എന്നാല്‍ അതിനെ പിടിച്ചുനിര്‍ത്തുന്നത് വേരുകളാണ്- സുരഭി പറയുന്നു. നാടകക്കാരും കോഴിക്കോട്ടുകാരുമുള്ള സെറ്റ് മടുക്കുകയേയില്ലെന്നും പറയും, സുരഭി.

സുവര്‍ണ തിയേറ്റേഴ്‌സിന്റെ യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനാണ് മികച്ച നടിയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത്. അബുദാബി തിയേറ്റര്‍ ഫെസ്റ്റിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയാണ് സുരഭി. കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നിന്നും ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തരബിരുദവും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com