പൂച്ച മീന്‍ തിന്നുന്ന സീന്‍ കാണിക്കണമെങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതി വേണം; സെന്‍സറിങ്ങിന്റെ പേരില്‍ പീഡനമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമ എന്ന കലാരൂപത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത വ്യക്തികള്‍ സെന്‍സര്‍ ബോര്‍ഡില്‍ കടന്നുകൂടുന്നത്  അപകടമാണ്
പൂച്ച മീന്‍ തിന്നുന്ന സീന്‍ കാണിക്കണമെങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതി വേണം; സെന്‍സറിങ്ങിന്റെ പേരില്‍ പീഡനമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി:    പൂച്ച മീന്‍ കഴിക്കുന്ന സീന്‍ കാണിക്കണം എങ്കില്‍ പൂച്ചയുടെ ഉടമയുടെ അനുമതി പത്രം വേണം, വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രവും സെന്‍സര്‍ ബോര്‍ഡിന് കിട്ടണം. സിനിമയുടെ സെന്‍സറിങ്ങിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ചായിരുന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. 

സെന്‍സറിങ്ങിന്റെ പേരില്‍ രാജ്യത്ത് നടക്കുന്നത് കടുത്ത പീഡനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര പുസ്തകോത്സവ വേദിയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സെക്‌സി ദുര്‍ഗ, പത്മാവതി എന്നി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അടൂര്‍. 

സിനിമ എന്ന കലാരൂപത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത വ്യക്തികള്‍ സെന്‍സര്‍ ബോര്‍ഡില്‍ കടന്നുകൂടുന്നത്  അപകടമാണ്. സെന്‍സറിങ്  എന്നത് തന്നെ പഴഞ്ചന്‍ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരുക്കിയ സ്വയം വരം എന്ന സിനിമ ദേശീയ അവാര്‍ഡ് നേടിയതിന് ഒപ്പം കൊമേഴ്ഷ്യല്‍ വിജയവുമായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് നിലവാരമില്ലാത്ത സിനിമകള്‍ക്കും അവാര്‍ഡുകള്‍ നല്‍കി തുടങ്ങിയതോടെ അവാര്‍ഡിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടതായും അടൂര്‍ പറഞ്ഞു. 

ടെലിവിഷന്‍ സീരിയലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിനിമകള്‍ നിരുപദ്രവകാരികളാണെന്നും, സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് ഏര്‍പ്പെടുത്തണമെന്നും അടൂര്‍ പറഞ്ഞു. സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അക്രമങ്ങളും അവിഹിത ബന്ധങ്ങളും നിറഞ്ഞു നില്‍ക്കുന്നവയാണ് സീരിയലുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com