'എന്നെ ഇന്നസെന്റിനോട് താരതമ്യം ചെയ്താല്‍ അത് എന്റെ പരാജയം' ; സിനിമാതാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st December 2017 05:47 PM |
Last Updated: 21st December 2017 05:47 PM | A+A A- |

നടന്‍ ഇന്നസെന്റിന്റെ പകര്‍പ്പായി തന്നെയാരെങ്കിലും താരതമ്യപ്പെടുത്തിയാല്‍ അത് ഒരു അഭിനേതാവ് എന്ന നിലയിലുള്ള പരാജയമായാണ് കാണുന്നതെന്ന് സിനിമാതാരം അജു വര്‍ഗ്ഗീസ്. അജുവിന് ചിലര്‍ നല്‍കുന്ന മലയാള സിനിമയിലെ ജൂനിയര്‍ ഇന്നസെന്റ് എന്ന വിശേഷണത്തെകുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോഴാണ് അജു ഇത്തരത്തില്‍ മറുപടി പറഞ്ഞത്. ഇന്നസെന്റ ഒരു ലെജന്‍ഡ് ആണെന്നും വ്യത്യസ്തമായ അദ്ദേഹത്തിന്റെ സംസാര രീതിയും ആംഗ്യങ്ങളുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും അജു പറഞ്ഞു.
കരിയറിന്റെ തുടക്കസമയത്ത് ഇന്നസെന്റിന്റെ അഭിനയം തന്നെ സ്വാധീനിച്ചിരുന്നു എന്നാണ് കരുതുന്നതെന്നും എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും അജു പറയുന്നു. തന്റെ അഭിനയത്തില്‍ ഇന്നസെന്റിനെ അനുകരിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ അത് മറികടക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അജു കൂട്ടിച്ചേര്‍ക്കുന്നു.
2017ല്‍ 19സിനിമകളിലോളം വ്യത്യസ്ത വേഷങ്ങളില്‍ എത്തിയ അജു താന്‍ അടുത്ത വര്‍ഷം ശ്രദ്ധിക്കുക ധ്യാന്‍ സംവിധാനം ചെയ്യുന്ന ലൗവ് ആക്ഷന്‍ ഡ്രാമയായിരിക്കുമെന്ന് പറയുന്നു. അജു നിര്‍മാതാവാകുന്ന ഈ ചിത്രത്തില്‍ ചെറിയൊരു വേഷവും ചെയ്യുന്നുണ്ട്. മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ താത്പര്യമില്ലെന്നും ലൗവ് ആക്ഷന്‍ ഡ്രാമയിലേക്കാണ് പൂര്‍ണ്ണ ശ്രദ്ധയും നല്‍കുന്നതെന്നും അജു പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.