നിറങ്ങള്‍ കെട്ടുപോവുന്നോ, ഈ മേളയ്ക്ക്?

നിറങ്ങള്‍ കെട്ടുപോവുന്നോ, ഈ മേളയ്ക്ക്?


22മത്‌ കേരള രാജ്യന്തര ചലച്ചിത്ര മേള നിശാഗന്ധിയില്‍ കൊടിയിറങ്ങുന്നു, അറുപത്തിയഞ്ച്‌ രാജ്യങ്ങളില്‍ നിന്ന്‌ 190 ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിച്ചാണ്‌ ഇത്തവണത്തെ മേള സമാപിക്കുന്നത്‌. 11000 ഡെലിഗേറ്റുകള്‍ പങ്കെടുത്ത ലോകത്തെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര മേള കൊടിയിറങ്ങുമ്പോള്‍ മേളയുടെ ജനകീയ സ്വാഭാവം നഷ്ടപ്പെടുന്നുണ്ടോ എന്ന കാതലായ ചോദ്യം ബാക്കിയാകുന്നു.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ആരവങ്ങളും ആഘോഷങ്ങളും കുറവായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഒരു പഞ്ഞവും സംഭവിച്ചില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ചലച്ചിത്ര അക്കാദമിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ്‌ ഉയര്‍ന്നുവന്നത്‌.

ഓഖിയില്‍ നിറം മങ്ങിയ തുടക്കം

ഓഖി കൊടുങ്കാറ്റ്‌ തീരദേശത്തെ എടുത്ത്‌ ചുഴറ്റിയെറിഞ്ഞതിന്റെ ഞെട്ടല്‍ മാറും മുമ്പായിരുന്നു മേളയുടെ തുടക്കം.തിരിച്ചെത്താത്ത തൊണ്ണൂറുപേര്‍ക്കായി തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന എട്ടാം തീയതി മേളയുടെ ഉദ്‌ഘാടനം നടന്നു. എന്നാല്‍ സാംസ്‌കാരിക പരിപാടികള്‍ എല്ലാം മാറ്റിവച്ചു. പതിവ്‌ രീതിയിലുള്ള ഒരു ഓളവും ഇത്തവണത്തെ മേളയില്‍ കണ്ടില്ല.

വിവദാങ്ങളുടെ ഘോഷയാത്ര: എസ്‌ ദുര്‍ഗ മുതല്‍ മറവി വരെ

സനല്‍ കുമാര്‍ ശശിധരനാണ്‌ ആദ്യം മേളയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയത്‌. എസ്‌ ദുര്‍ഗ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സനല്‍ ചിത്രം പിന്‍വലിച്ചു. പിന്നീട്‌ ചിത്രം പ്രത്യേക രാഷ്ട്രീയ പ്രതിരോധം മുന്‍നിര്‍ത്തി പ്രദര്‍ശിപ്പിക്കാന്‍ അക്കാമദമി തയ്യാറായെങ്കിലും സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ല. ഏറ്റവുമവസാനം ഉയര്‍ന്നത്‌ മറവി എന്ന ചിത്രത്തെക്കുറിച്ചുള്ള ആരോപണങ്ങളായിരുന്നു.സിനിമയ്‌ക്ക്‌ കയറിയ ഡെലിഗേറ്റുകള്‍ കൂകിവിളിച്ച്‌ പുറത്തിറങ്ങിപ്പോയത്‌ ചര്‍ച്ചയായി.

ചലച്ചിത്ര അക്കാദമിയില്‍ ബീന പോളിന്റെ സ്വേച്ഛാധിപത്യമാണ്‌ എന്നാരോപിച്ച്‌ ഒരുവിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. സിനിമകളുടെ തെരഞ്ഞെടുപ്പ്‌ മുതല്‍ ഗസ്റ്റുകളെ തെരഞ്ഞെടുക്കുന്നതുവരെ ബീന പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ എന്നായിരുന്നു ആരേപണം. ഈ ആരോപണങ്ങള്‍ തള്ളി അക്കാദമി അംഗം വി.കെ ജോസഫ്‌ രംഗത്തെത്തി.

അന്‍വര്‍ റഷീദിനെ സിംഗ്‌ സൗണ്ട്‌ സെക്ഷനില്‍ മുഖ്യപ്രഭാഷകനാക്കിയതിനെതിരെ ഡോ. ബിജു കലാപ കൊടി ഉയര്‍ത്തി. ഇതിനെതിരെ സിബി മലയില്‍ രംഗത്തെതതി.താന്‍ പറയുന്നത്‌ ആരോപണങ്ങള്‍ അല്ലെന്നും ഐഎഫ്‌എഫ്‌കെ ചിലരുടെ പിആര്‍ വര്‍ക്ക്‌ ചെയ്യുന്നിടമായി മാറിയതിന്‌ തെളിവുണ്ടെന്നും വാദിച്ച ബിജു, തെളിവുകള്‍ തന്നാല്‍ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്ന്‌ ബിജു സിബി മലയിലിനെ വെല്ലുവിളിച്ചു.

ദേശീയ അവാര്‍ഡ്‌ ജേതാവ്‌ സുരഭി ലക്ഷ്‌മിക്ക്‌ പാസ്‌ നല്‍കാത്തതായിരുന്നു ഉയര്‍ന്നുവന്നതില്‍ ഏറ്റവും വലിയ വിവാദം. തന്നെ ആരും ക്ഷണിക്കാത്തതുകൊണ്ടാണ്‌ മേളയ്‌ക്ക്‌ വരാത്തത്‌ എന്നായിരുന്നു സുരഭിയുടെ പ്രതികരണം. എന്നാല്‍ മേളയില്‍ അങ്ങനെ കീഴ്‌ വഴക്കമില്ല എന്നായിരുന്നു അക്കാദമി ചെയര്‍മാന്‍ കമലിന്റെ മറുപടി. പിന്നീട്‌ സമാപന സമ്മേളനത്തിന്‌ സുരഭിയെ ക്ഷണിച്ചെങ്കിലും തിരക്കുകള്‍ കാരണം എത്താന്‍ കഴിയില്ലെന്ന്‌ സുരഭി അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം എത്തി സുരഭി തനിക്കായി എടുത്തുവച്ച പ്രവേശന പാസ്‌ വാങ്ങി.

ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തുകൊണ്ട്‌ നടി പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായി. കസബ എന്ന ചിത്രത്തെക്കുറിച്ചും അതിലെ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചും പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ മമ്മൂട്ടിയെ അപമാനിച്ചു എന്ന്‌ വളച്ചൊടിച്ച്‌ മമ്മൂട്ടി ആരാധകര്‍ പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തി. ഇതേത്തുര്‍ന്നുണ്ടായ ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല.

മുസ്ലിം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌ നോബ്‌ നടത്തിയതിനെതിരെ എംസ്‌ഡിപിഐ നടത്തിയ സോഷ്യല്‍ മീഡിയ സദാചാര ഗുണ്ടായിസത്തിനെതിരെ എസ്‌എഫ്‌ഐ ഐഎഫ്‌എഫ്‌കെ വേദിയിവല്‍ സംഘടിപ്പിച്ച ഫ്‌ളാഷ്‌ മോബ്‌ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഇത്തവണത്തെ മേളയില്‍ മികച്ച സിനിമകള്‍ ഇല്ലെന്ന്‌ പറഞ്ഞ്‌ അക്കാദമി അംഗം ലെനിന്‍ രാജേന്ദ്രന്‍ തന്നെ രംഗത്തെത്തി. മലയാള സിനിമകളുടെ തെരഞ്ഞെടുപ്പിനെ കുറിച്ച്‌ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ പ്രേക്ഷകര്‍ ഒരേപോലെ സ്വീകരിച്ച ചിത്രങ്ങള്‍ ഇത്തവണ കുറവായിരുന്നു.എന്നിരുന്നാലും ന്യൂട്ടന്‍,യങ്‌ കാറല്‍ മാര്‍ക്‌സ്‌,ഇന്‍സള്‍ട്ട്‌, വൈറ്റ്‌ ബ്രിഡ്‌ജ്‌,ഐ സ്‌റ്റില്‍ ഹൈഡ്‌ ടു സ്‌മോക്ക്‌ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com