തമിഴ് പാട്ടുകള്‍ കൂടുതല്‍ പാടിയെന്ന ഹിന്ദിക്കാരുടെ പരാതി; മറുപടിയുമായിറഹ്മാന്‍

ലണ്ടനില്‍ നടന്ന സംഗീത നിശയില്‍ തമിഴ്ഗാനങ്ങള്‍ കൂടുതലായി ആലപിച്ചതില്‍ പ്രതിഷേധിച്ച് ആരാധകരില്‍ ചിലര്‍ പകുതി വെച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു
തമിഴ് പാട്ടുകള്‍ കൂടുതല്‍ പാടിയെന്ന ഹിന്ദിക്കാരുടെ പരാതി; മറുപടിയുമായിറഹ്മാന്‍

ലണ്ടനിലെ സംഗീത നിശയ്‌ക്കെതിരെ ഉയര്‍ന്ന ആരാധകരുടെ പ്രതികരണത്തിന് മറുപടിയുമായി സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍. തനിക്ക് കഴിയുന്നത് പോലെ ചെയ്തുവെന്നാണ് പതിവ് ശൈലിയില്‍ ആരാധകര്‍ക്കുള്ള റഹ്മാന്റെ മറുപടി. 

ഈ മാസം ആദ്യം ലണ്ടനില്‍ നടന്ന സംഗീത നിശയില്‍ തമിഴ്ഗാനങ്ങള്‍ കൂടുതലായി ആലപിച്ചതില്‍ പ്രതിഷേധിച്ച് ആരാധകരില്‍ ചിലര്‍ പകുതി വെച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഐഐഎഫ്എ അവാര്‍ഡ് പരിപാടിക്കായി ന്യൂയോര്‍ക്കിലാണ് റഹ്മാനിപ്പോള്‍. 

നെട്രു, ഇന്ദ്രു,നാലായ് എന്ന പേരില്‍ ജൂലൈ എട്ടിനായിരുന്നു സംഗീത പരിപാടി. ദില്‍ സേ മുതല്‍ ജയ് ഹോ വരെയുള്ള പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരുന്നു എങ്കിലും തമിഴ് പാട്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതാണ് ചിലരെ പ്രകോപിപ്പിച്ചത്. 

പരിപാടിയില്‍ നിന്നും പകുതി വെച്ച് തങ്ങള്‍ ഇറങ്ങിപ്പോയതായി ചിലര്‍ ട്വിറ്ററിലൂടെയും പ്രതികരിച്ചിരുന്നു. ഇത്രയും നാള്‍ ജനങ്ങള്‍ പിന്തുണച്ച വഴിയാണ് തനിക്ക് ഇഷ്ടം. അവരില്ലായിരുന്നു എങ്കില്‍ ഒന്നുമാകില്ലായിരുന്നുവെന്നും റഹ്മാന്‍ ആരാധകര്‍ക്കുള്ള മറുപടിയായി പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളിലായി ലണ്ടനിലെ റഹ്മാന്റെ സംഗീത നിശയെ ചൊല്ലി ചേരിതിരിഞ്ഞായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. റഹ്മാന്‍ തമിഴനാണെന്നും, അദ്ദേഹത്തിന്റെ ഹിറ്റുകളില്‍ ഭൂരിഭാഗവും തമിഴില്‍ ആണെന്നും പലരും ചൂണ്ടിക്കാട്ടിയെങ്കിലും ചിലരുടെ പ്രതിഷേധം അവസാനിക്കുന്നുണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com