സൗദിയില്‍ ഒന്നാമതാകാന്‍ സ്‌റ്റൈല്‍ മന്നന്‍; സൗദിയില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ഇന്ത്യന്‍ ചിത്രമാകാനൊരുങ്ങി 2.0

അടുത്ത വര്‍ഷം മാര്‍ച്ച് മുതലാണ് സൗദിയില്‍ സിനിമ തീയെറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്
സൗദിയില്‍ ഒന്നാമതാകാന്‍ സ്‌റ്റൈല്‍ മന്നന്‍; സൗദിയില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ഇന്ത്യന്‍ ചിത്രമാകാനൊരുങ്ങി 2.0

സൗദി അറേബ്യയില്‍ പ്രദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന സ്ഥാനം നേടാനൊരുങ്ങി രജനീകാന്ത് ചിത്രം 2.0. അടുത്ത വര്‍ഷം മാര്‍ച്ച് മുതലാണ് സൗദിയില്‍ സിനിമ തീയെറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി വിജയത്തിന്റെ മാറ്റ് കൂട്ടാനുള്ള ശ്രമത്തിലാണ് 2.0 ത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 

ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സൗദിയിലെ ആദ്യ ഇന്ത്യന്‍ ചിത്രമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി അണിയറപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 1980 ലാണ് സൗദിയിലെ സിനിമ തീയെറ്ററുകള്‍ക്ക് അടച്ചുപൂട്ടാന്‍ ഗവണ്‍മെന്റ് തീരുമാനമെടുക്കുന്നത്. അതിന് ശേഷം ഒരു സിനിമ പോലും രാജ്യത്ത് റിലീസ് ചെയ്തിട്ടില്ല. പുതിയ കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാനിന്റെ നയങ്ങളുടെ ഭാഗമായാണ് രാജ്യത്ത് തീയറ്ററുകള്‍ക്ക് ജീവന്‍ വെക്കുന്നത്. 

നിരവധി പ്രവാസികളുള്ള സൗദിയെ വളക്കൂറുള്ള മണ്ണായാണ് 2.0 കാണുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളില്‍ തന്നെ സൗദിയിലും പ്രദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലൈക പ്രൊഡക്ഷന്‍സിന്റെ സിഒഒ രാജു മഹാലിങ്കം പറഞ്ഞു. ഇത് സിനിമയ്ക്ക് ശക്തിപകരുമെന്നാണ് അദ്ദേഹം വ്യക്തമാക്കി. 

രജനികാന്തിനൊപ്പം ബോളിവുഡ് സ്റ്റാര്‍ അക്ഷയ് കുമാറും ആമി ജാക്‌സണും പ്രധാന വേഷത്തിലെത്തുന്ന സിനിമയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 450 കോടി രൂപ മുടക്കി ലൈക പ്രൊഡക്ഷന്റെ ബാനറില്‍ എ. സുഭാഷ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com