ലോകസിനിമയില്‍ത്തന്നെ നമ്പര്‍ വണ്‍ നമ്മുടെ ബാലചന്ദ്രമേനോന്‍

സംവിധാനം, തിരക്കഥാരചന, അഭിനയം ഈ മൂന്നും ഒരുമിച്ച് ചെയ്ത 29 ചിത്രങ്ങള്‍
ലോകസിനിമയില്‍ത്തന്നെ നമ്പര്‍ വണ്‍ നമ്മുടെ ബാലചന്ദ്രമേനോന്‍

കൊച്ചി: സ്വന്തം സിനിമയുടെ സംവിധാനം മുതല്‍ പോസ്റ്ററൊട്ടിക്കുന്നതുവരെയുള്ള ജോലികള്‍ ചെയ്താല്‍ അല്‍പം കളിയായിത്തന്നെ അയാളെ വിളിക്കുന്നത് ബാലചന്ദ്രമേനോന്‍ എന്നാണ്. എന്നാല്‍ ഇനി കളിയായി വിളിക്കേണ്ട, വളരെ സീരിയസായിത്തന്നെ വിളിച്ചോളൂ; ലോകസിനിമയില്‍ത്തന്നെ അഭിമാനനേട്ടവുമായാണ് ബാലചന്ദ്രമേനോന്‍ നില്‍ക്കുന്നത്.
സംവിധാനം, തിരക്കഥാരചന, അഭിനയം ഈ മൂന്നും ഒരുമിച്ച് ചെയ്ത 29 ചിത്രങ്ങള്‍ എന്ന നേട്ടത്തോടെയാണ് ബാലചന്ദ്രമേനോന്‍ ലോകസിനിമയിലെ നമ്പര്‍ വണ്ണായത്. ലോകറെക്കോഡില്‍ ബാലചന്ദ്രമേനോന് താഴെ നില്‍ക്കുന്നത് അമേരിക്കക്കാരനായ വുഡ്ഡി അലനാണ്. അദ്ദേഹം സംവിധാനം, അഭിനയം തിരക്കഥാരചന ഇ മൂന്നും ചെയ്തത് 26 ചിത്രങ്ങള്‍ക്കാണ്. ബാലചന്ദ്രമേനോനും വുഡ്ഡി അലനും ഇപ്പോഴും സിനിമാരംഗത്തുതന്നെയുണ്ട് എന്നത് ഇരുവരുടെയും റെക്കോഡിനെ ഇനിയും പുതുക്കിയേക്കാം എന്ന പ്രതീക്ഷ വച്ചുകൊണ്ടാണ് ലോകസിനിമയില്‍ നിലവില്‍ ബാലചന്ദ്രമേനോന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ബാലചന്ദ്രമേനോന്‍ അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം 63 ആണ്. എന്നാല്‍ വുഡ്ഡി അലന്‍ 45 ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. 36 ചിത്രങ്ങള്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്തപ്പോള്‍ 51 ചിത്രങ്ങള്‍ വുഡ്ഡി അലന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ 36 ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയപ്പോള്‍ വുഡ്ഡി അലന്‍ 61 തിരക്കഥകളാണ് എഴുതിയിട്ടുള്ളത്.
ഈ അപൂര്‍വ്വനേട്ടത്തെക്കുറിച്ച് ബാലചന്ദ്രമേനോന്‍ ഇങ്ങനെ കുറിക്കുന്നു:

''എന്നെ സംബന്ധിച്ചു മറക്കാനാവാത്ത ഒരു നിമിഷം തന്നെയായിരുന്നു ജൂണ്‍ 5 എനിക്ക് സമ്മാനിച്ചത് . ആ സായാഹ്നത്തിലെ കുറച്ചു പ്രസക്ത നിമിഷങ്ങള്‍ എന്റെ പ്രിയപ്പെട്ട ഫേസ് ബുക്ക് മിത്രങ്ങള്‍ക്കായി ഇവിടെ സമ്മാനിക്കുന്നു ...
വര്‍ഷങ്ങള്‍ക്കു മുന്‍പ് , മെഡിക്കല്‍ കോളേജ് പ്രവേശനവും പിന്നീട് ഒരു നാഷണല്‍ പത്രത്തില്‍ കിട്ടിയ എല്ലാ രീതിയിലും ആകര്‍ഷണീയമായ ഡല്‍ഹി കേന്ദ്രമാക്കിയുള്ള ജോലിയും പരിത്യജിച്ചു നാനാ സിനിമാ വാരികയുടെ മാസം 250 രൂപ വേതനത്തില്‍ അന്നത്തെ കാലത്തു സിനിമയുടെ ഈറ്റില്ലമായ കോടമ്പാക്കത്തേക്കു ചേക്കേറിയപ്പോള്‍ ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും ഒരുപാട് വേദനിപ്പിച്ചുട്ടുണ്ട്. സിനിമയില്‍ പത്രക്കാരനായി മദിരാശിക്ക് പോയി എന്നറിഞ്ഞപ്പോള്‍ എന്റെ ജാതകം പരസ്യമായും രഹസ്യമായും കീറിക്കളഞ്ഞ ഒട്ടേറെ ആള്‍ക്കാരുണ്ടായിരുന്നു. എന്റെ കൂടെ പഠിച്ച മറ്റു മിടുക്കന്മാര്‍ കോളേജ് അധ്യാപകരും കഅട പരിശീലകരുമായപ്പോള്‍ കോടമ്പാക്കത്തു പത്രപ്രവര്‍ത്തകനായി അലയുന്ന മകനെ ഓര്‍ത്ത് അച്ഛന്‍ ഒരുപാട് വേദനിച്ചുവെങ്കിലും 'അച്ഛന്റെ റയില്‍വെയെ ' ആധാരമാക്കി ഞാന്‍ എടുത്ത സമാന്തരങ്ങള്‍ ദേശീയ അംഗീകാരം അവര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ നേടാന്‍ കഴിഞ്ഞതു പുണ്യമായി എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെയാവണം 'സമാന്തരങ്ങള്‍ ' പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ അതിന്റെ അവതാരികയില്‍ 'എന്റെ മകന്‍ കഠിനാദ്ധ്വാനിയും പരിശ്രമിയുമായതുകൊണ്ടു ഞാന്‍ അവന്റെ ഭാവിയെപ്പറ്റി ആകുലപ്പെട്ടതേയില്ല ' എന്ന അച്ഛന്റെ വാക്കുകള്‍ എനിക്ക് കിട്ടിയ വലിയ സമാധാനമായി ഭവിച്ചത് .
ഇന്ന് ലോക സിനിമയില്‍ ഒന്നാമനാകാന്‍ കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടുപേരും ഈ ഭൂമിയില്‍ ഇല്ലാതെ പോയത് മാത്രമാണ് എന്റെ ദുഃഖം. എന്നാല്‍ എന്റെ ഭാര്യയും മക്കളും അതിനു സാക്ഷികളായല്ലോ എന്ന് കരുതി ഞാന്‍ സമാധാനിക്കുന്നു ...സാന്തോഷിക്കുന്നു
ഒന്ന് കൂടി ; ഞാന്‍ , എന്നെ ഞാനാക്കിയ നിങ്ങളുടെ മുന്നില്‍ തല കുനിക്കുന്നു....''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com