ട്രെയ്‌ലറില്‍ ഹിറ്റ്, തീയേറ്ററില്‍ ഫ്‌ളോപ്; ഈ വര്‍ഷത്തെ നിരാശാചിത്രങ്ങള്‍ 

റിലീസിന് മുമ്പുള്ള വീരവാദങ്ങള്‍ സിനിമയെ വിജയിപ്പിക്കില്ലെന്ന് അടിവരയിട്ടപ്പോള്‍ പുറംമോടി കാട്ടി ആളെ പിടിക്കാമെന്ന കുതന്ത്രം അപ്പാടെ പാളി. 
ട്രെയ്‌ലറില്‍ ഹിറ്റ്, തീയേറ്ററില്‍ ഫ്‌ളോപ്; ഈ വര്‍ഷത്തെ നിരാശാചിത്രങ്ങള്‍ 

താരപ്രഭ കുറയുന്നതിനും കഥാമൂല്യം ഉയരുന്നതിനും സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു 2017. ഇഷ്ടതാരത്തിന്റെ സിനിമകള്‍ക്ക് ടിക്കറ്റ് എടുക്കുന്നതില്‍ നിന്ന് നല്ല സിനിമകള്‍ക്ക് സീറ്റുറപ്പിക്കുന്നതിലേക്കുള്ള മലയാളി പ്രേക്ഷകരുടെ പ്രയാണം പ്രകടമായി കണ്ട വര്‍ഷം. റിലീസിന് മുമ്പുള്ള വീരവാദങ്ങള്‍ സിനിമയെ വിജയിപ്പിക്കില്ലെന്ന് അടിവരയിട്ടപ്പോള്‍ പുറംമോടി കാട്ടി ആളെ പിടിക്കാമെന്ന കുതന്ത്രം അപ്പാടെ പാളി. 

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുതല്‍ യുവതാരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും വരെ 2017 തിരിച്ചടിയായിട്ടുണ്ട്. സ്റ്റാര്‍ വാല്യു കുറയുന്നതാണ് മമ്മൂട്ടിക്ക് വിനയായതെങ്കില്‍ മോഹന്‍ലാലിന്റെ പരാജയങ്ങള്‍ക്ക് പിന്നില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകളാണ് കാരണം. സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമല്ല ജയറാം, പൃഥ്വിരാജ്, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ വാനോളം പ്രതീക്ഷ നല്‍കിയെത്തി എട്ടുനിലയില്‍ പൊട്ടിയ ചിത്രങ്ങള്‍ ഇവര്‍ക്കുമുണ്ട്. സിനിമയ്ക്ക് മുമ്പുള്ള പ്രൊമോഷണ്‍ നാളുകളില്‍ കത്തികയറിയ ഇവരുടെ ചിത്രങ്ങള്‍ റിലീസിന് ശേഷം നിറം മങ്ങുകയായിരുന്നു. ഇവയുടെ ബോക്‌സ് ഓഫീസ് കളക്ഷനും അത്ര മെച്ചമല്ല. 

പുള്ളിക്കാരന്‍ സ്റ്റാറാ, പക്ഷെ സിനിമ കത്തിയില്ല

മമ്മൂട്ടിയുടെ ആരാധകവൃന്ദം ഏറെ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ചിത്രമായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ. റിലീസിന് മുമ്പ് കൊടുത്ത പ്രതീക്ഷ അത്രയ്ക്കുണ്ടായിരുന്നു. പക്ഷെ സിനിമകണ്ടിറങ്ങിയ ആരാധകരുടെ മുഖത്ത് നിരാശയായിരുന്നു ഭാവം. ശ്യാംധര്‍ സംവിധാനം ചെയ്ത സിനിമ തികഞ്ഞ പരാജയമായി മാറുകയായിരുന്നു. 

രണ്ടാം ഭാഗങ്ങളെ വേണ്ടെന്ന് പറയിപ്പിച്ച ഹണിബീ 2

ഒന്നാം ഭാഗം അവശേഷിപ്പിച്ച പ്രതീക്ഷകള്‍ക്ക് മുകളില്‍ വന്‍ പ്രതീക്ഷ കെട്ടിപടുക്കുന്നതായിരുന്നു ഹണിബീ 2വിന്റെ റിലീസിന് മുമ്പുള്ള കാഴ്ച. എന്നാല്‍ കണ്ടവര്‍ക്കാര്‍ക്കും നല്ലതുപറയാനില്ലാത്ത ചിത്രമായി അവസാനിക്കാനായിരുന്നു സിനിമയുടെ വിധി. ഇനിയും ഇതുപോലെ രണ്ടാം ഭാഗങ്ങള്‍ കൊണ്ടുവന്ന് വെറുപ്പിക്കല്ലെ എന്ന് പ്രേക്ഷകര്‍ പറഞ്ഞു. കോമഡി കുത്തിതിരുകാന്‍ ശ്രമിച്ച് പരാജയപ്പെടുകയും മുന്നോട്ടുവയ്ക്കാന്‍ ബലമുള്ള ഒരു കഥയും ഇല്ലാതായതോടെ ചിത്രം ദയനീയമായി പരാജയം ഏറ്റുവാങ്ങി. 

ഹാപ്പി വെഡ്ഡിംഗ് ഹിറ്റാക്കിയാല്‍ ചങ്ക്‌സ് വിജയിക്കില്ല

യുവാക്കള്‍ക്കിടയില്‍ തരംഗമായ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്. ഇതിന് പുറമേ അതേ നാണയത്തില്‍ തന്നെ അവതരിപ്പിക്കുകയായിരുന്നു ഒമര്‍ ലുലു തന്റെ രണ്ടാമത്തെ സിനിമയും. സിനിമയിലേക്ക് ആളെ ആകര്‍ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും മണ്ടന്‍മാരാകാന്‍ തയ്യാറല്ലെന്ന പ്രേക്ഷകര്‍ മറുപടി നല്‍കി. 

വന്നതും പോയതും അറിഞ്ഞില്ല, പുത്തന്‍പണം

മമ്മൂട്ടി- രഞ്ജിത് ചിത്രം, ഒരു സിനിമയെ ഉറ്റുനോക്കാന്‍ ഒരുകാലത്ത് പ്രേക്ഷകര്‍ക്ക് ഇതൊക്കെ കേട്ടാല്‍ മതിയായിരുന്നു. പക്ഷെ 2017 അത് തിരുത്തി. റിലീസിന് മുമ്പ് നടത്തിയ വീരവാദങ്ങളെല്ലാം റിലീസോടെ കൈവിട്ട 2017ലെ മറ്റൊരു ചിത്രമായി പുത്തന്‍ പണം മാറി. സിനിമ പരാജയപ്പെട്ടപ്പോഴും മമ്മൂട്ടിയുടെ കാസര്‍ഗോഡ് ശൈലിയിലെ സംഭാഷണങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചു. പക്ഷെ ഭാഷ മാത്രം നന്നായാല്‍ പോരല്ലോ സിനിമയും ഒപ്പമെത്തണ്ടേ?

പോസ്റ്ററും ടീസറും കത്തികയറി... പക്ഷെ ടിയാന്‍ മുന്നേറിയില്ല

റിലീസിന് മുമ്പേ പ്രേക്ഷകപ്രീതി നേടാന്‍ ടിയാന് കഴിഞ്ഞിരുന്നെങ്കിലും റിലീസായതോടെ ഈ ചിത്രവും പരാജയപ്പെട്ടു. ഇന്ദ്രജിത്, മുരളി ഗോപി, പൃഥ്വിരാജ്... ത്രിമൂര്‍ത്തികള്‍ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി നാളുകളെണ്ണി കാത്തിരുന്നെങ്കിലും നല്‍കിയ പ്രതീക്ഷകളോട് നീതിപുലര്‍ത്താന്‍ ടിയാന് കഴിഞ്ഞില്ലെന്നാണ് പ്രതികരണം. 

പാട്ട് ഹിറ്റ് പക്ഷെ സിനിമയോ?

പുതുമയൊന്നും അവകാശപ്പെടാനില്ലാതെ ദുര്‍ബലമായ തിരകഥയുമായി തീയറ്ററിലെത്തിയ വെളിപാടിന്റെ പുസ്തകം പരാജയപ്പെടുകയായിരുന്നു. റിലീസിന് മുമ്പ നല്‍കിയ അമിത പ്രതീക്ഷതന്നെയാണ് ഈ മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രത്തിനും പണികൊടുത്തത്. ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ട് പക്ഷെ വലിയ തരംഗം തന്നെ സൃഷ്ടിച്ചെടുത്തു. 

മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടും പരാജയപ്പെട്ടപ്പോള്‍

കീര്‍ത്തിചക്ര, കുരുക്ഷേത്ര തുടങ്ങി ലിസ്റ്റില്‍ ഒരുപാട് സിനിമകള്‍ അവകാശപ്പെടാന്‍ ഉണ്ടെങ്കിലും 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തികഞ്ഞ പരാജയമായിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധം പശ്ചാതലമാക്കി രാഷ്ടവികാരത്തെ ഉണര്‍ത്താമെന്ന് കരുതിയെങ്കിലും തീയറ്ററില്‍ ഗംഭീരമായി പരാജയപ്പെട്ടു. 

വന്‍താരനിരയുണ്ടായിട്ടും ക്ലിക്കായില്ല. 

ജയറാം, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവരാം, പ്രകാശ് രാജ്, അമലപോള്‍ തുടങ്ങി വലിയ താരനിരതന്നെയുണ്ടായിരുന്നു അച്ചായന്‍സില്‍
. പക്ഷെ ഇവരുടെയൊക്കെ പ്രകടനങ്ങല്‍ സിനിമയെ പ്രേക്ഷകമനസ്സു കീഴടക്കാന്‍ സഹായിച്ചില്ല. 

വിവാദങ്ങളില്‍ ഉടക്കി സോളോ

ദുല്‍ഖറിന്റെ വ്യത്യസ്ത ലുക്ക് സിനിമയ്ക്ക് നല്ല മൈലേജ് നല്‍കിയെങ്കിലും പുതിയ അവതരണ ശൈലിയുമായെത്തിയ സോളോ പ്രേക്ഷകരെ നേടാതെ പരാജയം സമ്മതിക്കുകയായിരുന്നു. സംവിധായകന്‍ അറിയാതെ ക്ലൈമാക്‌സ് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദവും സോളോയ്ക്ക് തിരിച്ചടിയായി. ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ക്ക് പക്ഷെ മോളിവുഡ്ഡില്‍ വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല.

വ്യത്യസ്ത ഗെറ്റപ്പുകള്‍ നിവിന്‍ പോളിയെയും തുണച്ചില്ല

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം സഖാവ് വന്‍ പ്രതീക്ഷ നല്‍കികൊണ്ടാണ് തീയറ്ററുകശളിലേക്കെത്തിയത്. പക്ഷെ പ്രതീക്ഷിച്ചപോലെ വിജയം സ്വന്തമാക്കാന്‍ സഖാവിനും കഴിയാതെവന്നു.

അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയില്‍ പെട്ട് മെക്‌സിക്കന്‍ അപാരത

മഹാരാജാസ് കോളെജിന്റെ രാഷ്ട്രീയ പശ്ചാതലം ഇതിവൃത്തമാക്കി ചിത്രീകരിച്ച സിനിമ വലിയ തരംഗമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അത്ര ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. സിനിമയ്ക്കായി യഥാര്‍ത്ഥ ചരിത്രം മാറ്റിയതും ചിത്രത്തിനെതിരെയുള്ള വിമര്‍ശനമായി ചിലര്‍ ഉയര്‍ത്തിയിരുന്നു. 

മോഹന്‍ലാല്‍-മഞ്ജു ചിത്രം വില്ലന്‍

ബീ ഉണ്ണികൃഷ്ണനും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് ചെയ്ത ചിത്രമായിരുന്നു വില്ലന്‍. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കൊട്ടിഘോഷിക്കപ്പെട്ടതില്‍ ഒന്നും ഈ ചിത്രം തന്നെ. മഞ്ജു വാര്യര്‍ നായികയുമായതോടെ ആരാധകപ്രതീക്ഷ ഏറെയായി. എന്നാല്‍ ചിത്രം തീയറ്ററില്‍ ഗംഭീരമായി പരാജയപ്പെട്ടും. സിനിമയെകുറിച്ച് താരരാജാവിന്റെ ഫാന്‍സ് തന്നെ എതിരഭിപ്രായം കുറിച്ചു. 

ഹണിബീ 2 പോരാഞ്ഞിട്ട് ഹണിബീ 2.5

ഹണിബീയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിനിടയില്‍ സംഭവിച്ച ചിത്രമെന്ന പേരിലാണ് ഹണിബീ 2.5 തീയറ്ററുകളില്‍ എത്തിച്ചത്. അസിഫ് അളിയുടെ സഹോദരന്‍ അസ്‌കര്‍ അലി ആദ്യമായി മുഖം കാണിച്ച ചിത്രം പക്ഷെ എന്തിന് ഇങ്ങനൊരു സിനിമ എന്ന ചോദ്യമാണ് നേരിട്ടത്. ഷൈജു അന്തികാട് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം കൈവിട്ടു. 

ടീം 5, ശ്രീശാന്തിന്‍രെ തുടക്കം തന്നെ പാളി

ക്രിക്കറ്റ് വിട്ട് സിനിമയില്‍ ചേക്കേറാനുള്ള ശ്രീശാന്തിന്ത് ശ്രമത്തിന് ആദ്യം തന്നെ പ്രഹരമേല്‍ക്കുകയായിരുന്നു ടീം 5ന്റെ പരാജയത്തോടെ. ശ്രീശാന്തിന്റെ ചിത്രമെന്ന പ്രതീക്ഷ മനസ്സില്‍ സൂക്ഷിച്ചിരുന്ന ആരാധകര്‍ പക്ഷെ റിലീസിന് മുമ്പെത്തിയ ഗാനങ്ങളില്‍ തന്നെ ഏകദേശ വിധിയെഴുതിയിരുന്നു. 

വീര്യം കുറഞ്ഞുപോയ വീരം

ഷേക്‌സ്പിയറിന്റെ മാക്ബത്ത് എന്ന് നാടകത്തെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് വീരം. ഇത്തരം സിനിമകള്‍ അവതരിപ്പിക്കാന്‍ പതിവായി ഉപയോഗിച്ചുവന്നിരുനവ്‌നശൈലി മാറ്റിപിടിച്ചെങ്കിലും അതങ്ങ് ഹിറ്റായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com