പറവയുണ്ട്, ആദം ജോണുണ്ട് വെളിപാടിന്റെ പുസ്തകമുണ്ട്...ഇളക്കിമറിക്കാന്‍ ഓണച്ചിത്രങ്ങള്‍ റെഡി

സൂപ്പര്‍സ്റ്റാറുകള്‍ ഓണത്തിന് തീയറ്റര്‍ പിടിക്കാന്‍ എത്തുമ്പോള്‍ നിവിനും, പൃഥ്വിരാജും ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ട്
പറവയുണ്ട്, ആദം ജോണുണ്ട് വെളിപാടിന്റെ പുസ്തകമുണ്ട്...ഇളക്കിമറിക്കാന്‍ ഓണച്ചിത്രങ്ങള്‍ റെഡി

വെളിപാടിന്റെ പുസ്തകം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങി രാമലീല വരെ ഓണാഘോഷം പൊടിപൊടിക്കാന്‍ തീയറ്ററിലെത്താന്‍ ഒരുങ്ങി കഴിഞ്ഞു. സൂപ്പര്‍സ്റ്റാറുകള്‍ ഓണത്തിന് തീയറ്റര്‍ പിടിക്കാന്‍ എത്തുമ്പോള്‍ നിവിനും, പൃഥ്വിരാജും ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ട്. കൂടാതെ ആദ്യ സംവിധാന സംരഭത്തിന് ഒരുങ്ങുന്ന സൗബിന്‍ ഷാഹിറിന്റെ പറവയും സിനിമാ ലോകത്തിനും പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നതാണ്. 

വെളിപാടിന്റെ പുസ്തകം

ഓണത്തിന് വെളിപാടിന്റെ പുസ്തകത്തിലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ലാല്‍ജോസുമായി ചേര്‍ന്ന് ആദ്യമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ നിരാശപ്പെടേണ്ടി വരില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മൈക്കിള്‍ ഇടിക്കുളയെന്ന കോളെജ് അധ്യാപകന്റെ രൂപത്തിലും മറ്റൊരു വ്യത്യസ്ത ഗെറ്റപ്പിലും മോഹന്‍ലാല്‍ വെളിപാടിന്റെ പുസ്‌കതത്തില്‍ പ്രത്യക്ഷപ്പെടും. 

ബെന്നി പി നായരംബലമാണ് സിനിമയുടെ തിരക്കഥ. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. സലിം കുമാര്‍, അനൂപ് മേനോന്‍, സിദ്ധിക് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറായാണ് മറ്റൊരു ഓണച്ചിത്രം. വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാല്‍ അധ്യാപകനായി എത്തുമ്പോള്‍ പുള്ളിക്കാരന്‍ സ്റ്റാറായില്‍ മമ്മൂട്ടിക്കും അധ്യാപക വേഷം തന്നെയാണ്. ഇടുക്കിക്കാരനായ അധ്യാപകന്‍ കൊച്ചിയിലേക്ക് അധ്യാപക പരിശീലനത്തിന് എത്തുന്നതാണ് കഥ.

പൃഥ്വി രാജിനെ നായകനാക്കി സംവിധാനം ചെയ്ത സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആശ ശരത്, ദീപ്തി എന്നിവരാണ് നായികമാര്‍. ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. 

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഓണക്കാലത്ത് തീയറ്ററുകളെ ചിരിയില്‍ മുക്കാന്‍ ലക്ഷ്യമിട്ട് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. സഖാവ് എന്ന സിനിമയില്‍ നിവിന്റെ സന്തതസഹചാരിയായിരുന്ന അല്‍താഫ് സലിമാണ് സിനിമ സംവിധാനം ചെയ്യുന്നത്. 

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ നായിക. ലാല്‍, ദിലീഷ് പോത്തന്‍, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. 

ആദം ജോണ്‍

ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്ററുടെ കഥ പറയുന്ന ആദം ജോണ്‍ ഓണച്ചിത്രമായി തീയറ്ററിലെത്തും. തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദം ജോണിലൂടെ സംവിധാനത്തിലേക്ക് കടക്കുകയാണ്. 

ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിവരാണ് നായികമാര്‍. അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന എമ്മിയെന്ന കഥാപാത്രവുമായി ജോണ്‍ സ്‌കോട്ട്‌ലാന്‍ഡിലേക്ക് പുറപ്പെടുന്നു. സ്‌കോട്ട്‌ലാന്‍ഡിലേക്കുള്ള യാത്രയും, അതിനിടയില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും, സംഭവങ്ങളുമാണ് സിനിമ പറയുന്നത്. നരേന്‍, സിദ്ധാര്‍ഥ് ശിവ, രാഹുല്‍ മാധവ്, ഷൈന്‍ എം ടോം, ജയാ മേനോന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. 

പറവ

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പറവ. സംവിധായക കുപ്പായത്തിലുള്ള തന്റെ ആദ്യ സിനിമയുമായിട്ടാണ് സൗബിന്‍ ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. 

ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നി ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ദി മൂവി ക്ലബിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന സിനിമയാണ് പറവ. അന്‍വര്‍ റഷീദ്, ഷൈജു ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് പറവയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

രാമലീല

പ്രതിസന്ധികള്‍ക്കൊടുവില്‍ രാമലീല ഓണച്ചിത്രമായി തീയറ്ററിലേക്ക് എത്തുമെന്നാണ് സൂചന. രാമനുള്ളിയെന്ന രാഷ്ട്രീയക്കാരന്റെ രൂപത്തിലാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപ് എത്തുന്നത്. പ്രയാഗാ മാര്‍ട്ടിനാണ് രാമലീലയിലെ നായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com