ഇറങ്ങുന്നതിനുമുന്നേ വന്‍ ലാഭം കൊയ്ത് ബാഹുബലി- 2; റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ചു

ഇറങ്ങുന്നതിനുമുന്നേ വന്‍ ലാഭം കൊയ്ത് ബാഹുബലി- 2; റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ചു

മുംബൈ: ഇന്ത്യന്‍ സിനിമയില്‍ ബിഗ്ബഡ്ജറ്റില്‍ പുരാണകഥാപാത്രങ്ങളുടെ കഥ പറയുന്ന എസ്.എസ്. രാജമൗലിയുടെ ബാഹുബലി - 2 തീയേറ്ററിലെത്തുംമുന്നേ ചരിത്രമാവുകയാണ്. റെക്കോഡുകളെല്ലാം തകര്‍ത്തുകൊണ്ടാണ് ബാഹുബലി 2 തീയേറ്ററിലേക്ക് എത്തുന്നതുതന്നെ.
250 കോടി രൂപ മുടക്കിയാണ് ബാഹുബലി 2 നിര്‍മ്മിച്ചിരിക്കുന്നത്. ഈ തുക മുഴുവനായും തീയേറ്ററിലേക്കെത്തിക്കുന്ന വിതരണക്കാരില്‍നിന്നും ലഭിക്കും. 250 കോടി രൂപയ്ക്കാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇതോടെതന്നെ ഈ ബിഗ്ബഡ്ജറ്റ് ചിത്രം നഷ്ടത്തിലാവില്ലെന്ന് ഇറങ്ങുംമുമ്പേ ഉറപ്പായി. ഇനിയുള്ള രണ്ടുമൂന്നു കണക്കുകള്‍ കൂടി കേട്ടാല്‍ ഈ പടം വന്‍ലാഭമായെന്ന് ഇപ്പോഴേ നിര്‍മ്മാതാവിന് ഉറപ്പിക്കാം. 100 കോടി രൂപയാണ് ഓവര്‍സീസ് കരാറിലൂടെ ലഭിയ്ക്കാന്‍ പോകുന്നത്. സാറ്റലൈറ്റ് റൈറ്റില്‍ നിന്നും 78 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുക. ഹിന്ദി ഭാഷയ്ക്കുമാത്രമായി 50 കോടി രൂപ സാറ്റലൈറ്റ് കിട്ടുന്ന ആദ്യചിത്രമായിരിക്കും ബാഹുബലി. 28 കോടി രൂപ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിന്നും സാറ്റലൈറ്റ് ചാര്‍ജ്ജ് ലഭിക്കും. ഇതൊക്കെയും റെക്കോഡാണ്.

ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് വഴിയുള്ള വരുമാനത്തെക്കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ കഥയെയും കഥാപാത്രങ്ങളെയും വച്ചുകൊണ്ടുള്ള കോമിക് ബുക്ക്, നോവല്‍, അനിമേഷന്‍, വീഡിയോകള്‍ വഴിയുള്ള വരുമാനം പത്തു കോടിയില്‍ കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പാട്ടിന്റെ റൈറ്റ് വഴി വരുമാനത്തിന്റെ അഞ്ചു മുതല്‍ പത്തുശതമാനം വരെ ആദായം ലഭിക്കാനുണ്ട്.
6500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതുതന്നെ ചരിത്രമാണ്. ആദ്യദിവസം നൂറുകോടി കളക്ട് ചെയ്യാനുള്ള സാധ്യതകളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ശരിയാവുകയാണെങ്കില്‍ അതും ഒരു ചരിത്രമായിരിക്കും. ബാഹുബലി ടീമിനെ ചില കമ്പനികള്‍ ബ്രാന്റ് ചെയ്യുന്നതിന്റെ വരുമാനമൊക്കെ ചേര്‍ത്താല്‍ ഇന്ത്യന്‍ സിനിമയില്‍ എല്ലാ മേഖലയിലും ചരിത്രം സൃഷ്ടിക്കാനാണ് ബാഹുബലി 2ന്റെ വരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com