കോലുമിട്ടായിയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല; വികാരധീനനായി ഗൗരവ് മേനോന്‍

കോലുമിട്ടായി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് ആരോപണങ്ങള്‍. 
കോലുമിട്ടായിയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല; വികാരധീനനായി ഗൗരവ് മേനോന്‍

കൊച്ചി: അഭിനയിച്ചതിന് പ്രതിഫലം നല്‍കാതെ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ബാലതാരം ഗൗരവ് മേനോന്‍. കോലുമിട്ടായി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് ആരോപണങ്ങള്‍. 

സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ പിന്നീട് പണം നല്‍കാതെ പറ്റിക്കുകയായിരുന്നെന്നും ഗൗരവ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ വികാരാധീനനായാണ് താരം കാര്യങ്ങള്‍ വിവരിച്ചത്. തന്റെ ഈ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നുള്ള കരുതല്‍ കൊണ്ടാണ് ഇതേപ്പറ്റി തുറന്നു പറയുന്നതെന്നും ഗൗരവ് കൂട്ടിച്ചേര്‍ത്തു.

ഇതുകൂടാതെ ചിത്രത്തിന് സാറ്റലൈറ്റ് റേറ്റ് നേടാന്‍ വേണ്ടിയുള്ള ഒരു ചാനല്‍ പരിപാടിക്കെന്ന് പറഞ്ഞ് മറ്റൊരു പ്രചരണ പരിപാടിയില്‍ പങ്കെടുപ്പിച്ചെന്നും ഗൗരവ് ആരോപിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ തനിക്കെതിരെ ഇവര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഗൗരവ് മേനോന്‍ പറഞ്ഞു.

നിലവില്‍ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും ഇനി ഉറപ്പുള്ള ചിത്രങ്ങള്‍ മാത്രമേ ചെയ്യൂവെന്നും ഗൗരവ് പറഞ്ഞു. ഏറ്റെടുത്ത ചിത്രങ്ങള്‍ തന്നെ ഒഴിവാക്കുകയായിരുന്നെന്നും ഗൗരവ് വ്യക്തമാക്കി.

എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വം ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് പറയുന്നത്. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തത്. ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നു. കോലുമിട്ടായിയില്‍ അഭിനയിച്ച ആരും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അരുണ്‍ പറഞ്ഞു. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയാണ് സംവിധായകന്‍ അരുണ്‍.

തവണകളായി 30000 രൂപയോളം ഗൗരവ് കൈപ്പറ്റിയതായും ഇത് ഐജി ഓഫിസില്‍ ഗൗരവിന്റെ അമ്മ സമ്മതിച്ചതായും അരുണ്‍ പറഞ്ഞു. കൂടാതെ ചിത്രത്തിന് ലാഭം കിട്ടിയിട്ടില്ലെന്നും ഒരു വര്‍ഷത്തോളം ലീവെടുത്ത് സിനിമയെടുത്ത താന്‍ തന്നെ കടക്കെണിയിലാണെന്നും അരുണ്‍ വിശ്വം വ്യക്തമാക്കി.

നിഷ്‌കളങ്കരായ കുട്ടികളുടെ സ്‌കൂള്‍ ജീവിത പശ്ചാത്തലത്തില്‍ അവരുടെ മനസ്സും അവരുടെതായ ജീവിതവും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് കോലുമിട്ടായി. ഗൗരവ് മേനോനെ കൂടാതെ അമര്‍ അക്ബര്‍ അന്തോണി ഫെയിം ബേബി മീനാക്ഷി, പുതുമുഖം നൈഫ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com