സല്‍മാന്‍ ഖാനും ശില്‍പ ഷെട്ടിയും ടിവി ഷോയിലൂടെ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd December 2017 01:46 PM |
Last Updated: 22nd December 2017 01:46 PM | A+A A- |
ടിവി ചാനലിലൂടെ ജാതീയ അധിക്ഷേപം നടത്തിയതിന് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ശില്‍പ ഷെട്ടിക്കുമെതിരേ കേസ്. പട്ടിക ജാതിയില്‍പ്പെട്ടവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ടിവി ഷോയില്‍ സംസാരിച്ചതായാണ് ഇരുവര്‍ക്കും എതിരായുള്ള ആരോപണം. ബോളിവുഡ് താരങ്ങള്‍ക്കെതിരേയുള്ള പരാതിയേക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ നിന്നും ഡല്‍ഹി, മുംബൈ പൊലീസ് കമ്മീഷണര്‍മാരില്‍ നിന്നും മറുപടി തേടിയിരിക്കുകയാണ് ദേശിയ പട്ടികജാതി കമ്മീഷന്‍.
പുതിയ സിനിമയായ ടൈഗര്‍ സിന്ദാ ഹെയുടെ പ്രചാരണത്തിനിടെ തന്റെ ഡാന്‍സ് ചെയ്യാനുള്ള കഴിവിനെ പരാമര്‍ശിക്കാനാണ് സല്‍മാന്‍ ഉപയോഗിച്ച വാക്കാണ് വിവാദമായിരിക്കുന്നത്. താന്‍ വീട്ടില്‍ ഇരിക്കുമ്പോഴുള്ള രൂപത്തെക്കുറിച്ച് വ്യക്തമാക്കാനാണ് ശില്‍പ ഷെട്ടി അപകീര്‍ത്തികരമായ വാക്ക് ഉപയോഗിച്ചത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമാണ് താരങ്ങള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
പരാതിയില്‍ ഇരുവര്‍ക്കുമെതിരേ എടുത്തിരിക്കുന്ന നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഡല്‍ഹി കമ്മീഷന്‍ ഫോര്‍ സഫാരി കരംചാരീസിന്റെ മുന്‍ ചെയര്‍മാന്റെ പരാതിയിലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ ബാംഗി എന്ന വാക്ക് ടിവി ഷോയില്‍ ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ലോകത്തെ വാല്‍മീകി സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്നാണ് ആരോപണം.