പെട്ടുപോയവര്‍ക്ക് മുക്തിയില്ല; 22 വര്‍ഷത്തെ ചലച്ചിത്രമേള ജീവിതം പറഞ്ഞ് ശാന്തന്‍

1994ല്‍ കോഴിക്കോട് നടന്ന ആദ്യ ഐഎഫ്എഫ്‌കെ മുതല്‍ ഇപ്പോള്‍ നടന്നുകണ്ടിരിക്കുന്ന മേളവരെ മുടങ്ങാതെയെത്തുന്ന ഒരുകൂട്ടം സിനിമാ പ്രേമികളില്‍ പ്രധാനിയാണ് ശാന്തന്‍.
പെട്ടുപോയവര്‍ക്ക് മുക്തിയില്ല; 22 വര്‍ഷത്തെ ചലച്ചിത്രമേള ജീവിതം പറഞ്ഞ് ശാന്തന്‍

എഫ്എഫ്‌കെ ഒരു ലോകമാണ്. സിനിമയും കലാകാരന്‍മാരും കാഴ്ചക്കാരായ കൂട്ടുകാരും ഒത്തുചേര്‍ന്നുണ്ടാക്കിയ ഒരു മായിക പ്രപഞ്ചം. അതില്‍പ്പെട്ടുപോയവര്‍ക്ക് മുക്തിയില്ല. 22 ഐഎഫ്എഫ്‌കെയും കണ്ട പത്രപ്രവര്‍ത്തനും കവിയുമായ ശാന്തന്‍ തന്റെ സുവര്‍ണ ചകോരത്തിന്റെ കഥ എന്ന പുസ്തത്തില്‍ ഐഎഫ്എഫ്‌കെയെ ഇങ്ങനെ നിര്‍വചിക്കുന്നു. 

1994ല്‍ കോഴിക്കോട് നടന്ന ആദ്യ ഐഎഫ്എഫ്‌കെ മുതല്‍ ഇപ്പോള്‍ നടന്നുകണ്ടിരിക്കുന്ന മേളവരെ മുടങ്ങാതെയെത്തുന്ന ഒരുകൂട്ടം സിനിമാ പ്രേമികളില്‍ പ്രധാനിയാണ് ശാന്തന്‍. വൈകാരികമായി അല്ലാതെ കേരള രാജ്യന്തര ചലച്ചിത്രമേളയെ സമീപിക്കാന്‍ ശാന്തന് സാധിക്കില്ല, എത്ര വിവാദങ്ങളുണ്ടായാലും കുറവുകള്‍ ഉണ്ടായാലും ഒരിക്കലുംഐഎഫ്എഫ്‌കെ ഒഴിവാക്കാന്‍ തോന്നിയിട്ടില്ലെന്നും ഓരോ വര്‍ഷവും കാത്തിരിപ്പിന്റെ ആവേശം കൂടുകയാണെന്നും ശാന്തന്‍ പറയുന്നു.

ആദ്യ ഐഎഫ്എഫ്‌കെ

കൊല്ലം  എസ്എന്‍ കോളജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് കോഴിക്കോട് ഐഎഫ്എഫ്‌കെ ആരംഭിക്കുന്നത്. ആദ്യമേളയുടെ ആവേശത്തിന്റെ അത്രയും ഇപ്പോള്‍ നടക്കുന്ന മേളയിലില്ല എന്ന് ശാന്തന്‍ പറയുന്നു. ഐഎഫ്എഫ്‌കെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും വന്നപ്പോഴും,തിരിച്ച് കോഴിക്കോടേക്ക് പോയി കറങ്ങിത്തിരിഞ്ഞവസാനം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയപ്പോഴും ശാന്തന്‍ കൂടെ നടന്നു. സിനിമകള്‍ കണ്ടു, പൊരുതുന്ന ലോകജനതയുടെ യഥാര്‍ഥ ജീവിതം മനസ്സിലാക്കി,ചര്‍ച്ച ചെയ്തു,കവിത ചൊല്ലി. വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ, നല്ല സൗഹൃദങ്ങള്‍ സൃഷ്ടിച്ച് ആ നടപ്പ് ഇന്നും തുടരുന്നു. 

കണ്ടതില്‍വച്ച് ഏറ്റവും മനോഹരമായ മേള ആദ്യത്തെ ഫെസ്റ്റിവലായിരുന്നു. ലോക ക്ലാസിക്കുകള്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച മേളയും അതുതന്നെയായിരുന്നുവെന്ന് ശാന്തന്‍ ഓര്‍ക്കുന്നു. ഫിലിം ഫെസ്റ്റിവലിനെ ഇത്രയും ജനകീയമാക്കിയത് കേരളത്തിലെ ഫിലിം സൊസൈറ്റികളാണ് എന്ന് ശാന്തന്‍ പറയുന്നു. 

ജാഫര്‍ പനാഹിയെ കുടുംബാഗമാക്കി മാറ്റിയ ഐഎഫ്എഫ്‌കെ മാജിക്

യുദ്ധങ്ങളും അപകടങ്ങളും അരക്ഷിതാവസ്ഥ സൃഷ്ടിച്ച മനുഷ്യരുടെ ജീവിതങ്ങള്‍ കൃത്യമായി മലയാളിക്ക് കാണിച്ചു കൊടുത്തത് ഐഎഫ്എഫ്‌കെയാണ് എന്നാണ് ശാന്തന്റെ അഭിപ്രായം. മലയാളിയുടെ രാഷ്ട്രീയ ബോധത്തില്‍ വലിയ സ്വീധീനം ചെലുത്താന്‍ ലോകത്തെ ഏറ്റവും വലിയ ജനകീയ മേളയ്ക്ക് സാധിച്ചിട്ടുണ്ട് എന്നും ശാന്തന്‍ വിലയിരുത്തുന്നു. 

ജാഫര്‍ പനാഹിയെ ഇറാന്‍ ഭരണകൂടം ജയിലലടച്ചപ്പോള്‍ കേരളത്തിലെ തെരുവോരങ്ങളില്‍ പ്രതിഷേധ ദീപങ്ങള്‍ തെളിഞ്ഞു, ഇറാനില്‍ പോലും അങ്ങനെയൊരു പ്രതിഷേധം നടന്നുകാണില്ല. അത് ഐഎഫ്എഫ്‌കെ വളര്‍ത്തിയ രാഷ്ട്രീയമാണ്. ഇറാനിലേയും ദക്ഷിണ കൊറിയയിലേയും ഈജിപ്തിലേയും ഒക്കെ സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും മലയാളികളുടെ കുടുംബാഗങ്ങളായി മാറിയത് ഐഎഫ്എഫ്‌കെ എന്ന ഏറ്റവും വലിയ ജനകീയ മേള കാരണമാണ്. അതാണ് ഐഎഫ്എഫ്‌കെയുടെ മാജിക്, ശാന്തന്‍ പറയുന്നു. 


അടുത്ത ഡിസംബര്‍ എട്ടിനുവേണ്ടിയുള്ള കാത്തിരിപ്പ്

ഓരോ ഫെസ്റ്റിവലുകള്‍ കഴിയുന്തോറും മനസ്സിലുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്ന് ശാന്തന്‍ പറയുന്നു. എന്നാല്‍ അടുത്ത ഡിസംബര്‍ എട്ടിനായുള്ള കാത്തിരിപ്പിന്റെ സുഖം വേറെയാണെന്നും അദ്ദേഹം പറയുന്നു. പറഞ്ഞു തീരാത്ത കഥകളുടെ ബാക്കി പറയാന്‍, രാഷ്ട്രീയ ചര്‍ച്ചകളുടെ തുടര്‍ച്ചകള്‍ക്കായുള്ള കാത്തിരിപ്പ്...  ആ ഒരു വര്‍ഷത്തിനിടയില്‍ പലതും സംഭവിക്കാം, പലരും വിട്ടു പോകാം, പല രാഷ്ട്രീയ മാറ്റങ്ങളും സംഭവിക്കാം... പല കാര്യങ്ങളും അറിയുന്നത് അടുത്ത ഡിസംബര്‍ എട്ടിന് കണ്ടുമുട്ടുമ്പോഴാണ്. ടെക്‌നോളജി വികസിച്ചു, കണ്ട് സംസാരിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഒക്കെയുണ്ട്,എന്നാലും ഈ കാത്തിരിപ്പിന്റെ സുഖം വേറെയാണ്... ശാന്തന്‍ പറയുന്നു. 

വിവാദങ്ങള്‍ക്ക് ചെവി കൊടുക്കില്ല

സിനിമകളുടെ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ വ്യാപക പരാതികള്‍ എല്ലാത്തവണയും ഉയര്‍ന്നുവരാറുണ്ട്. ചില ആരോപണങ്ങളിലെല്ലാം സത്യമുണ്ട് താനും. എന്നാലും അതൊന്നും കാര്യമാക്കാന്‍ തോന്നുന്നില്ല. ഓരോ മേളയും നന്നാകണം എന്നുമാത്രമാണ് ആഗ്രഹം. ഒരുദിവസം അഞ്ചു ചിത്രങ്ങള്‍വെച്ചു കാണുന്ന ശാന്തന്‍ ഇത്തവണ മേള തുടങ്ങിയതിന് ശേഷം പതിനഞ്ച് ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com