ദിലീപ് ജനപ്രിയനായത് കഠിനാധ്വാനം കൊണ്ട്; അസൂയ വേണ്ടെന്നും ടോമിച്ചന്‍ മുളകുപാടം; ദിലീപിന് പിന്തുണ

സിനിമാമേഖലയിലുള്ളവര്‍ തന്നെയാണ് ദിലീപിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന നിഗമനത്തിലാണ് ടോമിച്ചന്‍
ദിലീപ് ജനപ്രിയനായത് കഠിനാധ്വാനം കൊണ്ട്; അസൂയ വേണ്ടെന്നും ടോമിച്ചന്‍ മുളകുപാടം; ദിലീപിന് പിന്തുണ

കൊച്ചി: ദിലീപിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കുക; ദിലീപ് ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷക പിന്തുണയും കൊണ്ടാണ് എന്ന് ഓര്‍മ്മിപ്പിച്ച് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. സിനിമാമേഖലയിലുള്ളവര്‍ തന്നെയാണ് ദിലീപിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന നിഗമനത്തിലാണ് ടോമിച്ചന്‍ മുളകുപാടം. ദിലീപ് അഭിനയിക്കുന്ന രാമലീലയുടെ നിര്‍മ്മാതാവുകൂടിയാണ് ടോമിച്ചന്‍ മുളകുപാടം.
രാമലീലയെ തകര്‍ക്കാനുള്ള  ശ്രമംകൂടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ടോമിച്ചന്‍ മുളകുപാടം പറയുന്നു.
ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

വളരെയേറെ വേദനയോടെയാണ് ഇതെഴുതുന്നത്. വളരെയേറെ നാളുകളായി പരിചയമുള്ള ദിലീപ് എന്ന നടനെതിരെയും ഞങ്ങൾ ഒരുമിക്കുന്ന രാമലീല എന്ന ചിത്രത്തിനെതിരെയും നടക്കുന്ന പ്രവർത്തനങ്ങൾ വേദനാജനകമാണ്. രാമലീലയുടെ റിലീസ്‌ ഡേറ്റ്‌ പ്രഖ്യാപിച്ചതിനുശേഷമാണ്‌ കുതന്ത്രങ്ങൾ മെനയുന്നവർ വീണ്ടും സജീവമായതെന്നതിനാൽ ഒന്നുറപ്പിക്കാം,അവരുടെ ലക്ഷ്യം ദിലീപ്‌ മാത്രമല്ല രാമലീലയും കൂടിയാണെന്ന് വ്യക്തം. നൂറുക്കണക്കിന് ആളുകളുടെ സ്വപ്നവും പ്രയത്നങ്ങളും രാമലീല എന്ന ചിത്രമായി തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാനടക്കമുള്ളവർ. നല്ലൊരു മുതൽമുടക്കിൽ അരുൺ ഗോപിയെന്ന നവാഗത സംവിധായകന്റെ കൂടി ഒരു സ്വപ്നമാണിത്. എഴുപതിലധികം ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി രാമലീലക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും വേദനയുളവാക്കുന്ന ഒരു കാര്യമാണ് ചിത്രത്തെ തകർക്കാൻ ചിലർ നടത്തുന്ന നാണംകെട്ട പ്രവൃത്തികൾ. അതിലേറെ വേദനയേകുന്ന ഒന്നാണ് ദിലീപ് എന്ന നടനെതിരെ നടക്കുന്ന ഗൂഢാലോചനകൾ. നുണപരിശോധനക്കോ മറ്റെന്ത് ടെസ്റ്റിനോ വേണമെങ്കിലും തയ്യാറായ ആ നടനെ തകർക്കാൻ ശ്രമിക്കുന്ന ഓരോരുത്തനും ഒന്നോർക്കുക. അദ്ദേഹം ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷകപിന്തുണയും കൊണ്ടാണ്. അതിനിയും തുടരുക തന്നെ ചെയ്യും. പ്രേക്ഷകരായ നിങ്ങളുടെ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com