രണ്ടാമൂഴം എന്ന പേര് തന്നെ ഇന്ത്യ മുഴുവന്‍ വേണം; മഹാഭാരതത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.ശശികല

മഹാഭാരതത്തെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചിരിക്കുന്ന കൃതിയാണ് രണ്ടാമൂഴം എന്ന വസ്തുക നരേന്ദ്ര മോദിയെ നിര്‍മാതാക്കള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടാകില്ലെന്നും ശശികല
രണ്ടാമൂഴം എന്ന പേര് തന്നെ ഇന്ത്യ മുഴുവന്‍ വേണം; മഹാഭാരതത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.ശശികല

കൊച്ചി: കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴത്തെ ഇതിവൃത്തമാക്കിയുള്ള സിനിമ പുറത്തിറക്കുന്നതിനെതിരെ നിയമനടപടി ഉള്‍പ്പെടെയുള്ള വഴികള്‍ സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന മഹാഭാരതം എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് കേരളത്തില്‍ രണ്ടാമൂഴം എന്ന പേര് നല്‍കുമെന്ന് നിര്‍മാതാക്കളുടെ നിലപാട് സ്വാഗതം ചെയ്യുന്നതായും ശശികല സമകാലിക മലയാളത്തോട് പറഞ്ഞു. 

എം.ടി.വാസുദേവന്‍ നായര്‍ തന്റെ മാനസ പുത്രന്മാരെ കേന്ദ്രീകരിച്ച് എഴുതിയിരിക്കുന്നതാണ് രണ്ടാമൂഴം എന്ന കൃതി. ഇതിന് വ്യാസന്റെ മഹാഭാരതത്തിന്റെ പേര് നല്‍കുന്നത് എങ്ങിനെ ശരിയാകും. കര്‍ണനെ കേന്ദ്ര കഥാപാത്രമാക്കി പി.കെ.ബാലകൃഷ്ണന്‍ രചിച്ച നോവല്‍ സിനിമയാക്കിയാല്‍ അതിനും മഹാഭാരതം എന്ന പേര് നല്‍കാന്‍ സാധിക്കുമോ എന്നും ശശികല ചോദിക്കുന്നു. 

രണ്ടാമൂഴം ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള കൃതിയാണെന്നും, മഹാഭാരതത്തെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചിരിക്കുന്നതാണെന്നുമുള്ള വസ്തുത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടാകില്ലെന്നും ശശികല പറയുന്നു.

കേരളത്തിലുള്ളവര്‍ വായിച്ചത് പോലെ ഒരിക്കലും കേരളത്തിന് പുറത്തുള്ളവര്‍ രണ്ടാമൂഴം വായിച്ചിട്ടുണ്ടാകാന്‍ ഇടയില്ല. അക്കാദമിക് തലത്തില്‍ മാത്രം നിന്നായിരുന്നിരിക്കും അവരുടെ വായന. അതുകൊണ്ടാണ് രണ്ടാമൂഴത്തിന് മഹാഭാരതം എന്ന പേര് നല്‍കുന്നതിനെ കേരളത്തിന് പുറത്തുള്ളവര്‍ എതിര്‍ക്കാത്തത്. 

രണ്ടാമൂഴം ഒരു മികച്ച കൃതിയാണ്. എന്നാല്‍ കൃതികള്‍ സിനിമയാക്കുമ്പോള്‍ കൃതിയുടെ പേര് തന്നെയാണ് നല്‍കേണ്ടത്. ചരിത്രത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമായ മഹാഭാരതത്തെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്ന ഒരു കൃതിയെ അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്ക് മഹാഭാരതം എന്ന പേര് നല്‍കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശശികല വ്യക്തമാക്കുന്നു. 

ഈ സിനിമയെ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പും ഇല്ല. രാജ്യത്തിന്റെ അഭിമാനമാകേണ്ട സിനിമയാണ് ഇത്. എന്നാല്‍ പേര് രണ്ടാമൂഴം എന്ന് മാറ്റിക്കൊണ്ട് വേണം ഇതെല്ലാം എന്നും ശശികല പറയുന്നു.

ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന സിനിമ പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് മഹാഭാരതം എന്ന പേരായിരുന്നു എല്ലായിടത്തം നിശ്ചയിച്ചിരുന്നതെങ്കിലും, ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com