പരന്നൊഴുകുന്ന പ്രണയപുഴ, ആഴമേറിയ മായാനദി

പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുകളിലൂടെ സ്വയമുരുകി പ്രണയ നദിയായി നമ്മളങ്ങിനെ തിളച്ച് മറിയും
പരന്നൊഴുകുന്ന പ്രണയപുഴ, ആഴമേറിയ മായാനദി

നമ്മളിങ്ങനെ ഒഴുകുകയാണ്,കിനാവുകളിലൂടെ, അതിലേറെ ജീവിത മോഹങ്ങളിലൂടെ, നാളെയുടെ പ്രതീക്ഷയിലൂടെ സ്വയം മറന്നുള്ള പ്രയാണം. ലക്ഷ്യം വരെയും തടസങ്ങളേതുമില്ലാതെ ഒഴുകിയെത്തണമെന്ന് കഠിനമായി ആഗ്രഹിക്കും.പക്ഷെ യാഥാര്‍ത്ഥ്യം ഒഴുക്കിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിച്ചുകൊണ്ടേയിരിക്കും. ഒഴുക്കിനെതിരെ ഒഴുകാന്‍ അസാധാരണമായ മനകരുത്തും ചെറുത്തും നില്‍പ്പും വേണം. അതിനുള്ള ഊര്‍ജ്ജമാണ് മനുഷ്യന് പ്രണയം. പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുകളിലൂടെ സ്വയമുരുകി പ്രണയ നദിയായി നമ്മളങ്ങിനെ തിളച്ച് മറിയും.

മായാനദി ലക്ഷ്യമില്ലാതെ പരന്നൊഴുകുന്ന ആഴമുള്ള പുഴയാണ്. കഠിനമായ വേദനകളെയും തഴുകി തഴുകി ആശ്വാസം പകരുന്ന നദി, ചിലപ്പോഴൊക്കെ തിളച്ച് മറിഞ്ഞ് പൊള്ളിക്കുന്ന നദി. അതിനേക്കാള്‍ സാന്ത്വനമായി ശരീരത്തിലൂടെ പടര്‍ന്നൊഴുകുന്ന പ്രണയനദി. 'മായാനദി' പേര് പോലെ നിര്‍വ്വചനങ്ങള്‍ക്ക് പിടികൊടുക്കാതെ ഒഴുകി കൊണ്ടേയികരിക്കുന്നു.

ആഷിഖ് അബു വിന്റെ അസാധാരണ കൈയ്യടക്കമുള്ള ചിത്രമാണ് മായാനദി. ഇതൊരു രാഷ്ട്രീയ ചിത്രമാണ്. മായ്ക്കാനാകാത്ത പ്രണയാനുഭവമാണ്. കപട സദാചാരങ്ങള്‍ക്കെതിരായ ആക്ഷേപമാണ്. അധികാരം കൊണ്ട് മുറിവേറ്റവരുടെ നിസഹായമായ നിലവിളിയാണ്. നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് തിയ്യറ്റര് വിട്ടറങ്ങിയിട്ടും നെഞ്ചിന്‍ കൂട് തകര്‍ത്ത ഒരു ബുള്ളറ്റ് പ്രാണനെ കൊത്തിവലിക്കുന്ന കഠിന വേദന യില്‍ നാം പിടയുന്നത്. അതി വൈകാരികതയില്ലാതെ അവതരിപ്പിച്ചിട്ടും എത്ര തീവ്രമായാണ് പ്രേക്ഷകനെ ചിത്രം അസ്വസ്ഥമാക്കുന്നത്.

പരസ്പര വിശ്വാസം (ട്രസ്റ്റ്) എന്ന പ്രണയത്തിന്റെ ഈ നടപ്പു ശീലത്തെ പ്രശ്‌നവത്കരിക്കുന്നതാണ് അപ്പു(അപര്‍ണ്ണ)വിന്റെയും മാത്തന്റെയും(മാത്യൂസ്) പ്രണയം. പല കൈവഴികളുണ്ടങ്കിലും ഈ പ്രണയ പ്രവാഹമാണ് മായാനദി യുടെ ഒഴുക്കിന്റെ ഗതി യെ നിശ്ചയിക്കുന്നത്. അപ്പുവിലൂടെയാണ് മാത്തന്‍ പൂര്‍ണമാകുന്നതും നാം അറിയുന്നതും. തന്റെ ഭൂതകാല ദുരന്തത്തെ കുറിച്ചോ അനാഥമായ ബാല്യത്തെ കുറിച്ചോ മാത്തന്‍ ഒരിടത്തും പറയുന്നില്ല. ബിരിയാണിയില്‍ വിഷം ചേര്‍ത്ത് ഭാര്യക്കും മക്കള്‍ക്കും വിളമ്പി ആത്മഹത്യ ചെയ്ത അച്ഛന്റെ മകനാണ്.

ആ കൂട്ട കൊലപാതകത്തില്‍ നിന്ന് അനാഥത്വത്തിലേക്ക് രക്ഷപെട്ട (?) മാത്തനെ ഹൃദയോത്തോട് ചേര്‍ത്തതും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും അപ്പുവാണ്. ഈ ബാല്യ പശ്ചാത്തലമാകാം ഒരു ഡ്യൂട്ടി പെയ്ഡ് ഷോറൂമിന്റെ ആര്‍ഭാടത്തില്‍ ജീവിക്കുമ്പോഴും അയ്യാളുടെ മുഖത്ത് വിഷാദം മുഖ്യ ഭാവമാകുന്നത്. സ്വാശ്രയ വിദ്യാഭ്യാസ കാലത്ത്  അഡ്മിഷന്‍ തരപ്പെടുത്തുന്ന ഏജന്റ് എന്ന മിക്ക വിദ്യാര്‍ത്ഥികളുടെയും കുറുക്ക് വഴി തന്നെ യാണ് മാത്തന്റെയും മാര്‍ഗ്ഗം. ഗള്‍ഫാണ് അയ്യാളുടെ സ്വപ്‌നലോകം.അവിടെ അപ്പുവുമൊത്തുള്ള ജീവിതമാണ് അഭിലാഷം.കള്ളപണ കടത്ത് സംഘത്തില്‍ ചേരുന്നതും പണമുണ്ടാക്കാനുള്ള കുറുക്ക് വഴികള്‍ തേടുന്നതും ഈ ആഗ്രഹ സഫലീകരണത്തിനാണ്.പക്ഷെ അയ്യാള്‍ കൂട്ടകൊലപാതകത്തിന്റെ സാക്ഷിയാണ് സ്വയരക്ഷക്കായുള്ള ഓട്ടത്തിനിടെ കൊലപാതകി ആകേണ്ടി വന്നവനാണ്.അപ്രതീക്ഷിതമായി കൈവന്ന പണം സ്വപ്‌നങ്ങളിലേക്കുള്ള കരുതലാകുമ്പോഴും ഈ നടുക്കം മാത്തനിലൂണ്ട്. 

സ്വന്തം ആഗ്രഹങ്ങളെ അടിച്ചമര്‍ത്തി കാമുകന്റെ നിഴലായി ഭാവശുദ്ധിക്ക് കൈയ്യടി നേടുന്ന വാര്‍പ്പ് കാമുകി യല്ല അപര്‍ണ. പ്രാരാബ്ദങ്ങള്‍ക്കിടയിലും തന്റെ ലക്ഷ്യത്തെ മുറുകെ പിടിച്ച കരുത്തുണ്ടവള്‍ക്ക്.അതുകൊണ്ട് തന്നെ ചിത്രം മുന്നോട്ടുകൊണ്ടുപോകുന്നത് അപ്പുവെന്ന അപര്‍ണയാണ്. പരസ്പര വിശ്വാസം (ട്രസ്റ്റ്) നഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് പ്രണയം എന്ന തന്റെടമുണ്ട് അപര്‍ണക്ക്. വിലപിച്ച് കാലം കഴിക്കാന്‍ മാത്രം കാരണങ്ങളും നിരാശയുമുണ്ടായിട്ടും അവള്‍ നിത്യ കണ്ണീരില്‍ അഭയം തേടുന്നില്ല.

വിശ്രമമില്ലാതെ ജീവിക്കുകയാണ്. അടക്കവും ഒതുക്കവുമുള്ളവളാകണം എന്ന ഉപദേശത്തില്‍ ഒരു കെണിയുണ്ട് ചിറകുകളരിഞ്ഞാല്‍ പിന്നെ പറക്കാന്‍ പറ്റില്ല എന്ന റാണി പത്മിനി യിലെ പെണ്‍ കരുത്തിന്റെ തുടര്‍ച്ച തന്നെയാണ് മായാനദിയിലെ അപര്‍ണ്ണ. ശരീരം/പവിത്രത എന്നീ പാരമ്പര്യങ്ങളെ എത്ര നിസാരമായാണ് കൂസലില്ലാതെ മറികടക്കുന്നത്. ''സെക്‌സ് ഒന്നിന്റെയും പ്രോമിസല്ല' എന്ന അസാധാരണ കരുത്തില്‍ മാത്തന്‍ മാത്രമല്ല പാരമ്പര്യ പുരുഷ കൗശലങ്ങളെല്ലാം ചൂളി പോകുന്നുണ്ട്.

കാമുകനെ പിന്‍വാതിലിലൂടെ യാത്രയാക്കി അമ്മ ക്ക് വാതില്‍ തുറന്നുകൊടുത്ത്  ഞാനൊന്നുമറിഞ്ഞില്ലേ എന്ന് ആണയിടുന്ന  പതിവ് മലയാള സിനിമാ സാഹിത്യ കാമുകിയല്ല അപ്പു.അവനെ മുന്നില്‍ നിര്‍ത്തി തന്നെയാണ് ചോദ്യങ്ങളെ നേരിടുന്നത്. അതുകൊണ്ടാണ് പ്രോസ്റ്റിറ്റിയൂട്ട് എന്ന ആക്ഷേപത്തില്‍ അവള്‍ കലി തുള്ളുന്നതും. ചുംബനം പ്രണയ ത്തിന്റെ ഏറ്റവും മനോഹരമായ അനുഭവമാണ്. പക്ഷെ സദാചാര മലയാളി ബലാത്സംഘം പൊറുക്കും ആസ്വദിക്കും ഏറ്റവും പ്രണയത്തോടെ ചുണ്ടുകള്‍ തമ്മില്‍ ചേരുന്നത് പൊറുക്കില്ല.ഈ കാപട്യത്തെ തോല്‍പ്പിക്കുന്നുണ്ട് അപ്പുവിന്റെയും മാത്തന്റെയും പ്രണയം.

സദാചാര മാര്‍ഗ്ഗ രേഖ എത്ര നേര്‍ത്തതാണന്നും അബന്ധത്തില്‍ കാല് വഴുക്കുന്നതുപോലും പുതുതലമുറ ആങ്ങളമാരെ പ്രകോപിപ്പിക്കുന്നതും എത്രമാത്രം അപഹാസ്യ മാണന്ന് സമീറ യുടെ ജീവിതം വ്യക്തമാക്കുന്നുണ്ട്. സമീറ യുടെ മുഖത്താണ് ആങ്ങളയുടെ കൈ ആഞ്ഞ് പതിച്ചതെങ്കിലും ആ ഒരറ്റ സീനില്‍ കവിളില്‍ കൈവെച്ച് പോയത് സദാചാര കാപട്യം പേറുന്ന പുതു ആങ്ങളമാര്‍ തന്നെയാണ്.സിനിമാ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ച്  ആങ്ങളയോടപ്പം പോകേണ്ടി വരുന്ന സമീറയുടെ നല്ല നടി യാകാനുള്ള ടിപ്‌സ് എത്ര വിദക്തമായാണ് ആഷിഖ് അബു കൊള്ളേണ്ടിടത്ത് കൊള്ളിക്കുന്നത്. മാത്യൂസ് ആയി ടൊവീനോ തോമസും അപ്പു എന്ന അപര്‍ണ്ണയായി ഐശ്വര്യ ലക്ഷ്മിയും അസാധരണമാം വിധം ജീവിച്ചു.

ജയേഷ് മോഹന്റെ ക്യാമറ കാന്‍വാസിനെ ജീവസ്സുറ്റതാക്കി.റെക്‌സ് വിജയന്റെ സംഗീതവും മായാ നദിയെ കൂടുതല്‍ പ്രണയാതുരമാക്കി. ശ്യാംപുഷ്‌കരും,ദിലീഷ്‌നായരും ചേര്‍ന്നൊരുക്കുന്ന തിരക്കഥ എന്ന പ്രേക്ഷക പ്രതീക്ഷയോട് ഇരുവരും നീതി പുലര്‍ത്തി. മലയാള സിനിമ മുടിഞ്ഞ് പോകട്ടെ എന്ന് ചിത്രത്തിലൊരിടത്ത് പ്രതിഷേധിക്കുന്നുണ്ടങ്കിലും,മായാനദി തന്നെ മറുപടിയാക്കുകയാണ് സംവിധായകന്‍.

പ്രിയ ആഷിഖ് അബു താങ്കളെ പോലെ രാഷ്ട്രീയമുള്ള കലാകാരന്‍മാരുടെ സാന്നിദ്ധ്യമുള്ളടത്തോളം അത്ര പെട്ടന്നൊന്നും മുടിഞ്ഞ് പോകില്ല മലയാള സിനിമ എന്ന് വീണ്ടും ബോധ്യപെടുത്തിയതിന് നന്ദി..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com