അങ്കമാലി അംഗമാകാന്‍ കൊതിപ്പിക്കും അങ്കമാലി ഡയറീസ്

കട്ട ലോക്കല്‍ പടം എന്നതാണ് ടാഗ്‌ലൈന്‍
അങ്കമാലി അംഗമാകാന്‍ കൊതിപ്പിക്കും അങ്കമാലി ഡയറീസ്

കൊച്ചി: ''ഓരോ നാടിനും ഓരോ കഥയിണ്ടാവും, ഓരോ ജ്യാതി കഥാപാത്രവുണ്ടാവും. മ്മ്‌ടെ തൃശൂര് പോലെ അങ്കമാലിക്കീം കഥയുടെ കാര്യത്തില്‍ ഒരു ചിരപുരാതന പാരമ്പര്യൊക്കെയിണ്ട്. പക്ഷെ, ഇതൊരു വല്ലാത്ത സംഭവായിപ്പോയി. ഇങ്ങനെ വേണം സിനിമയെടുക്കാന്‍'' - അങ്കമാലി ഡയറീസ് കണ്ടിറങ്ങിയ ഒരു തൃശൂര്‍ പ്രേക്ഷകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ വിളിച്ച് അഭിനന്ദിച്ചതാണ്.
''അതിപ്പോ ഒരു കഥയൊത്തുവന്നു. അതാ ചെയ്തു. അത്രെന്നെ'' ലിജോ ജോസ് പെല്ലിശ്ശേരിയുടെ സ്വതസിദ്ധമായ മറുപടി.
അങ്കമാലി ഡയറീസ് കണ്ടിറങ്ങിയ ഒരാളുടെ കമന്റ്: ''അങ്കമാലി ഡയറീസ് കണ്ടിറങ്ങിയപ്പോത്തൊട്ട് അങ്കമാലിക്കാരനാണെന്ന് പറയാന്‍ തോന്നുവാ.''
ഇക്കാര്യം ലിജോ ജോസ് പെല്ലിശ്ശേരിയോട് പറഞ്ഞപ്പോള്‍ ലിജോ ജോസ് അങ്കമാലി ഡയറിയുടെ കെട്ടഴിച്ചു.
''അങ്കമാലി ഡയറീസിന്റെ കഥ ചെമ്പന്‍ വിനോദ് പറഞ്ഞപ്പോള്‍, ഹായ് കൊള്ളാല്ലോ അങ്കമാലി എന്നായിരുന്നു ആദ്യം മനസ്സില്‍ വന്നത്.''
ചെമ്പന്‍ വിനോദ് കഥ പറയുന്നത് ഏതാണ്ട് സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദിന്റെ കള്ളന്‍ കഥാപാത്രം ഫാദറായി വേഷമിട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത് കുമ്പസാരം നടത്തുന്നതുപോലെത്തന്നെയാണ്.
''അതായത് അച്ചോ, ഈ ടഡാഷ് പിള്ളേരുണ്ടല്ലോ....''
''കൊള്ളാല്ലോ നെന്റെ പിള്ളേര്.... ങാ... എന്നിട്ട്?''
ചെമ്പന്‍ വിനോദ് കഥയങ്ങ് പൊലിപ്പിച്ചു. കഥ കേട്ടപ്പോള്‍ ലിജോ ജോസിനും ഇഷ്ടപ്പെട്ടു.
ഇങ്ങനെ കഥ പറഞ്ഞപ്പോള്‍ കഥയ്‌ക്കൊരു പേരുണ്ടായിരുന്നില്ല. അങ്കമാലി കഥകള്‍ ഇങ്ങനെ പല മട്ടിലുള്ള പേരുകളുടെ ആലോചനയിലായി.
''ഡയറിക്കുറിപ്പുകള്‍ പോലെ കുഞ്ഞുകുഞ്ഞു സംഭവങ്ങളാണ് ഇതിലെ കഥ. അങ്ങനെയാണ് അങ്കമാലി ഡയറീസ് എന്ന പേരിടാന്‍ തീരുമാനിച്ചത്.'' - ലിജോ ജോസ് പെല്ലിശ്ശേരി.

ലിജോ ജോസ് പെല്ലിശ്ശേരി ലൊക്കേഷനില്‍ ഒരു ആടിനൊപ്പം(ഫെയ്‌സ്ബുക്കില്‍നിന്ന്)
അങ്ങനെ കഥയായി പിന്നെ അഭിനേതാക്കളെക്കുറിച്ചായി ആലോചന. അങ്കമാലി സ്ലാംഗില്‍ സംസാരിക്കാന്‍ പറ്റുന്ന ആളുകളെ വച്ച് എടുക്കണം. എന്നാപ്പിന്നെ അങ്കമാലിക്കാരെത്തന്നെ പിടിക്കാം. ആ ആലോചന ചെന്നെത്തിയത് എല്ലാം പുതുമുഖങ്ങള്‍ എന്നതിലേക്കായിരുന്നു. അങ്ങനെ ഒരു ഓഡിഷന്‍ വച്ചു. ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍ സ്ലാംഗ് സംസാരിക്കുന്നവര്‍ക്ക് മുന്‍ഗണന എന്നതായിരുന്നു ഓഡിഷനു മുമ്പ് മനസ്സിലുണ്ടായിരുന്നത്.
''അതൊക്കെ ഓഡിഷനില്‍ത്തന്നെ ചില വിരുതന്മാര്‍ പൊളിച്ചുതന്നു. കഥാപാത്രത്തിന് യോജിച്ചതാണെന്ന് തോന്നുന്ന അന്യസ്ലാംഗുകാരെയും ഉള്‍പ്പെടുത്തേണ്ടിവന്നു.''
ഒരു സംഭാഷണങ്ങളെങ്കിലുമുള്ള 86 പുതുമുഖങ്ങളെയാണ് അങ്കമാലി ഡയറീസിലൂടെ ലിജോജോസ് പെല്ലിശ്ശേരി വെള്ളിത്തിരയിലേക്ക് എത്തിച്ചത്.
''എല്ലാവരും ഗംഭീരം ആര്‍ട്ടിസ്റ്റുകളായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് പരിചയമുള്ളവരൊക്കെയുണ്ട്. എന്നാല്‍ മുന്നില്‍ ആദ്യായിട്ട്. അവരോട് ഒരു കാര്യം ഞാനുറപ്പിച്ച് പറഞ്ഞിരുന്നു. അഭിനയം വേണ്ട. ഇപ്പോ ഈ കഥാപാത്രം നിങ്ങളാണ്.''
ലിജോ ജോസിന്റെ ആ നിര്‍ദ്ദേശം ശരിക്കങ്ങ് ഏറ്റു. ആദ്യമായിട്ട് ക്യാമറയ്ക്ക് മുന്നില്‍ വരുന്നവരാണെന്ന് തോന്നിയതേയില്ല. മാത്രമല്ല അവരൊക്കെ കഥാപാത്രങ്ങളല്ല, ജീവിക്കുകയായിരുന്നു എന്നുതോന്നുന്നതായിരുന്നു പ്രകടനം.
ലിജോ ജോസ് ആമേനില്‍ കാണിച്ചത് മാജിക്കല്‍ റിയലിസമായിരുന്നുവെങ്കില്‍ അങ്കമാലി ഡയറീസ് അതിനെയൊന്ന് പിരിച്ചുവച്ചു. കൈയ്യടക്കത്തിന്റെ മാജിക്ക് കഥ പറച്ചിലിലും റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ അവതരണത്തിലും സംവിധായകന്‍ വരുത്തി.
അങ്ങനെ മറ്റൊരു ഹിറ്റ് ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കി. ആമേനെ കടത്തിവെട്ടുമോ? എന്ന ചോദ്യത്തിന് ലിജോയുടെ മറുപടി: ''ഒരു വര വച്ചിട്ടല്ലല്ലോ സിനിമയെടുക്കുന്നത്. ആമേന്‍ ഒരു വരയിട്ടു. അതിനെ മറികടക്കണമെന്നൊന്നും വിചാരിച്ചിട്ടല്ല; പ്രേക്ഷകര്‍ സ്വീകരിക്കണം എന്നു മാത്രം വിചാരിച്ചാണ്. ഇത് പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നറിയുന്നതില്‍ സന്തോഷം.''
അടുത്ത പ്രൊജക്ടിനെക്കുറിച്ച് എന്നത് എന്നും അവസാനമായി സ്ഥിരം ചോദിക്കുന്ന ചോദ്യമാണെന്ന ക്ലീഷേയെ ലിജോ ജോസ് പെല്ലിശ്ശേരി ഉത്തരത്തിലൂടെ മറികടന്നു. ''അടുത്ത പടത്തിനെക്കുറിച്ച് ഒന്നും തീരുമാനമായിട്ടില്ല, കഥകളൊക്കെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com