ധനുഷ് കള്ളം പറയുകയാണോ? ഡി.എന്‍.എ. ടെസ്റ്റ് എതിര്‍ക്കുന്നതെന്തിന്?

ആത്മാര്‍ത്ഥതയെയും സ്വകാര്യതയെയും ടെസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ധനുഷ്
ധനുഷ് കള്ളം പറയുകയാണോ? ഡി.എന്‍.എ. ടെസ്റ്റ് എതിര്‍ക്കുന്നതെന്തിന്?

ചെന്നൈ: അടുത്തിടെ പ്രശ്‌നങ്ങളോടു പ്രശ്‌നങ്ങളാണ് ധനുഷിന്. സുചി ലീക്ക്‌സില്‍ സ്ഥിരമായി വേട്ടയാടപ്പെട്ടു തുടങ്ങുന്നതിനുമുമ്പുതന്നെ ധനുഷ് മറ്റൊരു വിവാദത്തില്‍ പെട്ടിരുന്നു. കോടതിവരെയെത്തിയ ആ പ്രശ്‌നം ഇപ്പോഴും ഒന്നുമാകെ നില്‍ക്കുകയാണ്.
കതിരേശന്‍ - മീനാക്ഷി ദമ്പതികള്‍ തങ്ങങ്ങളുടെ മകനാണ് ധനുഷ് എന്നും വൃദ്ധരായ തങ്ങള്‍ക്ക് ജീവിതച്ചെലവിനായി 65000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ധനുഷ് കോടതി കയറിത്തുടങ്ങിയത്. എങ്ങുമെത്താതെ നില്‍ക്കുകയാണ് ആ കേസ്. ഒടുക്കം ഡി.എന്‍.എ. ടെസ്റ്റ് നടത്തണമെന്ന ആവശ്യംവരെ എത്തിയപ്പോഴാണ് ധനുഷ് വൈകാരികമായി പ്രതികരിച്ചത്. ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ താന്‍ സന്നദ്ധനല്ലെന്ന് ധനുഷ് കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. ഇത് ഒന്നും ഒളിക്കാനല്ലെന്നും പക്ഷെ, ആത്മാര്‍ത്ഥതയെയും സ്വകാര്യതയെയും ടെസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ധനുഷ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഡി.എന്‍.എ. ടെസ്റ്റ് നടത്തുന്നതില്‍നിന്നും ഒഴിഞ്ഞുമാറുന്നത് ഫലം മറിച്ചാകുമോ എന്ന് ഭയന്നിട്ടാണോ എന്ന് ചിലര്‍ സംശയിക്കുന്നതില്‍ തെറ്റില്ല.
ഇക്കാര്യത്തില്‍ കോടതിയാണ് പ്രതിസന്ധിയിലായിരുന്നത്. അത് ജഡ്ജിയുടെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. ''എന്റെ അധികാര പരിധിക്കു പറുത്തു വരുന്നതിനാല്‍ ഡി.എന്‍.എ. ടെസ്റ്റിന്റെ കാര്യത്തില്‍ ഞാന്‍ വിധി പറയില്ല. ഡി.എന്‍.എ. ടെസ്റ്റിന് താരം തയ്യാറാകാത്തത് എന്തെങ്കിലും സ്ഥാപിക്കാനാണ് എന്ന് ഊഹിക്കുന്നുമില്ല. എന്നാല്‍ വൃദ്ധദമ്പതികള്‍ നല്‍കിയ ഹര്‍ജിക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനാണ് ഞാന്‍.''
ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ ധനുഷ് വിസമ്മതിച്ചതോടെ വൃദ്ധദമ്പതികളുടെ വാദങ്ങള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നതിന് തങ്ങളുടെ നാട്ടിലുള്ള ആളുകളുടെ മൊഴികളും കോടതി കേള്‍ക്കണമെന്നും ഏതെങ്കിലും കീഴ്‌ക്കോടതിയില്‍ സാക്ഷിവിസ്താരം നടത്തണമെന്നും വൃദ്ധദമ്പതികള്‍ കോടതിയ്ക്ക് മുന്നില്‍ ഹര്‍ജി സമര്‍പ്പിച്ചു. ധനുഷ് തങ്ങളുടെ മകനാണെന്നതില്‍ അവരെല്ലാം തെളിവുകള്‍ നിരത്താന്‍ ഒരുക്കമാണെന്നും വൃദ്ധദമ്പതികള്‍ക്കുവേണ്ടി വക്കീല്‍ വാദിച്ചു. ഇത് അംഗീകരിക്കുന്നപക്ഷം തിരിച്ചടി ഉണ്ടാകുന്നത് ധനുഷിനായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.


തന്റെ കൈയ്യില്‍നിന്നും പണം തട്ടിയെടുക്കുന്നതിനുവേണ്ടിയാണ് ഈ വൃദ്ധദമ്പതികള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ധനുഷ് കോടതിയെ നേരത്തെ പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് പണം വേണ്ടെന്നും തങ്ങളുടെ മകനാണ് എന്ന് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു ദമ്പതികളുടെ പ്രതികരണം.
തങ്ങളുടെ മകന്റെ ദേഹത്തുണ്ടായിരുന്ന ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുകള്‍ പരിശോധിക്കണമെന്ന് വൃദ്ധദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ധനുഷ് തയ്യാറായെങ്കിലും ലേസര്‍ ചികിത്സയിലൂടെ അതെല്ലാം മാറ്റിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. ജനനത്തീയതി സംബന്ധിച്ച് ധനുഷ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ ക്രമക്കേടുണ്ടോയെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കതിരേശനും മീനാക്ഷിയ്ക്കും അനുകൂലമായാണ് വാദമുണ്ടായത് എന്നതുകൊണ്ടാണ് ഇത് കോടതിയെ കുഴയ്ക്കുന്നത്.
1983ലാണ് ജനനം എന്നതാണ് ധനുഷ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ 1985ലാണ് ജനനം എന്നാണ് വൃദ്ധദമ്പതികളുടെ വാദം. ഇക്കാര്യങ്ങളിലൊന്നും വ്യക്തത വരുത്താനോ വിധി പറയുവാനോ കോടതിയ്ക്ക് സാധിച്ചിട്ടില്ല. ഈ കേസ് അവസാനിപ്പിക്കാന്‍ ധനുഷ് ഇതിനകംതന്നെ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും വൃദ്ധദമ്പതികളുടെ ഹര്‍ജിയെ അങ്ങനെ തള്ളിക്കളയാവുന്നതല്ല എന്നതാണ് കോടതിയുടെ നിലപാട്. അഞ്ചുമാസമായി ധനുഷിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമായി ഇത് മാറുകയാണ്. ഇനിയും തീരുമാനമാകാതെ എത്രനാള്‍ കോടതി കയറിയിറങ്ങേണ്ടിവരുമെന്ന് ഇരുകൂട്ടര്‍ക്കും വ്യക്തതയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com