ഇനി ഞാന്‍ പ്രതികരിക്കും; അത് കടുപ്പത്തിലുമായിരിക്കും: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദിലീപ്

അടുത്തകാലത്തുണ്ടായ എല്ലാ സംഭവവികാസങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ദിലീപ് പ്രതികരിക്കുകയാണ്; കടുത്ത ഭാഷയില്‍ത്തന്നെ.
ഇനി ഞാന്‍ പ്രതികരിക്കും; അത് കടുപ്പത്തിലുമായിരിക്കും: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദിലീപ്

കൊച്ചി: അവസാന അപേക്ഷയും നല്‍കി താക്കീതോടെ ദിലീപ് പറയുന്നതിങ്ങനെ: ''പ്ലീസ്, എന്നെ വിട്ടേക്ക്... എന്നെ ഉപദ്രവിച്ചസമയത്തും ആരെയും ഞാന്‍ കുറ്റപ്പെടുത്താത്ത ആളാണ്. ഇനിയും ഇത് തുടരുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പ്രതികരിക്കും. അത് കുറച്ച് കടുപ്പത്തിലുമായിരിക്കും. അതോണ്ട് വേണ്ട. എന്നെ വിട്ടേക്ക്, അതാ നല്ലത്.'' അടുത്തകാലത്തുണ്ടായ എല്ലാ സംഭവവികാസങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ദിലീപ് പ്രതികരിക്കുകയാണ്; കടുത്ത ഭാഷയില്‍ത്തന്നെ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണങ്ങള്‍.
മഞ്ജുവാര്യരുമായുള്ള വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി കാവ്യയുമായുള്ള വിവാഹം, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തന്റെ പങ്ക്, ആത്മഹത്യയ്ക്കുവരെ തുനിഞ്ഞ സന്ദര്‍ഭങ്ങള്‍, വളഞ്ഞിട്ടുള്ള ആക്രമണങ്ങളില്‍ പിടിച്ചുനിന്നതിനെക്കുറിച്ച്, സിനിമാപ്രതിസന്ധികളെക്കുറിച്ച് ഇങ്ങനെ വളരെ വിശദമായിത്തന്നെ ദിലീപ് മനസ്സ് തുറക്കുന്നു.

ആദ്യ വിവാഹവും വിവാഹമോചനവും
ആദ്യവിവാഹം- അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണ്. ഇതൊന്നും പലതവണ പറയാന്‍ ഞാന്‍ ആഗ്രഹിക്കാറില്ല. എന്തിനാ വെറുതെ? എന്തായാലും 1998ലാണ് ഞങ്ങളുടെ വിവാഹം നടന്നത്. മഞ്ജുവുമായി ഭാര്യ- ഭര്‍തൃബന്ധം എന്നതിനപ്പുറമുള്ള സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. അതിലാണ് വിള്ളല്‍ വീണത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുമുമ്പുവരെ വളരെ സന്തോഷത്തോടുകൂടിത്തന്നെയായിരുന്നു എന്റെ കുടുംബം മുന്നോട്ടുപോയിരുന്നത്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ വളരെ വിശദമായിത്തന്നെ 2013 ജൂണ്‍ അഞ്ചിന് കോടതിയില്‍ നല്‍കിയ ഡൈവേഴ്‌സ് പെറ്റീഷനില്‍ എഴുതിയിട്ടുണ്ട്. അത് എന്റെ എന്റെ കുടുംബചരിത്രംതന്നെയാണ്. അതിലൊക്കെ പലരുടെയും പേരുകള്‍ ഉള്‍പ്പെടുന്നുണ്ട്. എന്റെ കൂടെനിന്നവര്‍ പോലും എന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ വളരെയേറെ സ്‌നേഹിക്കുന്നവര്‍പോലും എന്നെ ഉപദ്രവിച്ചു. പക്ഷെ, ഞാന്‍ അഴരുടെയൊന്നും പേരുകള്‍ ഇന്നേവരെ ശത്രുതയോടെ ഒരു സ്ഥലത്തും വലിച്ചിഴച്ചിട്ടില്ല. പ്രതികരിച്ചിട്ടുമില്ല. അത്തരം പ്രമുഖരുടെ മുഖങ്ങളൊന്നും വികൃതമാകരുത് എന്ന് പൂര്‍ണ്ണമായും ഉറപ്പാക്കാനാഗ്രഹിക്കുന്നതുകൊണ്ടാണ് ഞാന്‍ കോടതിയില്‍ രഹസ്യവിചാരണ ഓപ്റ്റ് ചെയ്തത്.
അവരുമായുള്ള(മഞ്ജുവുമായി) ജീവിതമൊക്കെ കഴിഞ്ഞുപോയതാണ്. ഇനി അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലൊന്നും വലിയ കാര്യമില്ല. പക്ഷെ, ഇപ്പോഴും പലരും അതുംപറഞ്ഞ് വീണ്ടും ഓരോന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. എന്റെ ആദ്യഭാര്യ അവരുടെ ജീവിതവുമായി, ജോലിയുമായി പോകുന്നുണ്ട്. ആ വഴിക്കൊന്നും ഞാനില്ലല്ലോ? പിന്നെയും എന്തിനാണ് എന്നെ ചിലര്‍ അതുംപറഞ്ഞ് ഉപദ്രവിക്കുന്നത് എന്ന് എനിക്കറിയില്ല. പിന്നെ എന്റെ മകളുടെ ഭാവി ഓര്‍ത്തുമാത്രമാണ് ഞാന്‍ മൗനമായി നില്‍ക്കുന്നത്. സഹിച്ച് നില്‍ക്കുന്നതിന് ഒരു പരിധിയൊക്കെയുണ്ട്. എന്നെക്കൊണ്ട് കൂടുതല്‍ വെളിപ്പെടുത്തലുകളൊന്നും നടത്താനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്.

കാവ്യയുമായുള്ള ജീവിതവും ഗോസിപ്പുകളും
ആദ്യവിവാഹജീവിതം തകരാന്‍ കാരണം കാവ്യയായിരുന്നുവെന്ന് പലരും പറഞ്ഞുനടക്കുന്നുണ്ട്. ചില മഞ്ഞപ്പത്രക്കാര്‍ക്ക് ജീവിച്ചുപോകാന്‍ ചില ഗോസിപ്പുകളെഴുതണം. അത്രയേ ഞാനതിനെ കാണുന്നുള്ളു. ഞാന്‍ പ്രതികരിക്കാതിരുന്നതിനും കാരണം അതായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ തലയിലേക്ക് അടിച്ചേല്‍പ്പിക്കുന്ന മട്ടിലാണ് ഇപ്പോള്‍ പലതും വന്നുകൊണ്ടിരിക്കുന്നത് എന്നതുകൊണ്ടാണ് ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. നാദിര്‍ഷയും എന്റെ അനിയനുമൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്; എന്തിനാണിത്ര സഹിക്കുന്നത് എന്ന്.ഞാന്‍ അത്രയേറെ സഹിച്ചു, ക്ഷമിച്ചു. ഇനി അങ്ങനെ പ്രതീക്ഷിക്കരുത്.
കാവ്യയായിരുന്നില്ല ഞങ്ങളുടെ ഇടയിലെ വില്ലന്‍. കാവ്യയോട് ഇഷ്ടമായിരുന്നു; അത് പ്രണയമായിട്ടെടുക്കരുത്. മംമതയോട് എനിക്കിഷ്ടമുണ്ട്, ഭാമ, നവ്യ ഇങ്ങനെ എല്ലാവരോടും എനിക്ക് ഇഷ്ടമുണ്ട്. അതൊന്നും പ്രണയമല്ല. കാവ്യയെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയ്ക്കുംമുന്നേ അറിയുന്നതാണ്. കാവ്യയുടെ വിവാഹജീവിതത്തിലും ഞാനാണ് വില്ലന്‍ എന്ന പറഞ്ഞ് ആദ്യവിവാഹം ഡൈവോഴ്‌സിലേക്കെത്തി.
മഞ്ജുവുമായുള്ള ബന്ധം തകര്‍ത്തത് കാവ്യയായിരുന്നുവെങ്കില്‍ പിന്നെ എനിക്ക് ഒരിക്കലും കാവ്യയുമായി ഒരു ബന്ധവുമുണ്ടാകില്ലായിരുന്നു.
ആദ്യവിവാഹബന്ധം വിട്ടതോടെ കൂട്ടുകാരൊക്കെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അറിയാത്ത ഒരു പെണ്‍കുട്ടിയുമായുള്ള വിവാഹം എനിക്ക് ബുദ്ധിമുട്ടാണ്. വീട്ടിലെ അവസ്ഥ കണ്ടുകൊണ്ടാണ് പലരും എന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നത്. എന്റെ സഹോദരി എന്റെകൂടെ വന്ന് നിന്നു. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി വീട്ടിലുണ്ടാകുമ്പോള്‍ എനിക്ക് ജോലിയില്‍പോലും പൂര്‍ണ്ണമായും ശ്രദ്ധ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായി. പലരും പറഞ്ഞപ്പോള്‍ എനിക്ക് തോന്നി അത് കാവ്യയാകാമെന്ന്. കാരണം ഞങ്ങളുടെ വിവാഹബന്ധങ്ങള്‍ തകരാനുള്ള കാരണം കാവ്യയാണെന്നും കാവ്യയുടെ വിവാഹബന്ധം തകരാന്‍ ഞാനാണ് കാരണമെന്നും പറഞ്ഞുപരത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍പ്പിന്നെ കാവ്യയുമായി സംസാരിക്കാമെന്ന് തീരുമാനിച്ചു.


ആദ്യം ചെയ്തത് എന്റെ മകളോട് സംസാരിക്കുകയായിരുന്നു. മകളിത് കേട്ടപ്പോള്‍ തമാശയില്‍ ആദ്യം ചോദിച്ചത്: ''മതിയായില്ലാ?'' എന്നായിരുന്നു. അവള്‍ക്കും സമ്മതമായിരുന്നു. തനിക്ക് അറിയാവുന്ന ആളല്ലേ എന്നായിരുന്നു അവളുടെയും ആശ്വാസം. അങ്ങനെ കാവ്യയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അവതരിപ്പിച്ചു. പക്ഷെ കാവ്യയുടെ അമ്മ എതിര്‍പ്പായിരുന്നു.
''അതു ശരിയാവില്ല ദിലീപ്. ഇത് നടന്നാല്‍ ഗോസിപ്പ് മുഴുവന്‍ സത്യാണെന്ന് പറയും.'' എന്നായിരുന്നു കാവ്യയുടെ അമ്മയുടെ ചോദ്യം. ഞാനതിന് മറുപടി പറഞ്ഞത്: ഞാന്‍ മറ്റൊരു വിവാഹം കഴിച്ചാല്‍ മഞ്ഞപ്പത്രക്കാര്‍ എഴുതും: അവന്‍ രണ്ടുപേരുടെ ജീവിതം തകര്‍ത്തിട്ട് മൂന്നാമതൊരാളെ കെട്ടിയിരിക്കുകയാണെന്ന്. മാത്രമല്ല, എന്റെ മകളെ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്കല്ലാതെ എന്റെകൂടെ ജീവിക്കാന്‍ പറ്റില്ല. നാളെത്തൊട്ട് കാവ്യയോട് നീ ഈ കുട്ടിയുടെ അമ്മയാകണം എന്നു പറഞ്ഞാല്‍ ശരിയാവില്ല. കാവ്യയ്ക്ക് പൊടുന്നനെ മീനൂട്ടിയുടെ അമ്മയാകാന്‍ പറ്റില്ല. കാവ്യയെ മീനൂട്ടിയ്ക്ക് അമ്മയായും കാണാന്‍ പറ്റില്ല. പക്ഷെ, അവര്‍ തമ്മിലൊരു സൗഹൃദമുണ്ടാക്കിയെടുക്കാന്‍ പറ്റും.
ഈ കാര്യങ്ങളൊക്കെ കാവ്യയുടെ അമ്മയെ പറഞ്ഞു മനസ്സിലാക്കി. എല്ലാരുംകൂടി പറഞ്ഞപ്പോള്‍ കല്യാണത്തിലേക്കെത്തി. മമ്മൂക്കയോട് തലേന്നുതന്നെ പറഞ്ഞിരുന്നു. പിന്നീട് എല്ലാവരോടും ഞാന്‍തന്നെയാണ് വിളിച്ചുപറഞ്ഞത്, മാധ്യമങ്ങളോടടക്കം.
കാവ്യയെ വിവാഹം ചെയ്തതോടെ അതായി നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം. ഞങ്ങള്‍ ജീവിതം തുടങ്ങിയത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. മഞ്ഞപ്പത്രക്കാര്‍ക്ക് പിന്നെയും ജീവിക്കണമല്ലോ? മഞ്ഞപ്പത്രക്കാര്‍ എന്റെ വീട്ടിലായി താമസം. കാരണം, എന്റെ വീട്ടിലെ കാര്യങ്ങള്‍ ഞങ്ങളറിയാത്തതാണ് അവര്‍ അറിയുന്നത്. അവരോട് ഒരു അപേക്ഷയേയുള്ളൂ: ഒരിക്കല്‍ പറഞ്ഞ് ഒരു ജീവിതം കുഴപ്പമുണ്ടാക്കി. ഇതെങ്കിലും കുഴപ്പമാക്കല്ലേ എന്നൊരു അപേക്ഷയുണ്ട്. വേറൊന്നുംകൊണ്ടല്ല, പ്രായമാവുകയല്ലേ, ഇനിയൊരങ്കത്തിന് ബാല്യമില്ല.

നടിയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ എന്നെ പ്രമുഖനാക്കിയത് ആര്? നന്ദി കാണിച്ചില്ല ആ നടിയും

എന്റെ ജീവിതത്തില്‍ ഷോക്കിംഗായിരുന്നു ആ ഇന്‍സിഡന്റ്. ജീവിതം മടുക്കുക എന്നൊക്കെ തോന്നില്ലേ. അങ്ങനെയൊരു സന്ദര്‍ഭമായിരുന്നു കടന്നുപോയത്. പറയുമ്പോള്‍ തുടക്കംമുതലേ പറയണമല്ലോ. തിളക്കം എന്ന സിനിമയില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് ചെയ്യാന്‍ ഒരു നടിയെ വേണം. ആ സമയത്ത് ഈ പ്രമുഖ നടി ഒരു സിനിമയില്‍ അഭിനയിച്ചുനില്‍ക്കുകയാണ്. ആ ഗസ്റ്റ് റോളിലേക്ക് ഞാന്‍ ഈ പ്രമുഖ നടിയെ വിളിച്ചു. വന്നു. അന്ന് ഞാന്‍ പറഞ്ഞിരുന്നു; അടുത്ത സിനിമയില്‍ ഹീറോയിനാക്കാമെന്ന്. ഞാനതുപോലെ ചെയ്യുകയും ചെയ്തു. പലരും എന്നോട് ചോദിച്ചിരുന്നു ഇവരെ ഹീറോയിനാക്കണോ എന്ന്. പക്ഷെ, ഈ നടിയ്ക്ക് ആ നായികാകഥാപാത്രത്തോട് ചേര്‍ന്നുനില്‍ക്കാന്‍ കഴിയുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. പിന്നെ അവരുടെ അച്ഛനെ എനിക്കറിയാം. ഒരു പാവം മനുഷ്യനാണ്. പിന്നീട് ആറേഴ് സിനിമകള്‍ ഞങ്ങളൊരുമിച്ച് ചെയ്തു.
പിന്നീട് അവരുടെ പെരുമാറ്റത്തില്‍ ചില അസ്വാഭാവികതകളും അസ്വസ്ഥതകളും തോന്നിയപ്പോള്‍ ഞാനങ്ങ് മാറി. അല്ലാതെ അവരുടെ അവസരങ്ങളൊന്നും ഞാന്‍ കളയാന്‍ പോയില്ല. പിന്നീട് പറയുന്നതുകേട്ടു, ഒരു സൂപ്പര്‍താരം അവരെ സിനിമകളില്‍നിന്നും വിലക്കുന്നു എന്ന്. എന്റെ പേര് പറയാത്തിടത്തോളം കാലം ഞാന്‍ പ്രതികരിക്കാന്‍ നിന്നില്ല. ഈ പ്രമുഖ നടിയെ അഭിനയിപ്പിക്കരുത് എന്ന് ആരോടെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് ഒന്ന് ചോദിച്ച് നോക്കൂ. പിന്നെ തമിഴില്, തെലുങ്കില്, കന്നടയില് ഞാന്‍ വിലക്കേര്‍പ്പെടുത്തിയത്രെ! ഈ പറയുന്ന സ്ഥലത്തൊന്നും എനിക്ക് ഒരു പിടിയുമില്ല. മാത്രമല്ല, ഞാന്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകളാണ് ചെയ്യുന്നത്. അതില്‍ അവരെ വിളിച്ചില്ല എന്നതുകൊണ്ട് അവസരം എങ്ങനെ കുറയാനാണ്. സൗന്ദര്യവും ടാലന്റുംകൊണ്ട് മാത്രമല്ല, ഭാഗ്യംകൂടിയാണ് ഈ ഫീല്‍ഡില്‍ പിടിച്ചുനിര്‍ത്തുന്നത്. അതിലൊക്കെ ഞാനെന്ത് ചെയ്യാനാണ്.


ഞാന്‍ 'രാമലീല' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ പനിപിടിച്ച് വിശ്രമത്തില്‍ നില്‍ക്കുമ്പോഴാണ് നടിയെ ആക്രമിച്ച സംഭവം അറിയുന്നത്. ഭവമറിഞ്ഞയുടന്‍ ഞാന്‍ രമ്യയെ വിളിച്ചു. രമ്യയുടെ കൂടെയാണുള്ളത് എന്നറിഞ്ഞതുകൊണ്ടാണ് രമ്യയെ വിളിച്ചത്. കാര്യങ്ങളൊക്കെ സംസാരിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എല്ലാം എനിക്കെതിരെയായിരുന്നു.
എനിക്ക് സങ്കടമുണ്ട്, കൂടെ വര്‍ക്ക് ചെയ്തയാള്‍ക്ക് ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ സങ്കടമുണ്ട്. പക്ഷെ, പിന്നീട് മഞ്ഞപ്പത്രത്തില്‍ വന്ന വാര്‍ത്തകളൊക്കെ എന്നെ ഞെട്ടിക്കുന്നതായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയായിരുന്നു. ഇവര്‍ തമ്മില്‍ ഉടക്കിയപ്പോള്‍ പ്രമുഖനടി തന്റെ ഷെയര്‍ പ്രമുഖ നടന്റെ ആദ്യഭാര്യയുടെ പേരില്‍ മാത്രമേ എഴുതിക്കൊടുക്കൂ എന്നു വാശിപിടിച്ചു. അതിനോടുള്ള പ്രതികാരമാണിത് എന്നൊക്കെയായിരുന്നു വാര്‍ത്ത. അങ്ങനെയൊരു റിയല്‍ എസ്റ്റേറ്റ് സംഭവം ഉണ്ടായി എന്ന് തെളിയിക്കുകയാണെങ്കില്‍ അവര്‍ പറയുന്ന കോടിക്കണക്കിനുള്ള ആ സ്വത്ത് ഞാന്‍ അവര്‍ക്ക് കൊടുത്തേക്കാം. ഞാന്‍ വെല്ലുവിളിക്കുകയാണ്.
പ്രമുഖ നടി കുറച്ചു രണ്ടുദിവസംകൊണ്ടുതന്നെ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു എന്നത് വളരെ സന്തോഷമുണ്ട്. പക്ഷെ, സിനിമയില്‍ ഞാനായിട്ട് അവസരങ്ങളുണ്ടാക്കിക്കൊടുത്തതല്ലേ, ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നില്ലേ? ഈ സമയത്ത് ഇങ്ങനെയൊരു സംഭവം പ്രചരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ് ഒരു പോസ്റ്റിടാമായിരുന്നു. അതുപോലും ചെയ്തില്ല എന്നത് എന്നെ സങ്കടപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോ ആരുമില്ല അതിന്റെ പുറകില്‍, നിരാഹാരവുമില്ല ഒന്നുമില്ല. ഗൂഢാലോചനയും ക്വട്ടേഷനും എല്ലാം എനിക്കെതിരെയായിരുന്നില്ലേ? എന്തിനായിരുന്നു? എന്റെ ശരീരത്തില്‍ തൊട്ടില്ലെന്നേയുള്ളു. മാനസികമായി എന്നെ ആക്രമിക്കുകയായിരുന്നു. ആത്മഹത്യയെക്കുറിച്ച് ആലോചിച്ചുപോയ സന്ദര്‍ഭമായിരുന്നു അത്. എന്റെ മകളെയോര്‍ത്താണ് ചെയ്യാതിരുന്നത്.
ഇതൊക്കെ കഴിഞ്ഞ് ഹോട്ടല്‍ റമദയില്‍ രാമലീല എന്ന ഷൂട്ടിംഗ് നടക്കുന്ന സമയത്ത് വേറൊരു വാര്‍ത്ത വന്നു. മഫ്ടിയിലെത്തിയ പോലീസ് എന്നെ വീട്ടില്‍ വച്ച് ചോദ്യം ചെയ്തു. പിന്നീട് മറ്റെല്ലാ പത്രത്തിലും വന്നു. ആ നടന്‍ ഞാനല്ല എന്ന് പോസ്റ്റിടേണ്ടിവന്നത് ആ സമയത്തായിരുന്നു.
ഈ ആരോപണങ്ങളുടെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പരസ്യകമ്പനിയാണ്. എന്നെ ഫീല്‍ഡില്‍നിന്നും ഔട്ടാക്കും എന്ന് വാശിപിടിച്ച് നില്‍ക്കുന്ന പരസ്യകമ്പനി. പത്രങ്ങള്‍ക്കൊക്കെ കോടികള്‍ പരസ്യം നല്‍കുന്ന ഈ കമ്പനി വഴിയാണ് എന്നെ വേട്ടയാടിയത്. എന്നെ മോശമായി ചിത്രീകരിക്കുന്ന വാര്‍ത്ത ആദ്യം വന്നത് മുംബൈയില്‍നിന്നുള്ള ഇന്റര്‍നെറ്റ് പത്രത്തിലാണ്. മുംബൈയില്‍ ആര്‍ക്കാണ് എന്നോട് ശത്രുതയുള്ളത്. അണ്ടര്‍വേള്‍ഡുകാര്‍ക്കോ? കോടികള്‍ മുടക്കുന്ന പരസ്യകമ്പനിക്കാരുടെ ഓപ്പറേഷനായിരുന്നു പ്രമുഖ മലയാള പത്രത്തില്‍ ഒന്നാം പേജിലടക്കം എനിക്കെതിരെ വാര്‍ത്ത വന്നതിനു പിന്നില്‍.
എന്നെ തകര്‍ക്കുമെന്ന് വാശിപിടിച്ച് പ്രവര്‍ത്തിച്ചത് വേണുവായിരുന്നു. വേണു എന്നു പറഞ്ഞാലെന്താ? ഓടക്കുഴല്‍.. ഫ്‌ലൂട്ട്‌... ഊത്താണ് ഫ്‌ലൂട്ടിന്റെ ജോലി. അതേ ഊത്താണ് അയാള്‍ എനിക്കെതിരെ ചെയ്തുകൊണ്ടിരിക്കുന്നത്. എ.സി. മുറിയിരുന്ന് മേലനങ്ങി പണിയെടുക്കാത്ത അയാള്‍ക്ക് സന്തോഷത്തോടെ സ്മൃതിലയത്തോടെ ജീവിച്ചുപോകേണ്ടേ? നമ്മള് ഓപ്പണ്‍ ബുക്കാണ്. അതുപോലെയാവാന്‍ പറ്റുമോ അയാള്‍ക്ക്. അയാളെക്കുറിച്ച് ഒരു സിനിമയെടുക്കാനുള്ള കഥയുണ്ട്. പിന്നെ ദ്രോഹിച്ച പത്രക്കാരുടെ ചാനല്‍ അടുത്തിടെ മറ്റൊരു വിവാദത്തില്‍ പെട്ട് പെട്ടുകിടക്കുകയാണ്.

എന്തുകൊണ്ട് ദിലീപ് എന്നത് വേണുവിന്റെ ചോദ്യമാണ്. അതിനും എന്റെ കൈയ്യില്‍ ഉത്തരമുണ്ട്. സിനിമാസെറ്റുകളിലൊക്കെ കള്ളിനും കാശിനുംവേണ്ടി കറങ്ങി നടക്കുന്ന പെല്ലിശ്ശേരിയുണ്ട്. കാശ് കൊടുത്ത് വാര്‍ത്ത വരുത്തിക്കണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ട് ഞാനയാള്‍ക്ക് കാശുകൊടുത്തില്ല. അന്നുതന്നെ എന്നെക്കുറിച്ച് മോശമായി ഒരു വാര്‍ത്ത നല്‍കി. പിന്നീടും ഞന്‍ പെല്ലിശ്ശേരിയെ കുറ്റപ്പെടുത്താനൊന്നും പോയില്ല. പലതവണ ഇത് തുടര്‍ന്നു. ജീവിച്ചുപോകാനുള്ള ഓരോ തത്രപ്പാട്. അയാളുടേതൊക്കെ ഒരു കോമഡിയാണ്.

തീയേറ്റര്‍ സമരം
സര്‍ക്കാരിന് പറ്റാത്ത കാര്യമല്ല ഞാന്‍ ചെയ്തത്. സിനിമയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് ഞാന്‍ നിന്നത്. വേണ്ടപ്പെട്ടവരോടെല്ലാം, മമ്മൂക്ക, മോഹന്‍ലാല്‍ അങ്ങനെ എല്ലാവരോടും ആലോചിച്ചശേഷമാണ് ഞാന്‍ അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അന്ന് ലിബര്‍ട്ടി ബഷീര്‍ക്കയൊക്കെ എന്നെ വല്ലാതെ വാക്കുകൊണ്ട് ഉപദ്രവിച്ചിരുന്നു. ഒരു വിവാഹം കഴിച്ചു, അതുകഴിഞ്ഞ് മറ്റൊരു നടിയെ കെട്ടി എന്നൊക്കെയാണ് ബഷീര്‍ക്ക പറഞ്ഞത്. ഞാന്‍ ഡൈവേഴ്‌സ് ചെയ്തിട്ടാണ് വേറെ കെട്ടിയത്. പക്ഷെ, ബഷീര്‍ക്ക ഇതൊന്നുമില്ലാതെ നാലുംഅഞ്ചും കെട്ടിയതാണ്. എന്നിട്ട് എന്നെ കുറ്റംപറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. സിനിമയ്ക്കുവേണ്ടിയാണ് ഞാനിക്കാര്യങ്ങളൊക്കെ ചെയ്തത്.

ഡിസിനിമാസില്‍ തീവെട്ടിക്കൊള്ള
ചാലക്കുടിയില്‍ സിനിമകള്‍ നല്ല സാങ്കേതികവിദ്യയിലുള്ള രീതിയില്‍ കണ്ടുതുടങ്ങിയത് ഡി സിനിമാസ് വന്നശേഷമാണ്. മറ്റു തീയേറ്ററുകള്‍പോലും ആ നിലവാരത്തിലേക്കുയര്‍ത്താന്‍ ശ്രമം നടത്തുകപോലുമുണ്ടായി. സത്യത്തില്‍ ഇന്നും അങ്ങോട്ട് പണമിറക്കിക്കൊണ്ടിരിക്കുകയാണ്.

വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ക്കുള്ള താക്കീത്
വളഞ്ഞിട്ട് ആക്രമണം നടത്തുന്നതുകണ്ടപ്പോള്‍ ഞാന്‍ ഇന്നസെന്റ് ചേട്ടനോട് ചോദിച്ചു, എന്താണിങ്ങനെയെന്ന്. ''മധുരമുള്ള മാവിലാണെടാ ഏറ് വീഴുക'' എന്നായിരുന്നു മറുപടി. എന്നാലും ഇത് ഒരുമാതിരി ഏറായിപ്പോയി. പിന്നീട് സത്യേട്ടനോടും ഞാനിത് ചോദിച്ചപ്പോള്‍ പറഞ്ഞു: ''നിനക്ക് കുഴപ്പമുണ്ട്. മിമിക്രിക്കാരനായി വന്ന്, അസിസ്റ്റന്റ് ഡയറക്ടറായി നിന്ന്, കൊച്ചു വേഷങ്ങള്‍ ചെയ്ത് ഹീറോയായി. വാല്യൂ ഉള്ള ഹീറോയായി. ജനപ്രിയനായി, സിനിമ നിര്‍മ്മിച്ചു, പ്രമുഖ നടിയെ കല്യാണം കഴിച്ചു,  വീണ്ടും പ്രമുഖ നടിയെത്തന്നെ കല്യാണം കഴിച്ചു. ഇപ്പോത്തന്നെ നിന്നെ പത്തലിനാണ് അടിക്കേണ്ടത്. അതുംപോരാഞ്ഞ് ഇവിടെയുള്ള  സംഘടനയുടെ തലപ്പത്തുവന്നു. ഇത്രകാലംകൊണ്ട് നീ ഇത്രയൊക്കെ ആയെങ്കില്‍ ഇനിയുള്ള കാലംകൊണ്ട് നീ ഏതുവരെ എത്തും എന്ന് ചിലര്‍ക്കൊക്കെ ഭയമുണ്ടാക്കുന്നുണ്ട്. അതുതന്നെയാണ് നിന്റെ കുഴപ്പം.''
ഇതുകേട്ടപ്പോള്‍ ഞാന്‍ സത്യേട്ടനോട് പറഞ്ഞു സത്യത്തില്‍ ഞാനിപ്പോള്‍ ദിലീപ് ഫാനായെന്ന്.


ഞാന്‍ ഒന്നും പ്രതികരിക്കുന്നില്ലെന്ന് വിചാരിച്ചാണ് പലരും എന്നെ ആക്രമിക്കുന്നത്. പക്ഷെ ഇനിയൊരു കാര്യം വളരെ സീരിയസായിത്തന്നെ പറയാം. എന്നെ വിട്ടേക്ക്. ഇനി ഞാന്‍ പ്രതികരിക്കും. ഞാന്‍ എല്ലാത്തില്‍നിന്നും മാറിനടക്കുന്നയാളാണ്. എന്നെ വിട്. വേദനിപ്പിച്ച സമയത്തുപോലും ഞാന്‍ ആരെയും കുത്തിപ്പറഞ്ഞിട്ടില്ല. ഇനി അങ്ങനെയായിരിക്കില്ല. ഞാന്‍ പ്രതികരിക്കും. അത് ശക്തമായ ഭാഷയില്‍ത്തന്നെയായിരിക്കും. പറഞ്ഞില്ലാന്ന് വേണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com