ആത്മാവില്ലാതെ വെറും നിറങ്ങളായിപ്പോയ സിനിമ: ക്ലിന്റ്‌

ക്ലിന്റ് ഒരു കടലാണ്. താന്‍ ഉറങ്ങാന്‍ പോവുകയാണ്, അമ്മ വിളിച്ചാലുംചിലപ്പോള്‍ ഉണര്‍ന്നില്ലെന്നു വരും എന്നു വരെ അറിയാമായിരുന്ന കടല്‍... കടലിനെ കോരി കൈക്കുമ്പിളിലൊതുക്കാന്‍ മനുഷ്യനാവില്ലല്ലോ
ആത്മാവില്ലാതെ വെറും നിറങ്ങളായിപ്പോയ സിനിമ: ക്ലിന്റ്‌

ഗോകുലം ഗോപാലന്‍ നിര്‍മ്മാതാവായ ഈ ചിത്രത്തിന്റെ തുടക്കത്തില്‍ ഗോകുലം ബാനേഴ്‌സിന്റെ മുദ്രയായ കൃഷ്ണ വിഗ്രഹം കാണിച്ചപ്പോള്‍ ക്ലിന്റ്
എവിടെയോ പതുങ്ങി  നിന്ന് , 'കൃഷ്ണന്‍ കമ്യൂണിസ്റ്റാണ്  പപ്പൂ. ഓരോന്ന് ചെയ്‌തൊപ്പിച്ചിട്ട് അതിന്റെ ന്യായം കണ്ടെത്താന്‍ പോകും കമ്യൂണിസ്റ്റുകാരെപ്പോലെ ' എന്ന് പറയുന്നതായി തോന്നി ചിരിവന്നു. അങ്ങനെ ക്ലിന്റ് പറഞ്ഞത് അവന്റെ അച്ഛന്‍ ജോസഫ് ചിരിച്ചുകൊണ്ടാണെപ്പോഴും പറയാറ്. എഴുവയസ്സിനകത്ത് എണ്ണമറ്റ ചിത്രവിസ്മയങ്ങള്‍ തീര്‍ത്ത് ലോകത്തെ അനേകകാതം പുറകിലാക്കി നടന്നുപോയ ഒരു കുട്ടിമാത്രമായിരുന്നില്ല ക്ലിന്റ്. ഹാസ്യവും രാഷ്ട്രീയവും തത്വചിന്തയും കുസൃതിയും ചാലിച്ചാണവന്‍ ലോകത്തെ നിരീക്ഷിച്ചതും  നിറക്കൂട്ടുകള്‍ തീര്‍ത്തതും. അവന് നിലനില്‍ക്കാന്‍ ഒരു മഹാത്മാവിന്റെയും സാക്ഷ്യപത്രമാവശ്യമില്ല, ലോകത്തെ വിസ്മയിപ്പിക്കാനല്ല, ലോകം കണ്ട് വിസ്മയിക്കാണ് അവന്‍ വന്നത്.

'ക്ലിന്റ്, ഹരികുമാര്‍ സാര്‍ വന്നിരിക്കുന്നു, അകത്തേക്ക് കേറിക്കോട്ടെ' എന്ന് ക്ലിന്റിന്റെ അച്ഛന്‍ ജോസഫ് സംവിധായകന്‍ ഹരികുമാറുമൊത്ത് 'ക്ലിന്റ്'  എന്നെഴുതിയ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ച് ചോദിക്കുന്ന രംഗം തരുന്ന കോരിത്തരിപ്പ് വാക്കുകള്‍ക്കതീതമാണ്. ആ ഒരു നിമിഷത്തില്‍ നിന്നാണ് ക്ലിന്റ്  എന്ന സിനിമ തുടങ്ങേണ്ടിയിരുന്നത്. ആ നിമിഷമാണ് ഈ ചിത്രത്തിലെ ഏറ്റവും ജീവസ്സുറ്റ രംഗം. ക്ലിന്റ് എന്താണെന്നോ ആരാണെന്നോ ഉള്ള സത്യാധിഷ്ഠിത ഡോക്യുമെന്ററി വിവരണങ്ങളൊന്നും ക്ലിന്റ് എന്ന ഫീച്ചര്‍ ഫിലിമിനാവശ്യമില്ല. ക്ലിന്റിനെ ആത്മാവിനെ സത്യം സത്യമായി സന്നിവേശിപ്പിക്കുന്നിടത്തേക്കാണ് ക്ലിന്റ് സിനിമ ചിറകടിച്ചു പറന്നുയരേണ്ടിയിരുന്നത്.

തുടക്കത്തിലെ പല രംഗങ്ങളും സംഭാഷണരീതിയും ക്ലിന്റില്‍നിന്ന് ക്ലിന്റിനെ അകറ്റി നിര്‍ത്താനേ ഉപകരിച്ചുള്ളു. അലക്കിത്തേച്ച ഡയലോഗുകള്‍ വികാരരഹിതമായി കാണാതെ പഠിച്ച് അരങ്ങേറുന്ന  ചില നാടകക്കാരെപ്പോലെയാണ് ആദ്യം കുറേനേരത്തേക്ക് സിനിമയിലെ മാസ്റ്റര്‍ അലോക് ഒഴിച്ചുള്ള അഭിനേതാക്കള്‍. അതിനിടയിലേക്കാണ് രൂപം കൊണ്ടും
നടപ്പുകൊണ്ടും വാക്കുകൊണ്ടും പരിതാപകരമായി തോന്നിച്ച സലിം കുമാറിന്റെ ജേണലിസ്റ്റ് കഥാപാത്രം വരുന്നത്. ആ രംഗം സഹിക്കാന്‍ തക്ക
തൊലിക്കട്ടിയില്ലാത്തതിനാല്‍, തീയറ്ററില്‍ നിന്ന് എഴുന്നേറ്റോടാന്‍ തോന്നിപ്പോയി. ക്ലിന്റിനെ പൊടിക്കുപോലും വായിച്ചെടുക്കാന്‍ പറ്റാത്തത്ര പത്രപ്രവര്‍ത്തകര്‍ അവന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് അവനെ അങ്ങേയറ്റം അസ്വസ്ഥനാക്കിയിട്ടുണ്ട് എന്ന വസ്തുതയെ പത്രപ്രവര്‍ത്തകനെ കോമാളിനിലവാരത്തില്‍ കാണിച്ചാണോ ചിത്രീകരിക്കേണ്ടിയിരുന്നത്?

ചിത്രത്തില്‍  കഥയായും കവിതയായും ചായമായും കടലാസ്സായും ചോദ്യങ്ങള്‍ക്ക് ഉത്തരമായും ക്ലിന്റിന്റെ വരയ്ക്ക് സദാ കൂട്ടുനില്‍ക്കുന്നത് അച്ഛന്‍ ജോസഫാണ്. ജോസഫിനു കഴിയാത്തതൊക്കെ ക്ലിന്റിനു പൂരിപ്പിച്ചു
നല്‍കിയിരുന്നത് ചിന്നമ്മയാണ്. ക്ലിന്റിനു ദോശ ചുട്ട് കൊടുക്കുന്ന, ഉറങ്ങാന്‍ നേരത്ത് തോളത്തുകിടത്തി പാട്ടുപാടുന്ന, ഗോലിയാത്തിന്റെ കഥ യാന്ത്രികമായി പറയുന്ന ഒരു വെറും അമ്മയായിരുന്നില്ല ക്ലിന്റിന്റെ അമ്മ ചിന്നമ്മ. വെള്ളം വായിലെടുത്ത് സൂര്യമുഖത്തേക്ക് ചീറ്റിത്തുപ്പി മഴവില്‍ നിറങ്ങള്‍ കാണിച്ചു കൊടുത്ത, പമ്പരം കറക്കി ഏഴു നിറങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഓടി വരുന്നത് കാണിച്ചു കൊടുത്ത, കറി വയ്ക്കാന്‍ വാങ്ങിയ മീനിനെ വീട്ടിനകത്തു കൊണ്ടുവന്ന് അതിനെ മുറിച്ചു കളിച്ചു പഠിക്കാന്‍ ക്ലിന്റിനു കൂട്ടിരുന്ന, പിപ്പറ്റും ബ്യൂററ്റും രാസവസ്തുക്കളും കൊണ്ട് ക്ലിന്റിന്റെ കൂടെ രസിച്ചിരുന്ന്  ശാസ്ത്രം
അവന്റെ മനസ്സിലേക്കിറ്റിച്ചുവീഴ്ത്തിയ ഒരസാധാരണ  അമ്മയായിരുന്നു ചിന്നമ്മ. ക്ലിന്റിന്റെ ഏറ്റവും വലിയ കൂട്ടുകാരിയായിരുന്നു അവന്റെ മമ്മി. ചിന്നമ്മ ഒരിയ്ക്കലും ജോസഫിന്റെ നിഴലല്ല. ജോസഫും ചിന്നമ്മയും ക്ലിന്റിന്റെ മരണം കൊണ്ട് തകര്‍ന്നുപോയവരല്ല. കണ്ണീരും നിലവിളിയും അവരുടെ പര്യായങ്ങളല്ല. ക്ലിന്റിനെ ജനിപ്പിക്കാന്‍ വേണ്ടി ജനിച്ചവരല്ല, തങ്ങള്‍ ജനിച്ചത് ക്ലിന്റ് ജനിക്കാന്‍ വേണ്ടിയാണ് എന്ന് ഉള്‍ക്കാഴ്ചയുള്ളവരാണ് അവര്‍. ക്ലിന്റിനെപ്പോലൊരു കുഞ്ഞിന്റെ അമ്മയാകാന്‍ ചിന്നമ്മയ്ക്കും അച്ഛനാകാന്‍ ജോസഫിനും മാത്രമേ കഴിയൂ. ക്ലിന്റിന്റെ കൂടെ ജീവിക്കുമ്പോഴുള്ള അവരുടെ ഉള്‍ക്കൊള്ളലും, അവന്‍ വരച്ച ചിത്രം  മാറിനിന്ന് കാണുക മാത്രം ചെയ്തുള്ള  വലിയ എഴുത്തുകാരുടെയും വലിയ ചിത്രകാരന്മാരുടെയും  ഉള്‍ക്കൊള്ളലും തമ്മില്‍ വ്യത്യാസമുണ്ട്. ക്ലിന്റിനെ വാനോളം പുകഴ്ത്തിയവരുടെ ആരുടെയെങ്കിലും മകനായിരുന്നു കഌന്റ് എങ്കില്‍, അവര്‍ കാണിച്ചു കൊടുത്ത നിറങ്ങളല്ലാതെ അവന്‍ കണ്ട നിറങ്ങളൊന്നും അവന്റെ ചിത്രങ്ങളുണ്ടാകുമായിരുന്നില്ല. കണ്ണിലെ ഈര്‍പ്പത്തിനെ കവിളിലെ ചിരികൊണ്ട് ചിരിച്ച് തോല്‍പ്പിക്കുന്ന, ഓര്‍മ്മകളുടെ കണ്ണാടി മുന്നിലുള്ളതിനാല്‍ ഒന്നും നഷ്ടമായിട്ടില്ലെന്നു വിശ്വസിക്കുന്ന ചിന്നമ്മയെയും ജോസഫിനെയുമാണ് ലോകത്തിനു പരിചയം. ജീവിതത്തിലുടനീളം ഒന്നിനെയും ചൊല്ലി വിഷമിക്കാതെ പിടിച്ചുനിന്ന് ക്ലിന്റിനെ യാത്രയാക്കിയവരാണവര്‍. ഓരോ നിമിഷവും അവരവന്റെ വിരലുകള്‍ക്ക് ഒപ്പിയെടുക്കാന്‍  കൊടുത്തത് അവരുടെ കവിളത്തെ കണ്ണീരല്ല , ലോകത്തിന്റെ നിറച്ചാര്‍ത്തുകളാണ്. ഒരു ജേതാവിനെ യാത്ര അയയ്ക്കും പോലെ അവനെ യാത്രയയച്ച അച്ഛനമ്മമാരാണ് അവര്‍. ക്ലിന്റിന്‌ അത്തരം അച്ഛനമ്മമാരേ ചേരൂ.

കണ്ണീരുപ്പിട്ട് ഹരികുമാര്‍ ചാലിച്ചെടുത്തതൊന്നും ക്ലിന്റല്ല. ക്ലിന്റ് ഒരിക്കലും വിഷാദിയായിരുന്നില്ല. നിറം കുടിക്കാന്‍ വെമ്പുന്ന കുട്ടിക്ക് ഒരിക്കലും വിഷാദം കുടിക്കാന്‍ നേരമുണ്ടാവില്ല. ക്ലിന്റ് അവന്റെ തലമുടിക്കാടുമായാണ് കല്ലറയിലേക്കുപോയത് എന്ന കാര്യം മാറ്റി വച്ച് , തല മൊട്ടയടിക്കുന്ന ക്ലിന്റിനെയാണ് സംവിധായകന്‍ സിനിമയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. അതെല്ലാം സംവിധായകന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യം, സൗകര്യം എന്ന് സമ്മതിച്ചുകൊടുത്താല്‍ത്തന്നെയും നിറമുള്ള ഭൂമി വിട്ടുപോകുന്നതില്‍ സങ്കടപ്പെടുന്ന, പതിഞ്ഞ സങ്കടം കൂടുവച്ച കണ്ണുകളുള്ള ക്ലിന്റ് ആകാന്‍ വരകളുടെ ക്ലിന്റിന് എങ്ങനെയാവും എന്ന ചോദ്യം നിലനില്‍ക്കും. അവന്റെ കണ്ണുകള്‍ അവസാന നിമിഷം വരെ നിറങ്ങളില്‍ കൂടു വച്ചിരിപ്പായിരുന്നു..

മുച്ചിലോട്ടമ്മയ്ക്ക് അവനെ ഒരിക്കലും പേടിപ്പിക്കാനുമാവില്ല. കാളി, ക്ലിന്റിന്റെ ഏറ്റവും വലിയ കൂട്ടുകാരിയായിരുന്നു. അമ്മ കഴിഞ്ഞാല്‍ പിന്നെ ഭദ്ര എന്ന മട്ടുകാരനായ ക്ലിന്റിന്റെ മുച്ചിലോട്ടമ്മവരകളിലെ സംശയം തീര്‍ത്തുകൊടുക്കാനല്ലാതെ കാളിക്ക് ക്ലിന്റിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടേണ്ട കാര്യമില്ല. ബിയര്‍ കുടിച്ചിട്ടാവും ഗണപതിക്ക് ഇത്ര വലിയ കുമ്പ എന്നു കരുതുകയും കൈയില്‍ ബിയര്‍കുപ്പിയുള്ള ഗണപതിയെ വരയ്ക്കുകയും ചെയ്ത ക്ലിന്റ് സിനിമയിലുണ്ട്. ആ ഫ്രെയിമില്‍ ക്ലിന്റിന്റെ പ്രാണനുണ്ട്. ആ ഗണപതിയുടെ തുടര്‍ച്ചയാണ് ക്ലിന്റിന് ഏതു ഹിന്ദു ദേവതമാരും. ഒപ്പം നടക്കുന്നവര്‍, അവനോട് മിണ്ടുന്നവര്‍, കൂടെ കളിക്കുന്നവര്‍.. അവരാരും അവനെ പേടിപ്പിക്കില്ല.

തലമുടി വെട്ടാന്‍ വരുന്നയാളുടെ രൂപഭാവാദികള്‍ സലിംകുമാര്‍ രംഗത്തെ
കവച്ചുവയ്ക്കുന്ന ഒന്നായി. ദുശ്ശാസനവധം കളിയിലെ ദുര്യോധനനോ ദുശ്ശാസനനോ പോലും ഇത്ര ക്രൗര്യം ഉണ്ടാകുമോ എന്ന് സംശയം. ജോയ് മാത്യുവിന്റെ ഡോക്റ്റര്‍, ക്ലിന്റിനെക്കുറിച്ചത്ഭുതപ്പെടേണ്ടിയിരുന്നത് അവന്‍ വരച്ച എക്‌സ്‌റെ ചിത്രങ്ങള്‍ കാണുമ്പോഴായിരുന്നു. ഒരു വെറും കുട്ടി കൃത്യം
കൃത്യമായി ശാസ്ത്രത്തെ വരച്ചയിടത്ത് ജോയ് മാത്യുവിന്റെ ഡോക്റ്റ്‌റെ
നിര്‍വ്വികാരനായി കാണിച്ച് സംവിധായകന്‍ തൃപ്തിയടഞ്ഞു.

ഉണ്ണിമുകുന്ദനു മാത്രമേ ക്ലിന്റിന്റെ ഗുസ്തിക്കാരനച്ഛന്‍ ജോസഫാകാന്‍
തക്ക ശരീരപുഷ്ടിയും ഛായയും ഉണ്ടായിരുന്നുള്ളോ എന്നറിയില്ല. ഏതായാലും
ഉണ്ണിമുകുന്ദന് ജോസഫിന്റെ മനസ്സിന്റെ ഛായയില്ല. ജോസഫിന്റെ ഛായയല്ല  ജോസഫിനെ ഉള്‍ക്കൊള്ളലാണ് കഥാപാത്രത്തിന് വേണ്ടത് എന്ന് ഹരികുമാറിനും ഉണ്ണിയ്ക്കും മനസ്സിലാകാതെ പോയി. ഉണ്ണിയുടെ
കവിതചൊല്ലലിലെങ്ങും കുഞ്ഞുണ്ണിമാഷുടെ ഭംഗി വന്നതുമില്ല.
കഥാപാത്രങ്ങള്‍ക്ക് അവരാവശ്യപ്പെടുന്ന മാനങ്ങള്‍ തിരക്കഥാകൃത്തിനും
സംവിധായകനും കൊടുക്കാന്‍ കഴിയാതെ വന്നതിനാല്‍ റിമാ കല്ലിങ്കല്‍, സമീറാ സനീഷ് രൂപകല്‍പ്പന ചെയ്ത പഴയകാലത്തിന്റെ നീളന്‍ സ്വര്‍ണ്ണമാലയിലും മുട്ടറ്റമെത്തുന്ന ചിത്രവര്‍ണ്ണ ഷര്‍ട്ടിലും ലുങ്കിയിലും ഒതുങ്ങിഞെരുങ്ങി നില്‍പ്പാണ് സിനിമയിലുടനീളം. തലമുടി ചിന്നമ്മയെപ്പോലെ ക്രോപ് ചെയ്ത് അവസാനം വന്നിട്ടും റിമ, ചിന്നമ്മയായില്ല. അമ്മു എന്ന കുട്ടി കല്ലുപോലെ നിന്ന് ഡയലോഗുകള്‍ പറഞ്ഞു. അമ്മു ക്ലിന്റ് ബന്ധത്തെ ഓവര്‍സെന്റിമെന്റലൈസ് ചെയ്തപ്പോള്‍, ക്ലിന്റ്എന്ന വര ദയനീയമാം വിധം നേര്‍ത്തുപോയി. ക്ലിന്റ് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരാളായി വന്നിട്ടും കെ പി എ സി ലളിത ഉപരിപഌമായ ചില നടപ്പുകളും വര്‍ത്തമാനങ്ങളുമായി ആരെയും സ്പര്‍ശിക്കാതെ കടന്നുപോയി. രഞ്ജി പണിക്കര്‍ വന്നാലും വന്നില്ലെങ്കിലും സിനിമയെ അത് ബാധിക്കുമായിരുന്നില്ല. വിനയ് ഫോര്‍ട്ടിന്റെ 'മോഹനങ്കിള്‍' ഒരു പക്ഷേ നന്നായേക്കാന്‍ സാധ്യതയുണ്ട് എന്നു തോന്നിക്കൊണ്ടിരുന്നപ്പോള്‍, വിനയിന് പൊക്കാന്‍ പറ്റാത്ത തരം ദേവനെയും പക്കാസോയെയും വിനയിന്റെ നാവില്‍ കൊണ്ടുവന്നു വയ്ക്കുകയും മോഹനങ്കിളിന്റെ പ്രകാശം അപ്പാടെ ഒരു കാടിനിടയിലായിപ്പോവുകയും ചെയ്തു.

ഭൂമിയെയും ആകാശത്തെയും  പുഴയെയും സ്‌കെയില്‍വരകള്‍ പണിത് ഷെയ്ഡിങ്ങിലൂടെ തരം തിരിക്കുന്ന വിദ്യ ക്ലിന്റിനെ കാണിച്ചു പഠിപ്പിക്കാന്‍  വിചാരിച്ച മോഹനെ, ഇരുളിലൂടെ പറക്കുന്ന പക്ഷിയെയും പുല്ല് കാരിത്തിന്നുന്ന മുയല്‍ക്കൂട്ടത്തിനെയും ഒറ്റയ്ക്ക് വെള്ളത്തില്‍ കിടക്കുന്ന തോണിയുടെ കൂട്ടില്ലായ്മയെയും നീലപ്പൊന്മാന്റെ ചാട്ടുളിപ്പറക്കലിനെയും
വരച്ചുചേര്‍ത്ത് ക്ലിന്റ് വാക്കില്ലാതെയാക്കുന്നയിടത്ത് വിനയിന്റെ
ഭാവങ്ങള്‍ വാക്കുകള്‍ക്കപ്പുറം നന്നായി.

'ക്ലിന്റ്' സ്വിച്ചോണ്‍കര്‍മ്മത്തിന് റിമ എത്തിയത് നീലപ്പൊന്മാന്‍നീലയും നാലുമണിപ്പൂപ്പിങ്കും ചേര്‍ന്ന സാരിയിലായിരുന്നു. അത് ചിന്നമ്മയുടെ ഒരു സാരിയുടെ നിറങ്ങളായിരുന്നു. അമ്മയുടെ സാരികളില്‍ അവനേറ്റവും  ഇഷ്ടപ്പെട്ട  കളര്‍കോമ്പിനേഷനായിരുന്നു അത്. 'എന്റെ ഭാര്യക്ക് കൊടുക്കാന്‍ മമ്മി അത് സൂക്ഷിച്ചു വയ്ക്കണം' എന്നു അതിഗൗരവത്തില്‍ പറയുന്ന ക്ലിന്റും അതു കേട്ട് ചിരിക്കുന്ന അമ്മയും, ഈ സിനിമയില്‍ ഉണ്ടാകേണ്ടിയിരുന്നില്ലേ?

മത്സരത്തില്‍ പങ്കെടുക്കാനല്ലാതെ സമ്മാനം വാങ്ങുന്നതില്‍ താത്പര്യമില്ലാത്ത ഒരു ക്ലിന്റായിരുന്നു ജീവിതത്തില്‍ ക്ലിന്റ്. 'സമ്മാനം വേണ്ട നമുക്കു പോകാം' എന്ന് വേദിയില്‍, വേദിക്ക് പുറം തിരിഞ്ഞിരുന്ന് പറയുന്ന, കാത്തിരിപ്പ് മടുപ്പാകുന്ന കുട്ടിത്തത്തിന്റെ സ്വഭാവം, അതുമുണ്ടായിരുന്നു ക്ലിന്റിന്. ആ ക്ലിന്റിനെയും സിനിമയില്‍ കാണാനില്ല. 

'കടല്‍ക്കുതിരയെ കാണുകയാണ് ' എന്നു പറഞ്ഞ് ജനലോരത്ത് കസേരയിട്ടിരിക്കുന്ന ക്ലിന്റിനോട്‌ 'കടല്‍ക്കുതിരയോ, എവിടെ ' എന്ന് ജോസഫ് ചോദിച്ചതും കുട്ടികളെ സ്‌ക്കൂളിലേക്ക് ഒരുക്കിയിറക്കി കൊണ്ടു വരുന്ന ഒരച്ഛനെയും കുട്ടികളെയും അവന്‍ കാണിച്ചുകൊടുത്തതും  ജോസഫ് പറഞ്ഞിട്ടുണ്ട്. കടല്‍ക്കുതിരക്കുടുംബത്തില്‍ അച്ഛനാണ് മുട്ടകള്‍ക്ക്
അടയിരിക്കുന്നതുമുതല്‍ കുട്ടികളെച്ചൊല്ലിയുള്ള സര്‍വ്വതും ചെയ്യുന്നത്
എന്ന അറിവിനെ ചുറ്റുപാടുമായി ചേര്‍ത്തുവച്ചാണവന്‍  ആ കടല്‍ക്കുതിരയച്ഛനെ ഉണ്ടാക്കിയതെന്നുള്ള ആ ഓര്‍മ്മയില്‍ ജോസഫ് എപ്പോഴും കുടുകുടാ ചിരിക്കും. അവന്റെ വര മാത്രമല്ല അവന്റെ ലോക നിരീക്ഷണങ്ങള്‍, ചില ചേര്‍ത്തുവയ്ക്കലുകള്‍ എന്നിവയും ഒരു ഏഴുവയസ്സുകാരന്റേതായിരുന്നില്ല. അവന്‍ കിളികളെ വളര്‍ത്തിയിരുന്നത് അവയുടെ രീതികള്‍, ചലനങ്ങള്‍, നിറം എല്ലാം അവയോടു ചേര്‍ന്നുനിന്ന് പഠിക്കാനാണ്. നേരമ്പോക്കോ കൗതുകമോ ആയിരുന്നില്ല അവരവന്. വരകളിലേക്ക് അവരുടെ നിറവും താളവും പതിഞ്ഞു
കഴിയുമ്പോള്‍ അവന്‍ തുറന്നുവിട്ട കിളികള്‍ക്ക് കണക്കില്ല.

ക്ലിന്റ് ഒരു കടലാണ്. താന്‍ ഉറങ്ങാന്‍ പോവുകയാണ്, അമ്മ വിളിച്ചാലും
ചിലപ്പോള്‍ ഉണര്‍ന്നില്ലെന്നു വരും എന്നു വരെ അറിയാമായിരുന്ന കടല്‍... കടലിനെ കോരി കൈക്കുമ്പിളിലൊതുക്കാന്‍ മനുഷ്യനാവില്ലല്ലോ
.

ഇതില്‍ ഏറ്റവും ഔചിത്യത്തോടെ അഭിനയിച്ചിരിക്കുന്നത് ക്ലിന്റായി വന്ന
അലോക് എന്ന കുട്ടിതന്നെയാണ്. അവന് പറഞ്ഞുകൊടുത്തതിനുമപ്പുറം അവന്‍ ക്ലിന്റിനെ ഉള്‍ക്കൊണ്ടിട്ടുണ്ട്. ക്ലിന്റിന്റെ കുറുമ്പുകള്‍, സംശയങ്ങള്‍ ഇവക്കെല്ലാം വല്ലപ്പോഴുമങ്കിലും  ജീവന്‍ വയ്ക്കുന്നത് ഹരികുമാറും കെ വി മോഹന്‍കുമാറും ചേര്‍ന്നെഴുതിയ സ്‌ക്രിപ്റ്റിന്റെ മെച്ചം കൊണ്ടല്ല അവന്റെ അനായാസമായ അഭിനയചാതുര്യം കൊണ്ടുമാത്രമാണ്. അസാധാരണമായ കഴിവുകള്‍ ദ്യോതിപ്പിക്കുന്ന വിധം നില്‍പ്പും മട്ടും കണ്ണും ചിരിയും ഉള്ള ഒരു കുട്ടിയെ കൈയില്‍ കിട്ടിയിട്ടും അവനെ ക്ലിന്റായി മുഴുനീളപരിവര്‍ത്തനം നടത്താന്‍ കഴിയാതെ വന്നത് വലിയൊരു പാളിച്ചയാണ്. എന്നിട്ടും ഏറ്റവും സ്വാഭാവികമായരീതിയില്‍ ഈ സിനിമയില്‍ സംസാരിക്കുന്നതും അഭിനയിക്കുന്നതും ആ കുട്ടിയാണ്.

പ്രഭാവര്‍മ്മ എഴുതിയിട്ടും ഇളയരാജാ സംഗീതം കൊടുത്ത് ചിട്ടപ്പെടുത്തിയിട്ടും ഇളരാജ തന്നെ പാടിയിട്ടും പാട്ടുകള്‍ ക്ലിന്റിന് ഗുണമൊന്നും ചെയ്തില്ല. മധു അമ്പാട്ടിന്റെ ക്യാമറയിലൂടെ നോക്കാന്‍ ക്ലിന്റിന്റെ ചായബ്രഷുകള്‍ വിസമ്മതിക്കുന്നതായിത്തോന്നി. പശ്ചാത്തലസംഗീതം പലപ്പോഴും മുഴച്ചുനിന്ന് അരോചകവുമായി. ക്ലിന്റ് വരച്ച ചിത്രങ്ങളോ കുറേയേറെ നിറക്കൂട്ടുകളോ കാണിച്ചാലോ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം വി ദേവന്‍മാഷ്, പിക്കാസോ, ദാലി, എം ടി, ഒ വി വിജയന്‍ എന്നിങ്ങനെ മഹാരഥന്മാരുടെ പേരുകള്‍ നിരന്തരം
കുത്തിക്കയറ്റിയാലോ അത് ക്ലിന്റ് എന്ന സിനിമയാവില്ല എന്ന് സംവിധായകന്‍
ഹരികുമാര്‍ എന്തുകൊണ്ട് അറിയാതെ പോയി?

ഗോകുലം ഗോപാലന്‍ എന്ന പ്രൊഡ്യൂസറെ അഭിനേതാവാക്കി എന്നതിനപ്പുറം
പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല  ഈ സിനിമ. ഇപ്പോള്‍ നാല്‍പ്പത്തിയൊന്നു
വയസ്സാകുമായിരുന്ന ക്ലിന്റ്,  ചിത്രത്തിലെയും ജീവിതത്തിലെയും 'നായര്‍
സര്‍' എന്ന വ്യക്തിയുടെ മുന്നിലേക്ക്  തലമുടി നീട്ടിവളര്‍ത്തിക്കെട്ടിവച്ച ഇക്കാലത്തെ ഒരു ബിനാലെ കലാകാരന്റെ മട്ടില്‍ വന്നുപോകുന്ന ഒരു ഭ്രമാത്മകചിത്രം നായര്‍സര്‍ താനുമായി പങ്കുവച്ചത് പറഞ്ഞ് ചിരിക്കുന്ന ജോസഫിനെ കണ്ടിട്ടുണ്ട്. അത് വിശദീകരിക്കാന്‍ ചിന്നമ്മയും കൂടും. അതാണ് ക്ലിന്റും ചിന്നമ്മയും ജോസഫും. സ്വന്തം ചിരിയില്‍ പിശുക്കനായിരുന്നുവെങ്കിലും ക്ലിന്റ്, അവരെ തന്റെ
ജീവിതകാലത്തിലും മരണശേഷവും ചിരിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ.
സത്യത്തില്‍ ആ വലുതായ ക്ലിന്റിനെ കാണാനായിരുന്നു അവസാനം വരെ വെമ്പല്‍ കൊണ്ടത്. പക്ഷേ അവസാനരംഗം അതിഭീകരമായിപ്പോയി എന്നു പറയാതെ വയ്യ.

ക്ലിന്റ് എന്ന ചിത്രം പരിമിതമായ ചില കാഴ്ചകളില്‍ ഒതുങ്ങിപ്പോയി എന്ന
പരാതിയായിരുന്നു സിനിമ തീരാറാവും വരെ. പക്ഷേ ക്ലിന്റ്അമ്പേ
പരാജയമാണെന്നു കരച്ചിലോ അതോ ചിരിയോ വന്നതെന്നു നിശ്ചയിക്കാനാവാത്ത വിധം ഇരുന്നുപോയി  അവസാനം ക്ലിന്റിലേക്ക്‌
ഈച്ചരവാരിയരെ ചേര്‍ത്തുവച്ചപ്പോള്‍. 'എന്റെ കുട്ടിയെ എന്തിനാണ് മഴയത്തു നിര്‍ത്തിയിരിക്കുന്നത് ' എന്ന് ഉണ്ണിമുകുന്ദന്റെ നരച്ചു കൂനിയ ജോസഫ്, പെരുമഴയുടെ താണ്ഡവത്തിലേക്കു നോക്കി ചോദിക്കുമ്പോള്‍, 'എന്തിനാണ് സംവിധായകാ ഈ നിറങ്ങളുടെ രാജകുമാരനെ നിങ്ങള്‍ പെരുമഴയത്ത് നിര്‍ത്തിയിരിക്കുന്നത്, അവന്റെ നിറങ്ങളെല്ലാം ഒലിച്ചു പോകില്ലേ ' എന്ന് അലറിക്കരഞ്ഞു ചോദിക്കാന്‍ തോന്നിപ്പോയി.

ദൈവത്തിന്റെ വിരലുകളുള്ള 'യാരോ ഒരാള്‍' ക്ലിന്റ് സിനിമയെടുക്കാന്‍
എന്നോ വരുമായിരിക്കും എന്ന തോന്നല്‍ ബാക്കിയാവുന്നു. അന്നൊരു പക്ഷേ
ജോസഫോ ചിന്നമ്മയോ ഞാനോ ഉണ്ടായെന്നു വരില്ല, പക്ഷേ ക്ലിന്റിന്റെ
നിറങ്ങളുടെ ആത്മാവു മുഴുവനും ഉണ്ടായിരിക്കും അതില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com