ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റില്ല

ആവിഷ്‌കാര സ്വാതന്ത്രത്തിന് കത്തിവെക്കുന്ന സെന്‍സര്‍ ബോര്‍ഡ്
ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റില്ല

യാഥാസ്ഥിതികത ഒട്ടും മാറാത്ത ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് തങ്ങള്‍ ആ വഴിയില്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും അവസാനമായി അലംകൃത ശ്രീവാസ്തവയുടെ സ്ത്രീപക്ഷ ദൃശ്യാവിഷ്‌കാരമായ അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചാണ് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. 

ഒരു ചെറിയ നഗരത്തിലുള്ള നാല് സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട കഥയാണ് ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയിലുള്ളത്. എന്നാല്‍ ഇതൊന്നുമല്ല സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കാരണമായി സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചൂണ്ടിക്കാണിക്കുന്നത്. സിനിമ സ്ത്രീകള്‍ക്കനുസിരിച്ച് ക്രമപ്പെടുത്തിയതും, ജീവിതത്തിന് പുറത്തുള്ള അവരുടെ മനോരാജ്യമാണ് സിനിമയെന്നും കാണിച്ചാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നതെന്നാണ് സിനിമയുടെ സംവിധായക അലംകൃത ശ്രീവാസ്തവയ്ക്കും നിര്‍മാതാവുമായ പ്രകാശ് ജായ്ക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി.

സിനിമയില്‍ വിവാദപൂര്‍ണമായ ലൈംഗിക ദൃശ്യങ്ങളും അസഭ്യമായ വാക്കുകളും അശ്ലീല ഓഡിയോകളും സമൂഹത്തിന്റെ ചില ഭാഗങ്ങളെ ബാധിക്കുന്നതുമായ കാര്യങ്ങള്‍ സിനിമയിലുണ്ടെന്നും കാണിച്ചാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ പഹ്ലാജ് നിഹലാനി തയാറായില്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് ഐക്യകണ്ഡേന എടുത്ത തീരുമാനമാണെന്നാണ് വ്യക്തമാക്കിയത്. 

അഭിപ്രായ സ്വാതന്ത്രത്തിനുള്ള കൂച്ചുവിലങ്ങാണ് സെന്‍സര്‍ബോര്‍ഡ് ഇടുന്നതെന്നാണ് നിര്‍മാതാവ് പ്രകാശ് ജാ ഇതുമായി ബന്ധപ്പെട്ട് മുംബൈ മിറര്‍ പത്രത്തോട് പ്രതികരിച്ചത്. സുഖകരമല്ലാത്ത കഥകള്‍ പറയുന്ന സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിലൂടെ ഇത്തരം സിനിമികള്‍ നിര്‍മിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

പാട്രിയാര്‍ക്കി വ്യവസ്ഥയ്‌ക്കെതിരേയുള്ള ശക്തമായ സ്ത്രീപക്ഷ ശബ്ദമായതിനാലാണ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നതെന്നും നിര്‍മാതാവ് ആരോപിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പുന പരിശോധന കമ്മിറ്റിയുടെ ഔദ്യോഗിക കത്തിന് കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അതിന് ശേഷം ഫിലിം സര്‍ട്ടിഫിക്കേറ്റ് അപ്പലെറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് സിനിമ പുറത്തിറക്കാന്‍ ശ്രമിക്കും. 


രത്‌ന പഥക് ഷാ, കങ്കണ സെന്‍, അഹാന കുംറ, പ്ലബിത ബോര്‍ഥാക്കൂര്‍ എന്നിവരാണ് സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഏറ്റവും മികച്ച ലംഗസമത്വ സിനിമയ്ക്ക് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ടോക്യോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്പരിറ്റ് ഓഫ് ഏഷ്യ അവാര്‍ഡും ലഭിച്ച സിനിമയാണിത്.

സെന്‍സര്‍ബോര്‍ നിലപാടിനെതിരേ നിരവധി സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡയയിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com