ദിലീപ് ഹിറ്റുകളുടെ ജൂലായ് 4; ഈ ജൂലായ് നാലിന് ദിലീപിനെ കാത്തുനില്‍ക്കുന്നത്?

ദിലീപിന്റെ ഭാഗ്യദിനം ജൂലായ് നാലാണെന്ന് താരവും സിനിമാ അണിയറക്കാരും വിശ്വസിച്ചിരുന്നു
ദിലീപ് ഹിറ്റുകളുടെ ജൂലായ് 4; ഈ ജൂലായ് നാലിന് ദിലീപിനെ കാത്തുനില്‍ക്കുന്നത്?

കൊച്ചി: ദിലീപിന് ജൂലായ് നാല് എന്നാല്‍ ഒരു കാലംവരെ ഭാഗ്യദിനമായിരുന്നു. പക്ഷെ, ഇത്തവണ ജൂലായ് നാല് ദിലീപിനെ ചതിക്കുമോ എന്നാണ് സിനിമാപ്രവര്‍ത്തകരുടെ ചോദ്യവും സംശയവും. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജൂലായ് നാല് വില്ലനായിത്തീരുമോ എന്ന ആശങ്ക.


പൊതുവെ ജ്യോതിഷത്തിലും ഭാഗ്യദൗര്‍ഭാഗ്യനിര്‍ണ്ണയവും നടമാടുന്ന വിഭാഗമാണ് സിനിമയും സിനിമാക്കാരും. ഒരു സ്ഥലത്തുവെച്ച് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായാല്‍ ആ ലൊക്കേഷന്‍ ഭാഗ്യലൊക്കേഷനായി മാറും. റിലീസ് ചെയ്ത തീയതിയ്ക്കും ഈ ഭാഗ്യനിര്‍ഭാഗ്യപട്ടം കൊടുക്കാറുണ്ട്. ദിലീപ് അഭിനയിച്ച ചിത്രങ്ങളില്‍ ഹിറ്റായ ചിത്രങ്ങളില്‍ മൂന്നെണ്ണം ജൂലായ് നാലിനാണ് റിലീസായത് എന്നതുകൊണ്ട് ദിലീപിന്റെ ഭാഗ്യദിനം ജൂലായ് നാലാണെന്ന് താരവും സിനിമാ അണിയറക്കാരും വിശ്വസിച്ചിരുന്നു.

സിഐഡി മൂസ, ഈ പറക്കുംതളിക, മീശമാധവന്‍ എന്നീ ചിത്രങ്ങള്‍ പല വര്‍ഷങ്ങളിലായി ജൂലായ് നാലിന് റിലീസ് ചെയ്തതാണ്. ഇതു മൂന്നും ഹിറ്റായതോടെയാണ് ദിലീപ് ഭാഗ്യദിനം ജൂലായ് നാലായി മാറിയത്.


ഭാഗ്യദിനത്തിന്റെ പേരില്‍ ഒരു സിനിമയിറക്കി ജൂലായ് നാലിനുതന്നെ റിലീസ് ചെയ്ത ദിലീപ് ചിത്രം ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞുപോയി. ജോഷിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രം പലതവണ പേരുമാറ്റിയാണ് ഭാഗ്യദിനമായ ജൂലായ് നാല് എന്ന പേരിലേക്കെത്തിയത്. അന്ന് അത് നിര്‍ഭാഗ്യദിനമായി കുറിക്കപ്പെട്ടെങ്കിലും പിന്നീടും ജൂലായ് നാലിനെ പ്രതീക്ഷയോടെ കാത്തിരുന്നു.

പുതുതായി പുറത്തിറങ്ങുന്ന രാമലീല എന്ന ചിത്രം ജൂലായ് നാലിന് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച എന്ന നിലയില്‍ ജൂലായ് ഏഴിന് റിലീസ് ചെയ്യാമെന്ന് പിന്നീട് ധാരണയായി. വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും റിലീസ് മാറ്റിയിരിക്കുകയാണ്.


ഇത്തവണത്തെ ജൂലായ് നാല് നാളെയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനുനേരെയുള്ള കുരുക്കുകള്‍ മുറുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജൂലായ് 4 ദിലീപിന്റെ ദുര്‍ദിനമായി കുറിക്കപ്പെടുമോ എന്നാണ് സിനിമാപ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com