മായാനദി കാണില്ലെന്ന് മാത്രമല്ല കാണാന്‍ പോകുന്നവരെക്കൂടി പിന്തിരിപ്പിക്കും; റിമ കല്ലിങ്കലിനെതിരെ വീണ്ടും മമ്മൂട്ടി ഫാന്‍സിന്റെ സൈബര്‍ ആക്രമണം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 23rd December 2017 06:17 PM |
Last Updated: 23rd December 2017 06:17 PM | A+A A- |

ആഷിക് അബുവിന്റെ പുതിയ ചിത്രം മായാനദിയുടെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്ത നടിയും ആഷികിന്റെ ഭാര്യയുമായ റിമ കല്ലിങ്കലിന് ഫേസ്ബുക്കില്‍ മമ്മൂട്ടി ആരാധകരുടെ ആക്രമണം. കസബ വിവാദത്തില്‍ നടി പാര്‍വതിയെ പിന്തുണച്ച് ശക്തമായി രംഗത്ത് നിന്നവരില്‍ പ്രധാനിയായ റിമയുടെ വാളില്‍ മായാനദിയെ ഒരുതരത്തിലും വിജയിക്കാന്‍ അനുവദിക്കില്ല എന്ന രീതിയിലാണ് ആക്രമണം നടക്കുന്നത്.
അഹങ്കാരം മലയാളികളോടോ റീമേ!കാണില്ലാന്ന് മാത്രമല്ല...കാണാന്‍ പോകുന്നവരെക്കൂടി പിന്തിരിപ്പിക്കും...ഇത് നിങ്ങള്‍ നാല് ഫെമിനിച്ചികള്‍ കൂടി അങ്ങ് വിജയിപ്പിച്ചാട്ട്...പൊട്ടിച്ചിരിക്കും എന്ന് തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് വാളില്‍ നിറഞ്ഞിരിക്കുന്നത്. മായാനദിയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടുള്ള പോസ്റ്റിന് താഴെ മാസ്റ്റര്‍ പീസിന്റെ റിവ്യു എഴുതിവെച്ചാണ് ചില മമ്മൂട്ടി ആരാധകര്‍ പ്രതികരിക്കുന്നത്. ഭര്‍ത്താവിനോട് ജോലി ഉപേക്ഷിക്കാന്‍ പറയണമെന്ന് ഉപദേശിക്കുന്നവരും നിരവധി.
കസബ സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ പാര്‍വതി തുറന്നുപറച്ചില്‍ നടത്തിയ ഐഎഫ്എഫ്‌കെ വേദിയില്‍ റിമ ഉണ്ടായിരുന്നു എന്ന് പറഞ്ഞാണ് റിമക്കെതിരെ ഫാന്‍സിന്റെ ആദ്യ സൈബര്‍ ആക്രമണം നടന്നത്. പിന്നാലെ പാര്‍വതിയുടെ ഒഎംകെവി പോസ്റ്റ് ഷെയര്‍ ചെയ്തതിന് വീണ്ടും ആക്രമണം നടന്നിരുന്നു.
മാസ്റ്റര്‍ പീസിനൊപ്പം റിലീസായ മായാനദിക്ക് പ്രേക്ഷകരില്‍ നിന്ന് സലമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മാസ്റ്റര്‍ പീസ് വന്‍ വിജയമാക്കി തീര്‍ക്കാന്‍ ഫാന്‍സ് അസോസിയേഷനുകള്‍ ആളെക്കൂട്ടി തീയറ്ററുകളില്‍ കയറുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.