'ഞങ്ങള്‍ പുരുഷവര്‍ഗ്ഗത്തിന് എതിരല്ല, ശക്തമായ പ്രവര്‍ത്തനം തുടരും'; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി

എത്ര വിമര്‍ശിക്കപ്പെട്ടാലും ശക്തമായ പ്രവര്‍ത്തനം തുടരുമെന്നും ഫേയ്‌സ്ബുക് പോസ്റ്റിലൂടെ സംഘടന വ്യക്തമാക്കി
'ഞങ്ങള്‍ പുരുഷവര്‍ഗ്ഗത്തിന് എതിരല്ല, ശക്തമായ പ്രവര്‍ത്തനം തുടരും'; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്തതിന് നടി പാര്‍വതി ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയിലുണ്ടായത്. നിലപാടുകള്‍ തുറന്നുപറയുന്നവരെ താറടിച്ചുകാണിക്കുന്ന കേരളത്തിലെ ആണ്‍കോയ്മയെ വിമര്‍ശിച്ചുകൊണ്ട് വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് രംഗത്ത്. എത്ര വിമര്‍ശിക്കപ്പെട്ടാലും ശക്തമായ പ്രവര്‍ത്തനം തുടരുമെന്നും ഫേയ്‌സ്ബുക് പോസ്റ്റിലൂടെ സംഘടന വ്യക്തമാക്കി. 

ലോകത്തെ മുഴുവന്‍ ആണുങ്ങള്‍ക്കുമെതിരേ ചില സിനിമക്കാരികള്‍ നടത്തുന്ന കാമ്പില്ലാത്ത വാക്പയറ്റായി ഡബ്ല്യുസിസിയുടെ സംഭാഷണങ്ങളെ ചിലര്‍ തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നാണ് കരുതുന്നതെന്നും പോസ്റ്റില്‍ പറയുന്നു. 

പുരുഷ വര്‍ഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തിക്കോ തങ്ങള്‍ എതിരല്ലെന്നും ആണ്‍കോയ്മ നിലനില്‍ക്കുന്ന ഘടകങ്ങളോടും സ്ത്രീകളെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്ത സംസ്‌കാരത്തിനും എതിരായിട്ടാണ് നിലനില്‍ക്കുന്നതെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. റിമയും സജിതയും ദീദിയും ഇപ്പോള്‍ പാര്‍വതിയും ഇതു തന്നെയാണ് പറഞ്ഞതെന്നും അവര്‍ കൂട്ടച്ചേര്‍ത്തു. 

സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ ഇടത്തില്‍ തുല്യമായ അവസരങ്ങള്‍ക്കു വേണ്ടിയാണ് ഡബ്ല്യുസിസി നിലകൊള്ളുന്നത്. ആഗോളതലത്തില്‍ ഇത് വളരെ അധികം മുന്നോട്ടു പോയിട്ടുണ്ടെന്നും കേരള സമൂഹം എങ്ങനെ ഈ ചിന്തയെ എങ്ങനെയാണ് സമീപിക്കുന്നതെന്ന് വളര്‍ന്നുവരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. അതിനാല്‍ നമ്മള്‍ ചെയ്യുന്ന മണ്ടത്തരങ്ങള്‍ക്കും അജ്ഞതയ്ക്കും അവിവേകത്തിനും വരും തലമുറയോട് എണ്ണയെണ്ണി മറുപടി പറയേണ്ടിവരുമെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞു. 

ഭയം മരണമാണെന്നും ഭീരുക്കളായി ജീവിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഡബ്ല്യുസിസി പറഞ്ഞു. സമാനഹൃദയരായ സ്ത്രീ സിനിമാ പ്രവര്‍ത്തകരെ സംഘടനയിലേക്ക് ക്ഷണിക്കുന്നതായും പോസ്റ്റില്‍ പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com