സിനിമകള്‍ പുറത്തുവിടുന്ന ദുഷിച്ച ചിന്തകള്‍ തന്നെയും കീഴടക്കിയിരുന്നെന്ന് നടി പാര്‍വതി. തന്റെ പ്രണയബന്ധത്തിലുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ടാണ് സിനിമ തന്നെ എത്രത്തോളം സ്വാധീനിച്ചിരുന്നെന്ന് പാര്‍വതി വ്യക്തമാക്കിയത്. മലയാള സിനിമയിലെ അനാരോഗ്യകരമായ കാഴ്ചപ്പാടുകളെപ്പറ്റി രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സിനിമ ഒരിക്കലും സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. എപ്പോഴും പറയുന്നത് സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്‍മാരുടെ കാഴ്ചപ്പാടാണെന്നും നടി പറഞ്ഞു. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. ഇത്തരം തുറന്നുകാട്ടലുകളുടെ കുറവുകൊണ്ടാണ് തന്നെ ചൂഷണം ചെയ്യുന്ന ബന്ധത്തില്‍ തുടരാന്‍ നിര്‍ബന്ധിതയാക്കിയതെന്നും പാര്‍വതി പറഞ്ഞു.
'അവന്‍ എന്റെ കാലുകളില്‍ സിഗററ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോഴും ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്. നമ്മുടെ സിനിമകള്‍ പഠിപ്പിക്കുന്നത് അതാണ്. പെണ്ണിനെ നന്നാക്കാനും നേര്‍വഴിക്ക് നടത്താനും വേണ്ടി സ്‌നേഹമുള്ള പുരുഷന്‍മാര്‍ അടിക്കും അത് നമ്മെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കും.'- പാര്‍വതി പറഞ്ഞു.
സ്ത്രീകള്‍ക്ക് പറയാനുള്ളത് എന്താണെന്നും അവള്‍ എന്താണ് പുരുഷന്‍മാരില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന മനോഹരമായ വീക്ഷണമുള്ള സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും ഇവയെല്ലാം താന്‍ തിരിച്ചറിഞ്ഞത് സാഹിത്യങ്ങളിലൂടെയാണെന്നും അവര്‍ വ്യക്തമാക്കി. മലയാള സിനിമയില്‍ ഇത് തീരെ കണ്ടിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. എന്നാല്‍ തന്റെ സിനിമ കണ്ട് വളരുന്ന ഒരു പെണ്‍കുട്ടിക്കും തനിക്കുണ്ടായ പോലെയുള്ള അവസ്ഥയുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്റെ ചിത്രങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകില്ലെന്നും താരം ഉറപ്പുനല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ