പദ്മാവതിക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കിയ പ്രസൂണ്‍ ജോഷിയെ സിബിഎഫ്‌സി തലപ്പത്ത് നിന്ന് മാറ്റണമെന്ന് മേവാര്‍ രാജകുടുംബാംഗം

ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കരുതെന്നും ചിത്രം വെളിച്ചം കാണിക്കരുതെന്നും പ്രത്യേക സമിതിയില്‍ അരവിന്ദ് ആവശ്യപ്പെട്ടിരുന്നു
പദ്മാവതിക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കിയ പ്രസൂണ്‍ ജോഷിയെ സിബിഎഫ്‌സി തലപ്പത്ത് നിന്ന് മാറ്റണമെന്ന് മേവാര്‍ രാജകുടുംബാംഗം

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവതിക്ക് നിബന്ധനകളോടെ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന് പിന്നാലെ സിബിഎഫ്‌സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയെ സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് മേവാര്‍ രാജകുടുംബാംഗം. സിനിമയ്ക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കാനായി രൂപീകരിച്ച പ്രത്യേക സമിതിയിലെ അംഗമായ അരവിന്ദ് സിങാണ് പ്രസൂണിനെ മാറ്റം എന്നാവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരിക്കുന്നത്. 

ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കരുതെന്നും ചിത്രം വെളിച്ചം കാണിക്കരുതെന്നും പ്രത്യേക സമിതിയില്‍ അരവിന്ദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പേര് മാറ്റുന്നതുള്‍പ്പെടെ അഞ്ച് മാറ്റങ്ങളോടെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. 

ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കരുതായിരുന്നുവെന്നും രണ്ട് മണിക്കൂര്‍ 41 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ രജപുത്ര വിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ കെല്‍പ്പുള്ള വിവാദമായേക്കാവുന്ന രംഗങ്ങള്‍ ഉണ്ടെന്നും അരവിന്ദ് സിങ് പറയുന്നു. 

ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന് എതിരെ രംഗത്ത് വരുന്ന രണ്ടാമത്തെ രാജകുടുംബാംഗമാണ് അരവിന്ദ്. ചിത്രത്തിന്റെ പേര് മാറ്റിയതുകൊണ്ട് യഥാര്‍ത്ഥ സ്ഥലങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ മാറില്ല എന്നാരോപിച്ച് രാജകുടുംബാംഗം വിശ്വരാജ് സിങ് നേരത്തെ രംഗത്തെത്തിയിരുന്നു. 

ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമാകുന്ന പദ്മാവതിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന് എതിരെ തീവ്ര രജപുത്ര സംഘടന കര്‍ണിസേനയും രംഗത്തെത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും അടിച്ചു തകര്‍ക്കും എന്നാണ് കര്‍ണിസേനയുടെ ഭീഷണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com