രണ്ടുപേര്‍: മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ദൃശ്യപ്രസ്താവം

റോഡു മൂവീയാണ്. ഓരോ നിമിഷവും വന്നുപെടുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് അതിന്റെ സൗന്ദര്യം
രണ്ടുപേര്‍: മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ദൃശ്യപ്രസ്താവം

ഐഎഫ്‌എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പ്രേംശങ്കര്‍ സംവിധാനം ചെയ്‌ത രണ്ടുപേര്‍ എന്ന ചിത്രത്തെക്കുറിച്ച്‌ ജിഗീഷ്‌ കുമാരന്‍ എഴുതുന്നു

സിനിമ സമീപനമാണ് എന്നൊരു കാഴ്ചപ്പാടിനെ മലയാളസിനിമയിൽ കണ്ടുകിട്ടുന്നത് വളരെ അപൂർവമാണ്. രണ്ടുപേർ എന്ന സിനിമയുടെ തുടക്കത്തിൽ ഒരാൾ മാത്രമേയുള്ളു. ഒരുമിച്ചു കഴിഞ്ഞ പെണ്ണ് ഒരു സുപ്രഭാതത്തിൽ ഉപേക്ഷിച്ചു പോയതിന്റെ ശൂന്യതയിലാണയാൾ. കാറെടുത്ത് പുറത്തിറങ്ങിയ അയാളുടെ മുന്നിൽ യാദൃച്ഛികമായി എത്തിപ്പെടുന്ന റിയ എന്ന പെൺകുട്ടിയാണ് പിന്നീടുള്ള അയാളുടെ ദിശ നിയന്ത്രിക്കുന്നത്. സിനിമയുടെയും. റോഡു മൂവീയാണ്. ഓരോ നിമിഷവും വന്നുപെടുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് അതിന്റെ സൗന്ദര്യം.

മുഖ്യകഥാപാത്രത്തിന്റെ ശൂന്യമായ മാനസികാവസ്ഥയിൽ സ്വയമറിയാതെയാണ് അയാൾ റിയയുമായി അടുക്കുന്നത്. ഈയൊരു വളർച്ചയിൽ വളരെ രസകരമായി പ്രേക്ഷകനെയും ഒപ്പം കൂട്ടാൻ സംവിധായകനു കഴിയുന്നു. ഏറെക്കുറെ സമാനഹൃദയരായ രണ്ടുപേരായി അവർ മാറുന്നത് ഒരു രാത്രിയുടെ രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ടാണ്. അഥവാ പ്രണയത്തിന്റെ അപ്രവചനീയമായ സ്വഭാവം സിനിമയുടെ ഒരു പ്രമേയമാണ്. ഈയൊരു ambiguity സിനിമയുടെ പൊതുവായ സ്വഭാവമാക്കി മാറ്റാൻ കഴിഞ്ഞതിലാണ് പൊതുവിൽ അതിന്റെയൊരു വിജയം ഇരിക്കുന്നത്.

സമീപനത്തിലെ പുതുമകൾ പറയാനാണെങ്കിൽ ഇനിയുമുണ്ട്. റിയ എന്ന പെണ്ണ് പുരുഷന്റെ പൊതുബോധത്തിലുള്ള ഒരു പെണ്ണല്ല. ഒരു ചട്ടക്കൂടിലുമൊതുങ്ങാത്ത പുതിയ സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമുള്ള പുതിയ കാലത്തെ പെണ്ണാണവൾ. സിനിമയുടെ ടോട്ടൽ സമീപനത്തെയും സിനിമയെത്തന്നെയും ഇത് പുതുക്കിനിശ്ചയിക്കുന്നുണ്ട്. ഒരു കാറിനുള്ളിലെ സംഭാഷണങ്ങളാണ് സിനിമയുടെ വികാസപരിണാമങ്ങൾ തീരുമാനിക്കുന്നതും തികച്ചും അപ്രതീക്ഷിതമായ ഒരു സ്ഥലത്ത് പ്രേക്ഷകനെ കൊണ്ടെത്തിയ്ക്കുന്നതും. ഈ സംഭാഷണങ്ങൾ അവരെ പരസ്പരം പൂരിപ്പിക്കുന്നതു കണ്ടിരിക്കാൻ ഒരു പ്രത്യേകരസം തന്നെയുണ്ട്. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ ഒരു ദൃശ്യപ്രസ്താവം കൂടിയാണ് സിനിമ. നിരുപാധികമായ പ്രണയത്തിലും സൗഹൃദത്തിലും നിയമവും ഭരണകൂടവും പോലും ഇടപെടുന്ന ഒരു കാലത്ത് ഇതുപോലുള്ള വിഷ്വൽ സന്ദേശങ്ങൾ ഒരു പ്രതീക്ഷയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com